ADVERTISEMENT

ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് പകരത്തിനുപകരം തീരുവ (Reciprocal Tariff) ഏർപ്പെടുത്തിയതോടെ, സ്വർണവില കത്തിക്കയറി പുതിയ റെക്കോർഡിൽ. കഴിഞ്ഞദിവസം കുറിച്ച ഔൺസിന് 3,149 ഡോളർ എന്ന റെക്കോർഡ് പഴങ്കഥയാക്കി രാജ്യാന്തരവില 3,166.99 ഡോളർ വരെയെത്തി. പിന്നീട് 3,120 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നെങ്കിലും നിലവിൽ വ്യാപാരം ചെയ്യുന്നത് 3,148 ഡോളറിൽ.

gold-bars

രാജ്യാന്തരവിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വില മുന്നേറി പുതിയ ഉയരം കുറിച്ചു. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഗ്രാമിന് 50 രൂപ ഉയർന്ന് 8,560 രൂപയും പവന് 400 രൂപ വർധിച്ച് 68,480 രൂപയുമായി. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 8,510 രൂപയും പവന് 68,080 രൂപയും എന്ന റെക്കോർഡ് മറക്കാം. 

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 40 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 7,060 രൂപയായി. അതേസമയം, വെള്ളിവില ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 110 രൂപയിലെത്തി.എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയും 22 കാരറ്റ് സ്വർണം പവന് 68,480 രൂപയും ഗ്രാമിന് 8,560 രൂപയുമാണ് നൽകിയിരിക്കുന്നത്. വെള്ളിക്ക് 110 രൂപ.

gold jewellery
gold jewellery

എന്നാൽ, 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഉയർന്ന് 7,030 രൂപയായി. ഡോളറിനെതിരെ മറ്റ് ഏഷ്യൻ കറൻസികളുടെ ചുവടുപിടിച്ച് രൂപ ഇന്ന് 26 പൈസ ഇടിഞ്ഞ് 85.78ൽ ആണ് വ്യാപാരം ആരംഭിച്ചത്. രൂപയുടെ തളർച്ചയും ഇന്ത്യയിൽ സ്വർണവില വർധനയുടെ ആക്കംകൂട്ടി. ഡോളർ ഉയരുന്നത് ഇറക്കുമതിച്ചെലവ് കൂടാനിടയാക്കുമെന്നതാണ് കാരണം.

സുരക്ഷിത പൊന്ന്, വാങ്ങിക്കൂട്ടാൻ തിരക്ക്

ട്രംപ് തുറന്നുവിട്ട ‘താരിഫ്ഭൂതം’ ലോകമാകെ ആശങ്കവിതയ്ക്കുന്ന പശ്ചാത്തലത്തിൽ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ‘സുരക്ഷിത നിക്ഷേപം’ എന്നോണം നിക്ഷേപമൊഴുകുന്നതാണ് സ്വർണവില കൂടാൻ മുഖ്യകാരണം. ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ യുഎസ് ഓഹരികൾ (ഫ്യൂചേഴ്സ്) കനത്ത നഷ്ടം നേരിട്ടു. യുഎസ് ഡോളറും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡ്) ഇടിഞ്ഞു. ഏഷ്യൻ ഓഹരി വിപണികളും കനത്ത നഷ്ടത്തിലാണുള്ളത്.

gold-rate-hike - 1

ഇന്ത്യയിൽ സെൻസെക്സ് വ്യാപാരത്തുടക്കത്തിൽ തന്നെ 300 പോയിന്റിലധികവും (-0.43%) നിഫ്റ്റി 100 പോയിന്റിലധികവും (-0.44%) ഇടിഞ്ഞു. നഷ്ടം നിജപ്പെടുത്തി തുടങ്ങിയെന്നത് പ്രതീക്ഷ നൽകുന്നുണ്ട്. യുഎസിൽ ഡൗ ഫ്യൂചേഴ്സ് 1.90%, എസ് ആൻഡ് പി ഫ്യൂചേഴ്സ് 2.64%, നാസ്ഡാക് ഫ്യൂചേഴ്സ് 3.22% എന്നിങ്ങനെയാണ് നിലംപൊത്തിയത്.

ഏതാനും മാസങ്ങൾക്ക് മുമ്പുവരെ യൂറോ, യെൻ തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരെ 105 നിലവാരത്തിലായിരുന്ന യുഎസ് ഡോളർ ഇൻഡക്സ് 103.07ലേക്ക് ഇടിഞ്ഞു. 4.5 ശതമാനം നിലവാരത്തിൽ നിന്ന് 4.06 ശതമാനത്തിലേക്ക് യുഎസിന്റെ 10-വർഷ ട്രഷറി യീൽഡും വീണു.

gold

ഇതെല്ലാം ഗോൾഡ് ഇടിഎഫിലേക്ക് ചുവടുമാറ്റാൻ നിക്ഷേപകരെ പ്രേരിപ്പിക്കുകയാണ്. യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും 10%, എല്ലാ വാഹന ഇറക്കുമതിക്കും 25% എന്നിങ്ങനെ തീരുവ ഏർപ്പെടുത്തിയതിനു പുറമെയാണ് ഇന്നു പ്രാബല്യത്തിൽ വരുംവിധം ലോക രാജ്യങ്ങൾക്കെല്ലാംമേൽ ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനമാണ് പുതിയ തീരുവ.

ട്രംപിന്റെ ഈ നടപടി ലോക സമ്പദ്‍വ്യവസ്ഥയുടെ താളംതെറ്റിക്കുകയും വ്യാപാര, നയതന്ത്രബന്ധങ്ങൾ വഷളാവുകയും ചെയ്യുമെന്നതാണ് ഓഹരി, കടപ്പത്ര വിപണികളെ വീഴ്ത്തുന്നത്. പുറമെ, അമേരിക്കയിൽ പണപ്പെരുപ്പം കത്തിക്കയറാൻ വഴിയൊരുക്കുമെന്നതും വിതയ്ക്കുന്നത് കനത്ത ആശങ്ക.

പണിക്കൂലിയും ജിഎസ്ടിയും ചേർന്നാൽ

68,480 രൂപയാണ് ഇന്നു കേരളത്തിൽ ഒരു പവനുവില. 69,000 എന്ന ‘മാന്ത്രികസംഖ്യ’യിലേക്ക് 520 രൂപയുടെ മാത്രം ദൂരം. അതേസമയം, സ്വർണാഭരണം വാങ്ങാനുള്ള മിനിമം തുക പോലും നിലവിൽ 74,000 രൂപയ്ക്ക് (പവൻ വില) മുകളിലാണ്. 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ സ്വർണാഭരണ വിലയാകൂ.

മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പോലും ഇന്നൊരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 74,116 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,265 രൂപയും. അതേസമയം, പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ചില ജ്വല്ലറികളിൽ ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20 ശതമാനത്തിനും മുകളിലാകാം.

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold rate hits record high, silver falls.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com