4 മാസം: ഇന്ത്യയുടെ വിദേശനാണയ ശേഖരം ഇടിഞ്ഞത് 6,000 കോടി ഡോളർ; തിരിച്ചടിയായി രൂപയുടെ വീഴ്ച
Mail This Article
ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം ഡിസംബർ 20ന് സമാപിച്ച ആഴ്ചയിൽ 847.8 കോടി ഡോളർ താഴ്ന്ന് 64,439.1 കോടി ഡോളർ ആയെന്ന് റിസർവ് ബാങ്ക്. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 198.8 കോടി ഡോളറിന്റെ ഇടിവും നേരിട്ടിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ശേഖരം തുടർച്ചയായി കുറയുകയാണ്.
ഡോളറിന്റെ അപ്രമാദിത്തം മൂലം രൂപ നേരിടുന്ന മൂല്യത്തകർച്ചയുടെ ആഘാതം കുറയ്ക്കാൻ വിദേശനാണയ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റൊഴിയുന്നതാണ് കാരണം. ഇക്കഴിഞ്ഞ സെപ്റ്റംബർ അവസാന ആഴ്ചയിൽ ശേഖരം 70,488.5 കോടി ഡോളർ എന്ന സർവകാല റെക്കോർഡ് ഉയരം കുറിച്ചിരുന്നു. തുടർന്ന് ഇതുവരെ നേരിട്ട നഷ്ടം 6,049 കോടി ഡോളർ.
സ്വർണപ്പെട്ടിയിലും ചോർച്ച
ഡിസംബർ 20ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണയ ആസ്തി (ഫോറിൻ കറൻസി അസറ്റ്) 601.4 കോടി ഡോളർ ഇടിഞ്ഞ് 55,656.2 കോടി ഡോളർ ആയതാണ് വിദേശനാണയ ശേഖരം കുറയാൻ മുഖ്യകാരണമായത്.
ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശനാണയ ശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയും സ്വർണവുമുണ്ട്. ഇവയുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും വിദേശനാണയ ശേഖരത്തെ സ്വാധീനിക്കും. കരുതൽ സ്വർണശേഖരം ഡിസംബർ 20ന് അവസാനിച്ചവാരം 233 കോടി ഡോളർ കുറഞ്ഞ് 6,572.6 കോടി ഡോളറായി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business