യുഎസിന്റെ ‘നയം മാറ്റം’: ഇന്നും തകർന്ന് ഓഹരികൾ; നഷ്ടം 9 ലക്ഷം കോടി, നില മെച്ചപ്പെടുത്തി രൂപ, അദാനിക്കും ‘ചുവപ്പൻ’ ദിനം
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ഇന്നലെ സൂചിപ്പിച്ചതിന് പിന്നാലെയുള്ള വൻ വീഴ്ച ഇന്നും തുടർന്ന് സെൻസെക്സും നിഫ്റ്റിയും. അതേസമയം, രൂപ നില മെച്ചപ്പെടുത്തി.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ഇന്നലെ സൂചിപ്പിച്ചതിന് പിന്നാലെയുള്ള വൻ വീഴ്ച ഇന്നും തുടർന്ന് സെൻസെക്സും നിഫ്റ്റിയും. അതേസമയം, രൂപ നില മെച്ചപ്പെടുത്തി.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ഇന്നലെ സൂചിപ്പിച്ചതിന് പിന്നാലെയുള്ള വൻ വീഴ്ച ഇന്നും തുടർന്ന് സെൻസെക്സും നിഫ്റ്റിയും. അതേസമയം, രൂപ നില മെച്ചപ്പെടുത്തി.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ഇന്നലെ സൂചിപ്പിച്ചതിന് പിന്നാലെയുള്ള വൻ വീഴ്ച ഇന്നും തുടർന്ന് സെൻസെക്സും നിഫ്റ്റിയും. അതേസമയം, രൂപ നില മെച്ചപ്പെടുത്തി. 1,176 പോയിന്റ് (-1.49%) ഇടിഞ്ഞ് 78,041.59ലാണ് സെൻസെക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള സെൻസെക്സ് 77,587 വരെ ഇടിഞ്ഞിരുന്നു. 23,960ൽ തുടങ്ങി ഒരുവേള 24,065 വരെ ഉയർന്ന നിഫ്റ്റി പക്ഷേ, പിന്നീട് കൂപ്പുകുത്തുന്നതായിരുന്നു കാഴ്ച. 23,537 വരെ താഴ്ന്നെങ്കിലും വ്യാപാരാന്ത്യത്തിലുള്ളത് 364.20 പോയിന്റ് (-1.58%) നഷ്ടത്തോടെ 23,587.50ൽ.
നിഫ്റ്റി50ൽ ടെക് മഹീന്ദ്ര (-3.90%), ആക്സിസ് ബാങ്ക് (-3.51%), ഇൻഡസ്ഇൻഡ് ബാങ്ക് (-3.47%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (-3.24%), ട്രെന്റ് (-2.99%) എന്നിവ നഷ്ടത്തിന് നേതൃത്വം നൽകി. ഡോ.റെഡ്ഡീസ് ആണ് 1.49% ഉയർന്ന് നേട്ടത്തിൽ ഒന്നാമത്. ബ്രോക്കറേജുകളിൽ നിന്ന് മികച്ച റേറ്റിങ് കിട്ടിയതാണ് ഡോ.റെഡ്ഡീസിന് കരുത്തായത്. ജെഎസ്ഡബ്ല്യു സ്റ്റീൽ (+0.59%), ഐസിഐസിഐ ബാങ്ക് (+0.40%), നെസ്‍ലെ ഇന്ത്യ (+0.21%), എച്ച്ഡിഎഫ്സി ലൈഫ് (+0.03%) എന്നിവ മാത്രമാണ് നിഫ്റ്റി50ൽ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ.
വിശാല വിപണിയിൽ ഇന്ന് ഒറ്റ ഓഹരി വിഭാഗം പോലും പച്ചതൊട്ടില്ല. നിഫ്റ്റി റിയൽറ്റി 3.91 ശതമാനവും ഐടി 2.63 ശതമാനവും പൊതുമേഖലാ ബാങ്ക് 2.65 ശതമാനവും ഓട്ടോ 2.13 ശതമാനവും ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലെത്തി. ബാങ്ക് നിഫ്റ്റി 1.58% താഴ്ന്നു. ഓഹരി വിപണിയിലെ ‘ആശങ്കയുടെ ഭാരം’ വ്യക്തമാക്കുന്ന ഇന്ത്യ വിക്സ് സൂചിക 3.87% ഉയർന്ന് 15.07ൽ എത്തി. നിക്ഷേപകർക്കിടയിൽ സമ്മർദം ശക്തമാണെന്ന് ഇത് സൂചിപ്പിക്കുന്നു.
ഒറ്റദിവസം കൊഴിഞ്ഞത് 9 ലക്ഷം കോടി രൂപ
ഇന്ന് ഒറ്റദിവസം മാത്രം നിക്ഷേപക സമ്പത്തിലുണ്ടായ ഇടിവ് 8.77 ലക്ഷം കോടി രൂപ. 449.76 ലക്ഷം കോടി രൂപയിൽ നിന്ന് 440.99 ലക്ഷം കോടി രൂപയായാണ് ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം കുറഞ്ഞത്. ഇന്നലെയും ഇന്നുമായി 11.62 ലക്ഷം കോടി രൂപ പോയി. കഴിഞ്ഞ 4 ദിവസത്തെ വീഴ്ച 19.07 ലക്ഷം കോടി രൂപ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഒരാഴ്ചയിൽ ഇത്ര വലിയ നഷ്ടമുണ്ടായത് ആദ്യമാണ്.
സെൻസെക്സിൽ ഇന്ന് നെസ്‍ലെ ഇന്ത്യ (+0.12%), ടൈറ്റൻ (+0.07%) എന്നിവ മാത്രമേ നേട്ടത്തിൽ പിടിച്ചുനിന്നുള്ളൂ. ടെക് മഹീന്ദ്ര 3.97%, മഹീന്ദ്ര ആൻഡ് മഹീന്ദ്ര 3.60%, ഇൻഡസ്ഇൻഡ് ബാങ്ക് 3.53% എന്നിങ്ങനെ ഇടിഞ്ഞ് നഷ്ടയാത്രയ്ക്ക് മുന്നിൽ നിന്നു. ടിസിഎസ്, എസ്ബിഐ, റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നീ വമ്പന്മാർ 1-2.73% ഇടിഞ്ഞതും സെൻസെക്സിന്റെ വൻ വീഴ്ചയ്ക്ക് കളമൊരുക്കി. ബിഎസ്ഇയിൽ 4,085 ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യപ്പെട്ടതിൽ 958 എണ്ണമാണ് നേട്ടം രുചിച്ചത്. 3,044 കമ്പനികളുടെ ഓഹരികളും നഷ്ടത്തിലായി. 83 ഓഹരികളുടെ വില മാറിയില്ല.
വീഴ്ചയുടെ കാരണങ്ങൾ
1) 2025ൽ 4 തവണ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന് നേരത്തേ പറഞ്ഞ യുഎസ് ഫെഡറൽ റിസർവ് അത് 2 തവണയെന്നതിലേക്ക് വെട്ടിച്ചുരുക്കി. ഇതോടെ ഡോളറും ബോണ്ട് യീൽഡും ശക്തമായി. ആഗോളതലത്തിൽ ഓഹരി വിപണികൾ തളർച്ചയിലായി.
2) മികച്ച നേട്ടം പ്രതീക്ഷിച്ച് നിക്ഷേപകർ ഡോളർ അധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് ഓഹരികളിൽ നിന്ന് കൂടുമാറ്റം തുടങ്ങി.
3) യുഎസ് പ്രസിഡന്റായി അടുത്തമാസം ചുമതലയേൽക്കുന്ന ട്രംപിന്റെ സാമ്പത്തിക നയങ്ങൾ വ്യാപാരയുദ്ധത്തിന് വഴിവയ്ക്കുമെന്ന വിലയിരുത്തലുകളും ആശങ്ക.
4) ഫെഡറൽ റിസർവിന്റെ നയത്തിന് പിന്നാലെ യുഎസ് ഓഹരികളും അതിന്റെ ചുവടുപിടിച്ച് ഏഷ്യൻ ഓഹരികളും നേരിട്ട വിൽപനസമ്മർദം ഇന്ത്യയിലും അലയടിച്ചു.
5) ഇന്ത്യയിൽ വ്യാപാരക്കമ്മി വർധിച്ചുവെന്ന റിപ്പോർട്ടുകളും രൂപയുടെ വൻ വീഴ്ചയും നിക്ഷേപകരുടെ ആശങ്ക കൂട്ടി.
6) വിദേശ നിക്ഷേപകരും (എഫ്പിഐ) പിൻവലിയുകയാണ്. ഇന്നലെ മാത്രം അവർ 4,225 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിന്ന് തിരിച്ചെടുത്തു.
അദാനിക്കും കനത്ത നഷ്ടം
യുഎസ് തൊടുത്തുവിട്ട ‘കൈക്കൂലി’ ആരോപണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇനിയും പുറത്തുകടക്കാൻ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾക്ക് കഴിഞ്ഞിട്ടില്ല. അദാനിയുമായുള്ള വൈദ്യുതി കരാർ പുനഃപരിശോധിക്കുമെന്ന ബംഗ്ലദേശിന്റെ പ്രഖ്യാപനവും തിരിച്ചടിയായി. ഇന്നും എല്ലാ അദാനി ഓഹരികളും ചുവന്നു. സാംഘി ഇൻഡസ്ട്രീസ് (-6.17%), അദാനി ഗ്രീൻ എനർജി (-3.95%), അദാനി എനർജി സൊല്യൂഷൻസ് (-3.27%), അദാനി ടോട്ടൽ ഗ്യാസ് (-3.23%) എന്നിങ്ങനെ നഷ്ടത്തിലായിരുന്നു. പെന്ന, സാംഘി സിമന്റ് കമ്പനികളെ ലയിപ്പിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് സാംഘി ഇൻഡസ്ട്രീസിന്റെ വീഴ്ച.
നില അൽപം മെച്ചപ്പെടുത്തി രൂപ
ഡോളറിന്റെ അപ്രമാദിത്തത്തിൽ തട്ടി ഇന്നലെയും ഇന്നും ‘ഗുരുതരാവസ്ഥയിലായ’ രൂപ പക്ഷേ, ഇന്ന് വ്യാപാരാന്ത്യത്തോടെ നില മെച്ചപ്പെടുത്തി. ഒരുവേള ഡോളറിനെതിരെ 85.12 എന്ന സർവകാല താഴ്ചയിലേക്ക് വീണെങ്കിലും വൈകിട്ടോടെ 85.03ലേക്ക് കയറുകയായിരുന്നു. കരുതൽ വിദേശനാണയ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റഴിച്ച് റിസർവ് ബാങ്ക് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ന് രൂപയ്ക്ക് ആശ്വാസം പകർന്നത്.
കേരള ഓഹരികളുടെ പ്രകടനം സമ്മിശ്രം
കേരളത്തിൽ നിന്നുള്ള കമ്പനികളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് ഇന്ന് നേട്ടത്തിലായത്. സഫ സിസ്റ്റംസ് 10% നേട്ടമുണ്ടാക്കി. അവകാശ ഓഹരികളുടെ (റൈറ്റ്സ് ഇഷ്യൂ) വില പ്രഖ്യാപിച്ച ധനലക്ഷ്മി ബാങ്കിന്റെ ഓഹരികൾ 3.6% ഉയർന്നു. സ്കൂബിഡേ, സോൾവ് പ്ലാസ്റ്റിക്, ആഡ്ടെക്, സെല്ല സ്പേസ്, അപ്പോളോ ടയേഴ്സ് എന്നിവയുമാണ് ഇന്ന് പച്ചതൊട്ടത്.
‘മാസപ്പടി’ വിവാദത്തിൽ കേന്ദ്ര അന്വേഷണം നേരിടുന്ന കൊച്ചിൻ മിനറൽസിന്റെ (സിഎംആർഎൽ) ഓഹരിവില ഇന്ന് 20% കൂപ്പുകുത്തി. സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയവരിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവരുമുണ്ടെന്ന് കഴിഞ്ഞദിവസം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
പ്രൈമ അഗ്രോ, ഈസ്റ്റേൺ, കേരള ആയുർവേദ, ഫാക്ട്, കിറ്റെക്സ്, പോപ്പീസ്, ടിസിഎം, മുത്തൂറ്റ് ക്യാപിറ്റൽ, ഹാരിസൺസ് മലയാളം, സ്റ്റെൽ ഹോൾഡിങ്സ്, പോപ്പുലർ വെഹിക്കിൾസ്, ജിയോജിത് എന്നിവയും 4 ശതമാനത്തിലധികം ഇടിഞ്ഞു.
ധനലക്ഷ്മി ബാങ്കിന്റെ റൈറ്റ്സ് ഇഷ്യൂ
അവകാശ ഓഹരികളിറക്കി (റൈറ്റ്സ് ഇഷ്യൂ) 297.54 കോടി രൂപ സമാഹരിക്കാനാണ് ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടർ ബോർഡ് അനുമതി നൽകിയത്. ഓഹരി ഒന്നിന് 21 രൂപ പ്രകാരമായിരിക്കും ഇത്. ജനുവരി 8 മുതൽ 28 വരെയാണ് വിൽപന. ബാങ്കിന്റെ മൂലധന അടിത്തറ ശക്തമാക്കുക, വികസന പ്രവർത്തനങ്ങൾക്ക് പണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അവകാശ ഓഹരി വിൽപന. ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ ധനലക്ഷ്മി ബാങ്കിന്റെ ലാഭം (നെറ്റ് പ്രോഫിറ്റ്) 11.44% വർധിച്ച് 25.81 കോടി രൂപയായിരുന്നു. 1927ൽ തൃശൂർ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചതാണ് ധനലക്ഷ്മി ബാങ്ക്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business