സിവക്കുട്ടിയുടെ പുതിയ കൂട്ടുകാരൻ; കുഞ്ഞൻ കുതിരയെ താലോലിച്ച് ധോണിയുടെ രാജകുമാരി
Mail This Article
ക്രിക്കറ്റിനൊപ്പം ധോണിയെ പ്രശസ്തനാക്കുന്ന മറ്റൊന്നാണ് മകൾ സിവ. സിവയുടെ പാട്ടും ഡാൻസും കുസൃതികളുമൊക്കെ ഇവർ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ധോണിയെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ താരമാണ് മകൾ. സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. ധോണിയുടെ മകളുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്. ഇതുകൊണ്ടുതന്നെ സിവയ്ക്കായി ഒരു ഇന്‍സ്റ്റഗ്രാം പേജുതന്നെയുണ്ട്. മലയാളത്തിൽ പാട്ടുകൾ പാടി സിവ വാരിക്കൂട്ടിയത് നിരവധി ആരാധകരെയാണ്.
ഇപ്പോഴിതാ ഒരു കുഞ്ഞൻ കുതിരയുമൊത്തു നിൽക്കുന്ന ചിത്രമാണ് സിവയുടെ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധോണിയുടെ റാഞ്ചിയിലെ ഫാമിലാണ് സിവയുടേയും കൂട്ടുകാരന്റേയും കളികൾ. കുഞ്ഞൻ കുതിര പുല്ലു തിന്നുന്ന ഒരു വിഡിയോയും സിവക്കുട്ടി പങ്കുവച്ചിട്ടുണ്ട്. കുഞ്ഞുസിവയ്ക്കും പുത്തൻ കൂട്ടുകാരനും നിറയെ ലൈക്കുകൾ നൽകുകയാണ് ആരാധകർ.
മുൻപ് ഫാമിൽ വിരുന്നുവന്ന കുഞ്ഞിക്കിളിയുടേയും ഓന്തിന്റേയുമൊക്കെ വിഡിയോകളും സിവയുടെ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. വീട്ടു മുറ്റത്ത് അബോധാവസ്ഥയിൽ താൻ കണ്ട ഒരു കിളിക്കുഞ്ഞിനെ രക്ഷിച്ച വിവരമാണ് അന്ന് സിവ പങ്കുവച്ചത്. കിളിയുടെ ചിത്രങ്ങൾക്കൊപ്പം സിവയുടെ കുഞ്ഞു കുറിപ്പുമുണ്ടായിരുന്നു 'കിളിയെ കണ്ടയുടനെ താൻ പപ്പയെയും മമ്മയേയും വിളിച്ചു, പപ്പ അതിനെ കയ്യിലെടുത്ത് കുറച്ച് വെള്ളം കുടിക്കാൻ കൊടുത്തു. കുറച്ചുകഴിഞ്ഞപ്പോൾ അത് കണ്ണു തുറന്നു. ഞങ്ങൾക്ക് വളരെ സന്തോഷമായി. ഇലകൾക്കു മുകളിൽ ഒരു ബാസ്ക്കറ്റിൽ ഞങ്ങളതിനെ വച്ചു. അതൊരു 'ക്രിംസൺ ബ്രസ്റ്റഡ് ബാർബറ്റ്' ആണെന്നും അതിനെ കോപ്പർസ്മിത്ത് എന്നാണ് വിളിക്കുന്നതെന്നും മമ്മ പറഞ്ഞു. എന്ത് ഭംഗിയുള്ള കുഞ്ഞു കിളിയാണെന്നോ. പെട്ടന്ന് അത് പറന്നുയർന്നു. പക്ഷേ അതിനെ എനിക്ക് വേണമെന്നുണ്ടായിരുന്നു. മമ്മ പറഞ്ഞു അത് അതിന്റെ അമ്മയുടെ അടുത്തേയ്ക്കാണ് പോയതെന്ന്. അതിനെ വീണ്ടും കാണുമെന്ന് എനിക്കുറപ്പുണ്ട്.'
ഫാമിൽ വിളഞ്ഞ പച്ചക്കറികളുടെ വിളവെടുപ്പിന്റെ വിശേഷങ്ങളുമൊക്കെ സിവയുടെ പേജിലൂടെയാണ് പങ്കുവച്ചത്. ധോണി പൊതുവെ സമൂഹമാധ്യമത്തില്‍ കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കുന്നത് കുറവാണ്. എന്നാൽ സിവയുടേയും സാക്ഷിയുടേയും പോസ്റ്റുകളിലൂടെയാണ് ഈ കുട്ടിത്താരത്തിന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറ്.
English summary : Ziva Dhoni shares photo with her new friend pony