സ്വർണത്തിന്റെ രാജ്യാന്തര വിപണിക്ക് ‘ക്രിസ്മസ്’ ആലസ്യം; കേരളത്തിലും മാറാതെ വില
Mail This Article
രാജ്യാന്തര സ്വർണാഭരണ വിപണി ക്രിസ്മസ് അവധിയുടെ ആലസ്യത്തിലേക്ക് വീണതോടെ കേരളത്തിലും ഇന്ന് വില മാറ്റമില്ല. രാജ്യാന്തരവില ഔൺസിന് 2,620-2,625 ഡോളർ നിലവാരത്തിൽ തുടരുകയാണ്. കേരളത്തിൽ ഗ്രാമിന് 7,100 രൂപയിലും പവന് 56,800 രൂപയിലും വില മാറ്റമില്ലാതെ നിൽക്കുന്നു.
18 കാരറ്റ് സ്വർണവില ഗ്രാമിന് 5,865 രൂപയിലും വെള്ളിവില ഗ്രാമിന് 95 രൂപയിലും തുടരുന്നു. ഇസ്രയേൽ-ഗാസ, യുക്രെയ്ൻ-റഷ്യ സംഘർഷങ്ങൾക്ക് അയവില്ലാത്തതും യുഎസിൽ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ ഡോളറിന്റെ മൂല്യക്കുതിപ്പിന് വളമാകുമെന്നതും പുതുവർഷത്തിൽ സ്വർണവിലയെ പുതിയ കുതിപ്പിലേക്ക് നയിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ഡോളറിലാണ് രാജ്യാന്തര സ്വർണ വ്യാപരം നടക്കുന്നത്. സ്വർണം വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് അതിനാൽ തന്ന ഡോളറിന്റെ കുതിപ്പ് തിരിച്ചടിയാകും. ഇറക്കുമതിച്ചെലവ് വർധിക്കുന്നത് ആഭ്യന്തര സ്വർണവില കൂടാനും വഴിയൊരുക്കിയേക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business