കൂട്ടക്കുഴപ്പത്തിലാക്കി ട്രംപ്; രൂപയ്ക്ക് റെക്കോർഡ് തകർച്ച, മൂല്യം 88ലേക്ക്, ഓഹരി വിപണികളും വീണു

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അനുമിനിയത്തിനും 25% ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിൽ തകർന്ന് ഓഹരി വിപണികളും രൂപയും.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അനുമിനിയത്തിനും 25% ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിൽ തകർന്ന് ഓഹരി വിപണികളും രൂപയും.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അനുമിനിയത്തിനും 25% ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിൽ തകർന്ന് ഓഹരി വിപണികളും രൂപയും.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അനുമിനിയത്തിനും 25% ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിൽ തകർന്ന് ഓഹരി വിപണികളും രൂപയും. യുഎസ് ഉൽപന്നങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന ട്രംപിന്റെ പ്രഖ്യാപനവും ആഗോളതലത്തിൽ ഓഹരി വിപണികളെ അപ്പാടെ ഉലച്ചു.
ഡോളറിനെതിരെ 45 പൈസ ഇടിഞ്ഞ് 87.94ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വൈകാതെ എക്കാലത്തെയും താഴ്ചയായ 87.96ലേക്കും കൂപ്പുകുത്തി. ട്രംപിന്റെ പുതിയ ‘തീരുവ’ മുന്നറിയിപ്പിന് പിന്നാലെ യൂറോയും യെന്നും പൗണ്ടുമടക്കം പ്രമുഖ കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 108.44 വരെ കത്തിക്കയറി. ഇതോടെ രൂപയും വീഴുകയായിരുന്നു.
ഇന്ത്യയും ചൈനയുമടക്കം നിരവധി രാജ്യങ്ങൾ യുഎസ് ഉൽപന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്നുണ്ട്. അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ട്രംപ് പറഞ്ഞെങ്കിലും രാജ്യങ്ങളുടെ പേര് പരാമർശിക്കാതിരുന്നത് കൂടുതൽ ആശങ്ക വിതച്ചിട്ടുണ്ട്. ഇന്ത്യ, ചൈന, ബ്രസീൽ, യൂറോപ്യൻ യൂണിയൻ, വിയറ്റ്നാം എന്നിവയെയാണ് ട്രംപ് ഉന്നംവച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സ്റ്റീലിനും അലുമിനിയത്തിനും കൂടുതൽ കനത്ത തീരുവ ഏർപ്പെടുത്താനുള്ള നീക്കം കാനഡയ്ക്കും ചൈനയ്ക്കുമാകും വൻ ബാധ്യതയാവുക.
റിസർവ് ബാങ്ക്, കഴിഞ്ഞവാരം റീപ്പോനിരക്ക് 0.25% കുറച്ചതും രൂപയ്ക്ക് തിരിച്ചടിയാണ്. റീപ്പോ കുറഞ്ഞതിന് ആനുപാതികമായി ഇന്ത്യയിൽ ബാങ്ക് നിക്ഷേപങ്ങളുടെയും പലിശനിരക്ക് കുറയും. ഇതു വിദേശ നിക്ഷേപകരെ അതൃപ്തരാക്കും. അവർ ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കുന്നതാണ് രൂപയെ ദുർബലമാക്കുക. ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയെ വലയ്ക്കുന്നുണ്ട്. രൂപ വൈകാതെ 88ലേക്ക് വീഴുമെന്നാണ് ശക്തമായ വിലയിരുത്തലുകൾ.
തളർന്ന് ഓഹരി വിപണിയും
ട്രംപിന്റെ താരിഫ് ഭീഷണിയെ തുടർന്ന് മെറ്റൽ (ലോഹം) ഓഹരികൾ വിൽപനസമ്മർദ്ദത്തിൽ മുങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണികൾ ഇന്നു നേരിടുന്നത് കനത്ത നഷ്ടം. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് പ്രവേശിച്ചപ്പോൾ സെൻസെക്സുള്ളത് 642 പോയിന്റ് (-0.83%) ഇടിഞ്ഞ് 77,219ൽ. 77,156 വരെ വീണശേഷം സെൻസെക്സ് നഷ്ടം അൽപം കുറച്ചു. നിഫ്റ്റിയും 23,337 വരെ താഴ്ന്നെങ്കിലും നിലവിലുള്ളത് 199 പോയിന്റ് (-0.84%) നഷ്ടവുമായി 23,262ൽ.
വിശാല വിപണിയിൽ എല്ലാ ഓഹരി വിഭാഗങ്ങളും ചുവന്നു. നിഫ്റ്റി മെറ്റൽ സൂചിക 2.48% ഇടിഞ്ഞു. നിഫ്റ്റി റിയൽറ്റി 2.83%, ഹെൽത്ത്കെയർ 2.13%, കൺസ്യൂമർ ഡ്യൂറബിൾസ് 2.22%, ഓയിൽ ആൻഡ് ഗ്യാസ് 1.82%, മീഡിയ 2.38%, ഫാർമ 1.73% എന്നിങ്ങനെയും നഷ്ടത്തിലാണ്. 0.58 ശതമാനമാണ് ബാങ്ക് നിഫ്റ്റിയുടെ വീഴ്ച. ഇന്ത്യ വിക്സ് സൂചിക 5.82% കയറിയെന്നത് ആശങ്ക കൂട്ടുന്നു. നിക്ഷേപകർക്കിടയിൽ ഭീതിയുണ്ടെന്നും വിപണിയിൽ വിൽപനസമ്മർദം ഉണ്ടായേക്കാമെന്നും വ്യക്തമാക്കുന്ന സൂചികയാണിത്.
ട്രെന്റ് (-4.21%), പവർഗ്രിഡ് (-3.20%), ടാറ്റാ സ്റ്റീൽ (-3.19%), ബജാജ് ഫിനാൻസ് (-2.76%), ഒഎൻജിസി (-2.62%) എന്നിവയാണ് നിഫ്റ്റി50ൽ നഷ്ടത്തിൽ മുന്നിൽ. ബ്രിട്ടാനിയ (+1.22%), കൊട്ടക് ബാങ്ക് (+1.07%) എന്നിവ നേട്ടത്തിൽ മുന്നിലെത്തി. സെൻസെക്സിലും 3.38% ഇടിഞ്ഞ് പവർഗ്രിഡ് നഷ്ടത്തിൽ മുന്നിലുണ്ട്. സൊമാറ്റോ 3.34 ശതമാനവും ടാറ്റാ സ്റ്റീൽ 3.22 ശതമാനവും ടൈറ്റൻ 2.76 ശതമാനവും ഇടിഞ്ഞ് തൊട്ടടുത്തുണ്ട്.
ഇടിവിനു പിന്നിൽ ഈ കാരണങ്ങളും
കേന്ദ്രസർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കൂടുന്നതും ഓഹരി വിപണിയെ തളർത്തുകയാണ്. 10-വർഷ ഗവൺമെന്റ് ബോണ്ട് യീൽഡ് 2% ഉയർന്ന് 6.83 ശതമാനമായി. ഫലത്തിൽ, ഓഹരികളേക്കാൾ നേട്ടം കിട്ടുമെന്ന പ്രതീക്ഷയുമായി നിക്ഷേപകർ ബോണ്ടിലേക്ക് കൂടുമാറ്റം തുടങ്ങി.
റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചെങ്കിലും വിപണിയിൽ പണലഭ്യത കൂട്ടാനുള്ള അധിക നടപടികൾ പ്രഖ്യാപിക്കാതിരുന്നത് നിക്ഷേപകരെ നിരാശരാക്കിയിട്ടുണ്ട്. പുറമേ, വിദേശ ധനകാര്യ സ്ഥാപനങ്ങളും പിന്മാറ്റവും തിരിച്ചടിയാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 10,179 കോടി രൂപയാണ് അവർ ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചത്.
പ്രവാസികൾക്ക് വൻ നേട്ടം
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾക്ക് കോളടിച്ചു. ഒരു ഡോളർ നാട്ടിലേക്ക് അയച്ചാൽ കഴിഞ്ഞവർഷം ലഭിച്ചരുന്നത് 83 രൂപയോളമായിരുന്നെങ്കിൽ ഇന്നത് 88 രൂപയ്ക്കടുത്തായി. യുഎഇ ദിർഹം രൂപയ്ക്കെതിരെ എക്കാലത്തെയും ഉയരമായ 23.96ൽ എത്തി. വൈകാതെ നിർണായക നാഴികക്കല്ലായ 24 തൊടുമെന്നാണ് വിലയിരുത്തലുകൾ. മറ്റ് ഗൾഫ് കറൻസികളുടെ മൂല്യവും രൂപയ്ക്കെതിരെ റെക്കോർഡ് ഉയരത്തിലായി. കഴിഞ്ഞവാരവും ഇന്ത്യയിലേക്ക് പണമയക്കാൻ പ്രവാസികളുടെ വൻ തിരക്കായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. രൂപ കൂടുതൽ ഇടിഞ്ഞതോടെ തിരക്കിനിയേറും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business