ഓഹരിക്ക് ആദ്യം ‘മെറ്റൽ ഷോക്ക്’; പിന്നെ കരകയറ്റം, 1000 പോയിന്റ് ഇടിഞ്ഞ സെൻസെക്സ് പച്ചപ്പിലായി, ചാഞ്ചാട്ടക്കാരണങ്ങൾ ഇങ്ങനെ
Mail This Article
നേട്ടത്തോടെയാണ് ഇന്ന് സെൻസെക്സും നിഫ്റ്റിയും വ്യാപാരം തുടങ്ങിയത്. പൊടുന്നനേയായിരുന്നു വീഴ്ചയും. എന്നാൽ, വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോഴേക്കും ഇരു സൂചികകളും നഷ്ടം നികത്തി വീണ്ടും പച്ചപ്പിലായി. എന്തായിരുന്നു ഇന്നത്തെ ആദ്യ സെഷനിലെ വൻ വീഴ്ചയ്ക്കു വഴിതെളിച്ചത്?
24,498ൽ നേട്ടത്തോടെ ഇന്നത്തെ വ്യാപാരത്തിന് തുടക്കമിട്ട നിഫ്റ്റി 24,520 വരെ ഉയർന്നിരുന്നു. പിന്നാലെ വിൽപനസമ്മർദ്ദം ആഞ്ഞുവീശിയതോടെ 24,180ലേക്ക് ഇടിഞ്ഞു. ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കവേ സൂചിക 24,556ലേക്ക് കയറിയിട്ടുണ്ട്. സെൻസെക്സും 81,212ൽ തുടങ്ങി 81,224 വരെ എത്തിയശേഷമായിരുന്നു ആയിരം പോയിന്റോളം താഴ്ന്ന് 80,082ലേക്ക് കൂപ്പുകുത്തിയത്. ഇപ്പോൾ നഷ്ടം ഒഴിവാക്കി 81,330 നിലവാരത്തിലേക്ക് തിരികെ കയറി. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം അഥവാ നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ മൊത്തം മൂല്യം ഒരുവേള 6.5 ലക്ഷം കോടി രൂപ കൊഴിഞ്ഞ് 451 ലക്ഷം കോടി രൂപയ്ക്കടുത്തെത്തിയെങ്കിലും ഇപ്പോൾ 454 ലക്ഷം കോടി രൂപയായി മെച്ചപ്പെട്ടു.
കിതച്ചവരും പിടിച്ചുനിന്നവരും
വിശാല വിപണിയിൽ ഉച്ചവരെയുള്ള സെഷനിൽ എല്ലാ ഓഹരി വിഭാഗങ്ങളും ഇന്ന് ചുവന്നു. നിഫ്റ്റി റിയൽറ്റി 2.42%, നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 2.30%, നിഫ്റ്റി മെറ്റൽ സൂചിക 2.16% എന്നിങ്ങനെ ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലായിരുന്നു. ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ, ധനകാര്യസേവനം, സ്വകാര്യബാങ്ക് സൂചികകളും ഒരു ശതമാനത്തിലധികം താഴെപ്പോയി. നിഫ്റ്റി ബാങ്ക് 1.17 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി50ൽ ഭാരതി എയർടെൽ ആണ് 1.64% ഇടിഞ്ഞ് നേട്ടത്തിൽ മുന്നിൽ. അപ്പോളോ ഹോസ്പിറ്റൽ, അദാനി എന്റർപ്രൈസസ്, നെസ്‍ലെ ഇന്ത്യ എന്നിവ പച്ചപ്പിൽ പിടിച്ചുനിന്നെങ്കിലും നേട്ടം നാമമാത്രം. 3.68% ഇടിഞ്ഞ് ശ്രീറാം ഫിനാൻസ് നഷ്ടത്തിൽ ഒന്നാമതായി. ഭവന വായ്പാ വിഭാഗമായ ശ്രീറാം ഹൗസിങ് ഫിനാൻസിനെ കമ്പനി 3,929 കോടി രൂപയ്ക്ക് കഴിഞ്ഞദിവസം പൂർണമായി വിറ്റൊഴിഞ്ഞിരുന്നു. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിൻഡാൽകോ എന്നിവ 2.2-2.81% ഇടിഞ്ഞു.
ബിഎസ്ഇയിലും ഭാരതി എയർടെൽ, എച്ച്‍യുഎൽ, നെസ്‍ലെ ഇന്ത്യ, പവർഗ്രിഡ്, അദാനി പോർട്സ് എന്നിവയാണ് നേട്ടത്തിൽ മുൻനിരയിൽ. ടാറ്റാ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ആക്സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റാ മോട്ടോഴ്സ് എന്നിവ നഷ്ടത്തിലും മുന്നിലാണ്. ഈ വമ്പന്മാരുടെ വീഴ്ചയാണ് സെൻസെക്സിനെ ഇന്ന് വലച്ചതും.
റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റുമായി റിലയൻസ് 10വർഷത്തെ ക്രൂഡ് ഓയിൽ വാങ്ങൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. പക്ഷേ, ഓഹരി ഇന്ന് താഴേക്കാണ് നീങ്ങിയത്. സൊമാറ്റോ ഓഹരികളും ഇന്ന് സമ്മർദത്തിലായി. 800 കോടി രൂപയുടെ ജിഎസ്ടി നോട്ടിസ് കിട്ടിയത് ഓഹരികളെ നഷ്ടത്തിലാക്കി. ജനുവരി ഒന്നുമുതൽ വാഹനവില 2% വരെ കൂട്ടാനുള്ള നീക്കത്തെ തുടർന്ന് കഴിഞ്ഞ 3 ദിവസമായി ടാറ്റാ മോട്ടോഴ്സ് ഓഹരി തളർച്ചയിലാണ്.
ചൈനീസ് പ്രതിസന്ധിയും ഡോളറിന്റെ കുതിപ്പും
ഇന്ത്യൻ ഓഹരി വിപണികളെ ഇന്ന് നഷ്ടത്തിലേക്ക് വീഴ്ത്തിയത് ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള നിരവധി വെല്ലുവിളികളാണ്. ഒന്ന്, ചൈനയിലെ പ്രതിസന്ധിയാണ്. ആഭ്യന്തര സമ്പദ്‍വ്യവസ്ഥയ്ക്ക് ഉണർവേകാനും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തമാസം അധികാരത്തിലേറുമ്പോൾ മുതൽ ചൈനീസ് ഉൽപന്നങ്ങൾക്കുമേൽ ചാർത്തിയേക്കാവുന്ന കനത്ത ഇറക്കുമതിച്ചുങ്കം മൂലമുള്ള ആഘാതം കുറയ്ക്കാനും ഉത്തേജക പായ്ക്കേജ് പ്രഖ്യാപിക്കുമെന്ന് ചൈനീസ് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് വ്യക്തതയില്ലാത്തത് മെറ്റൽ ഓഹരികൾക്ക് തിരിച്ചടിയായി.
ലോകത്തെ മെറ്റൽ ഉപഭോഗത്തിൽ ഏതാണ്ട് മുഖ്യപങ്കും വഹിക്കുന്നത് ചൈനയാണ്. യുഎസ് ഡോളറിന്റെ മൂല്യവും യുഎസ് കടപ്പത്ര യീൽഡും മുന്നേറിയതും ക്രൂഡ് ഓയിൽ വിലക്കയറ്റവും ഇന്ത്യൻ ഓഹരികൾക്കും സമ്മർദ്ദമായി. നിലവിലെ ഉൽപാദനം വെട്ടിക്കുറയ്ക്കൽ നയത്തിൽ നിന്നുള്ള പിന്മാറ്റം ഉടനെവേണ്ടെന്ന ഒപെക് പ്ലസിന്റെ നിലപാടാണ് എണ്ണവിലക്കയറ്റത്തിന് വഴിവച്ചത്. ജാപ്പനീസ് നിക്കേയ്, ചൈനയിലെ ഷാങ്ഹായ്, ഹോങ്കോങ്ങിന്റെ ഹാങ്സെങ് ഓഹരി വിപണികളുടെ വീഴ്ചയും ഇന്ത്യൻ സൂചികകളെ സ്വാധീനിച്ചു.
പുറമേ, ഇന്ത്യയിൽ കഴിഞ്ഞമാസം പണപ്പെരുപ്പം കുറഞ്ഞെങ്കിലും ഗ്രാമീണമേഖലകളിലെ പണപ്പെരുപ്പവും മൊത്തം ഭക്ഷ്യവിലപ്പെരുപ്പവും ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നതും പ്രതിസന്ധിയാണ്. മാത്രമല്ല, വിദേശനിക്ഷേപകർ വിറ്റൊഴിയൽ മനോഭാവം വിടാത്തതും വലയ്ക്കുന്നു. കഴിഞ്ഞ 2 ദിവസങ്ങളിലായി മാത്രം അവർ 4,500 കോടിയിൽപ്പരം രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു. ഓഹരി നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കുംവിധം, ഇന്ത്യൻ ഓഹരി വിപണിയുടെ ചാഞ്ചാട്ടസൂചികയായ ഇന്ത്യ വിക്സ് 7 ശതമാനത്തിലധികം ഉയർന്ന് 14.14 നിലവാരത്തിൽ എത്തിയിട്ടുണ്ട്. അതായത്, വരുംദിവസങ്ങളിലും വിൽപനസമ്മർദ്ദം ഉണ്ടായേക്കാമെന്ന് ഇതു സൂചിപ്പിക്കുന്നു.
കേരളത്തിന്റെ ഓഹരികൾ
കേരള ഓഹരികളും ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബിപിഎൽ 6 ശതമാനത്തിലധികവും പ്രൈമ ഇൻഡസ്ട്രീസ് 5 ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. സ്കൂബിഡേയും 5% ഉയർന്നു. അതേസമയം, സഫ സിസ്റ്റംസ് 10% താഴ്ന്നു. പ്രൈമ ഇൻഡസ്ട്രീസ്, ടോളിൻസ് ടയേഴ്സ്, ജിയോജിത് എന്നിവ 2-4% നഷ്ടത്തിലാണ്. കൊച്ചിൻ ഷിപ്പ്‍യാർഡ്, സിഎസ്ബി ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ബാങ്ക്, വി-ഗാർഡ്, കല്യാൺ ജ്വല്ലേഴ്സ്, ഫാക്ട്, മുത്തൂറ്റ് ഫിനാൻസ്, ആസ്റ്റർ, പോപ്പുലർ വെഹിക്കിൾസ് എന്നിവയും ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുംമുമ്പ് നഷ്ടത്തിലായിരുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)