പാതിമയക്കത്തില് കിടക്കുന്ന എന്റെ കയ്യില് ഇവരെ തന്നു, അതൊരു മാജിക്കൽ നിമിഷമായിരുന്നു: സാന്ദ്ര തോമസ്
ശസ്ത്രക്രിയയിലൂടെയാണ് തങ്കക്കൊലുസിനെ പുറത്തെടുത്തത്. സി.സെക്ഷനായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ്, പാതിമയക്കത്തിൽ കിടക്കുമ്പോഴാണ് ഇവരെ രണ്ടുപേരെയും എന്റെ കൈകളിലേക്ക് ഡോക്ടർ കൊണ്ടു വന്നു തന്നത്..
ശസ്ത്രക്രിയയിലൂടെയാണ് തങ്കക്കൊലുസിനെ പുറത്തെടുത്തത്. സി.സെക്ഷനായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ്, പാതിമയക്കത്തിൽ കിടക്കുമ്പോഴാണ് ഇവരെ രണ്ടുപേരെയും എന്റെ കൈകളിലേക്ക് ഡോക്ടർ കൊണ്ടു വന്നു തന്നത്..
ശസ്ത്രക്രിയയിലൂടെയാണ് തങ്കക്കൊലുസിനെ പുറത്തെടുത്തത്. സി.സെക്ഷനായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ്, പാതിമയക്കത്തിൽ കിടക്കുമ്പോഴാണ് ഇവരെ രണ്ടുപേരെയും എന്റെ കൈകളിലേക്ക് ഡോക്ടർ കൊണ്ടു വന്നു തന്നത്..
നീലയും പിങ്കും നിറമുള്ള ബലൂണുകൾ നിറഞ്ഞ ഹാളിലേക്ക് കയറിയപ്പോഴേ തങ്കക്കൊലുസുകളുടെ മുഖത്ത് കൗതുകം. കസേരകളിൽ നിറപുഞ്ചിരിയോടെ ഇരിക്കുന്ന കുഞ്ഞുചേട്ടന്മാരെയും ചേച്ചിമാരെയും കണ്ടപ്പോൾ ആ കൗതുകം, ചെറിയൊരു നാണത്തിനു വഴി മാറി. രണ്ടുപേരും പതിയെ അമ്മ സാന്ദ്ര തോമസിന്റെ പിന്നിലേക്ക് വലിഞ്ഞു. എന്നിട്ട്, അമ്മയുടെ അടുത്തു നിന്ന് ചേട്ടന്മാരെയും ചേച്ചിമാരെയും ഒന്നു പാളി നോക്കി. ‘രണ്ടു പേരും വിരണ്ടിരിക്കാ... ആദ്യമായിട്ടല്ലേ ഇവരിത്രയും കുട്ടികളെ ഒരുമിച്ചു കാണുന്നേ!’– ഉടനെയെത്തി സാന്ദ്രയുടെ കമന്റ്. ശിശുദിനത്തോടനുബന്ധിച്ച് മനോരമ ഓൺലൈൻ കുട്ടികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ മക്കളായ ഉമ്മുക്കുൽസുവിനും ഉമ്മിണിതങ്കയ്ക്കുമൊപ്പം കൊച്ചിയിൽ എത്തിയതായിരുന്നു സാന്ദ്ര തോമസ്. ഹോട്ട് സീറ്റിൽ സാന്ദ്രയും തങ്കക്കൊലുസും ഇരുന്നതോടെ സദസിലെ കുട്ടികളും ആക്ടീവായി. അവരുടെ 'ഇമ്മിണി വലിയ' ചോദ്യങ്ങൾക്കായി സാന്ദ്രയും തയാർ!
‘ആന്റീ.. മക്കൾക്കെന്താ തങ്കക്കൊലുസെന്ന് പേരിട്ടേ?’ ചോദ്യങ്ങൾക്ക് തുടക്കമിട്ട് ശ്രീഹരിയുടെ സംശയമെത്തി.
സാന്ദ്ര തോമസ്: ഇവരുടെ യഥാർത്ഥ പേര് കാറ്റലിൻ സാന്ദ്ര വിൽസൻ, കെന്റൽ സാന്ദ്ര വിൽസൻ എന്നാണ്. ഇവരുടെ അപ്പയ്ക്ക് ഇംഗ്ലിഷ് പേരിനോടായിരുന്നു താൽപര്യം. എനിക്കാണെങ്കിൽ മലയാളം പേരിടാതെ ഒരു സമാധാനവുമുണ്ടായിരുന്നില്ല. ഉമ്മുക്കുൽസു എന്ന പേര് എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു. അതു വിളിച്ചപ്പോൾ മോൾ ശ്രദ്ധിക്കുന്നുമുണ്ട്. പിന്നെ, അതുമായി യോജിച്ച ഉമ്മിണിതങ്ക എന്ന പേരും കണ്ടെത്തി. അങ്ങനെ ഉമ്മുക്കുൽസുവും ഉമ്മിണിതങ്കയും എന്ന പേരുറച്ചു. ഇവർക്ക് രണ്ടു വയസു വരെ ഞാൻ സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ലായിരുന്നു. പിന്നീടൊരിക്കൽ ഇവരുടെ ഫോട്ടോ ഇടാനായി നല്ല രസമുള്ള ഒരു ‘ഒറ്റപ്പേര്’ കണ്ടത്തെണമല്ലോ എന്നോർത്ത് ഇരിക്കുമ്പോഴാണ് ഉമ്മിണിതങ്കയും ഉമ്മുക്കുൽസുവും കണക്ട് ചെയ്ത് 'തങ്കക്കൊലുസ്' എന്നപേര് മനസിലുടക്കിയത്. നല്ല ഓമനത്തമുള്ള പേരായി തോന്നി. അങ്ങനെ ആ പേര് ഇട്ടു.
ഋതുനന്ദ: തങ്കക്കൊലുസ് വലുതാകുമ്പോൾ ആരായിത്തീരണമെന്നാണ് ആഗ്രഹം?
സാന്ദ്ര തോമസ്: ഇവർക്കിപ്പോൾ മൂന്നു വയസല്ലേ ആയുള്ളൂ. അങ്ങനെയൊന്നും ചിന്തിക്കാനുള്ള പ്രായമായിട്ടില്ല. പിന്നെ, എനിക്ക് ഇവർ നല്ല മനുഷ്യരായി വളരണം എന്നേയുള്ളൂ. സഹാനുഭൂതിയും കരുണയുമുള്ള കുട്ടികളായി വളരണം. എന്തായിത്തീരണം എന്നത് അവരുടെ മാത്രം തീരുമാനമാണ്.
ഓം വിപിൻ: തങ്കക്കൊലുസിനെ യാത്ര കൊണ്ടു പോകുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കാറുള്ളത്?
സാന്ദ്ര തോമസ്: ഒട്ടും പ്ലാൻ ചെയ്യാത്ത യാത്രകളാണ് ഞങ്ങളുടേത്. തങ്കത്തിന് യാത്ര ചെയ്യുമ്പോൾ ചെറിയ ക്ഷീണമുണ്ട്. ഛർദ്ദിക്കാൻ വരും. കുൽസുവിന് ഒരു കുഴപ്പവുമില്ല. രണ്ടുപേർക്കും യാത്ര ചെയ്യാൻ വലിയ ഇഷ്ടമാണ്. യാത്രകളിലൂടെയാണ് ഇവർ ഓരോ കാര്യങ്ങൾ പഠിക്കുന്നത്. ഞാനൊന്നും ഇരുത്തി പഠിപ്പിക്കാറില്ല. സ്കൂളിലും പോയിത്തുടങ്ങിയിട്ടില്ല.
എൽനാ തെരേസ്: ആന്റിയുടെയും മക്കളുടെയും ജീവിതത്തിലെ മറക്കാനാകാത്ത ദിവസം
സാന്ദ്ര തോമസ്: ശസ്ത്രക്രിയയിലൂടെയാണ് തങ്കക്കൊലുസിനെ പുറത്തെടുത്തത്. സി.സെക്ഷനായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ്, പാതിമയക്കത്തിൽ കിടക്കുമ്പോഴാണ് ഇവരെ രണ്ടുപേരെയും എന്റെ കൈകളിലേക്ക് ഡോക്ടർ കൊണ്ടു വന്നു തന്നത്. അതെനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അതൊരു മാജിക്കൽ നിമിഷമായിരുന്നു. തങ്കക്കൊലുസിന് മറക്കാനാകാത്ത ദിവസമെന്നു പറയുന്നത് കൊളുക്കുമലയിൽ സൂര്യോദയം കാണാൻ പോയതായിരിക്കണം. കാരണം, അതിനുശേഷം ഇവർ ഇടയ്ക്കിടയ്ക്ക് അതിനെക്കുറിച്ച് പറയാറുണ്ട്. ഏതു മല കാണുമ്പോഴും അവർക്ക് അത് കൊളുക്കുമലയാണ്.
അന്റോണിയോ: തങ്കക്കൊലുസിൽ ആരാണ് കൂടുതൽ കുസൃതി?
സാന്ദ്ര തോമസ്: രണ്ടു പേരും കുസൃതിക്കാരാണ്. രണ്ടുപേരും നല്ല കുട്ടികളുമാണ്. ആരാണ് കൂടുതൽ കുസൃതിയെന്നു ചോദിച്ചാൽ ഒരുപോലാണെന്നേ പറയാൻ പറ്റൂ. പിള്ളേരായാൽ കുറച്ച് കുരുത്തക്കേടൊക്കെ വേണമെന്ന പക്ഷക്കാരിയാണ് ഞാൻ. കുറച്ചു കുസൃതിയും കുറുമ്പും ഉണ്ടെങ്കിലെ കുട്ടികൾ ആക്ടീവ് ആകുകയുള്ളൂ. പിന്നെ, വലുതായിക്കഴിയുമ്പോൾ ഓർക്കാൻ ഈ കുറുമ്പുകളെ ഉണ്ടാവുള്ളൂ.
മറിയം ജസീന്ത: കുട്ടികളെ തല്ലി വളർത്തണമെന്നല്ലേ പറയാറുള്ളത്. ആന്റിയുടെ നിലപാട് എന്താണ്?
സാന്ദ്ര തോമസ്: കുട്ടികളെ തല്ലാൻ പാടില്ല, അവരോട് ദേഷ്യപ്പെട്ടു പോലും സംസാരിക്കാൻ പാടില്ലെന്നാണ് പറയുക. കുട്ടികളുടെ ‘ഐ ലെവലിൽ’ നിന്നു സംസാരിക്കണമെന്നാണ് പുതിയ പഠനങ്ങളിൽ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഞാൻ പറയുന്നത് മാതാപിതാക്കളോടാണ്. അവരുടെ കാഴ്ചയിൽ നമ്മൾ വലിയ ആളുകളായി അനുഭവപ്പെടും. അതുകൊണ്ടാണ് കുട്ടികളുടെ ഐ ലെവലിൽ വന്നു സംസാരിക്കണമെന്നു പറയാറുള്ളത്. തങ്കക്കൊലുസിന് ഇടയ്ക്ക് ചെറിയ തല്ലൊക്കെ കിട്ടാറുണ്ട്. ഞാൻ കൂടുതലും എടുക്കുന്ന ടെക്നിക്കിനെക്കുറിച്ചു പറയാം. ഇവർ തമ്മിലാണ് അടി കൂടുന്നതെങ്കിൽ ഞാൻ പരസ്പരം ഹഗ് ചെയ്യാൻ പറയും. വഴക്കു പറയാനോ ബഹളം വയ്ക്കാനോ ചെല്ലാറില്ല. ഞാനൊന്ന് നന്നായി നോക്കും. ആ നോട്ടത്തിൽ അവർക്കു മനസിലാകും എന്തോ പ്രശ്നമുണ്ടല്ലോ എന്ന്. കൂടുതൽ വഴക്കു പറഞ്ഞാൽ അവർ ഒരു ചെവിയിലൂടെ കേട്ട് അപ്പുറത്തൂടെ അങ്ങ് വിടും. വഴക്ക് പറയുമെന്ന് പ്രതീക്ഷിക്കുന്നിടത്ത് വളരെ തന്മയത്തത്തോടെ ഇടപെടാൻ കഴിഞ്ഞാൽ ആ പ്രശ്നം നന്നായി പരിഹരിക്കാൻ കഴിയും.
റയാൻ ഫ്രാൻസിസ്: പരിചയമില്ലാത്ത സ്ഥലത്തു പോകുമ്പോൾ അവിടെയുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് തങ്കക്കൊലുസിനെ പഠിപ്പിച്ചിട്ടുണ്ടോ?
സാന്ദ്ര തോമസ്: ഞാനൊന്നും അവരെ പഠിപ്പിച്ചിട്ടില്ല. ഞാനെങ്ങനെയാണോ മറ്റുള്ളവരോട് പെരുമാറുന്നത് അത് അവർ കണ്ടു പഠിക്കുകയാണ് പതിവ്. നിങ്ങളെ ആരെങ്കിലും ഉപദേശിച്ചാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ? അതുകൊണ്ട്, ഞാനൊന്നും പറഞ്ഞു പഠിപ്പിക്കാറില്ല. പിന്നെ, ഇപ്പോൾ തങ്കക്കൊലുസിന് കുറച്ചു നാണമൊക്കെ വന്നിട്ടുണ്ട്. എനിക്ക് അങ്ങനെ നാണമൊന്നുമില്ല. അതിപ്പോൾ എവിടെ നിന്നു വന്നതാണെന്ന് അറിയില്ല. ഓരോ പ്രായത്തിൽ അവരുടെ ശീലങ്ങളും മാറി വരുമല്ലോ!
വൈഷ്ണവ്: കുഞ്ഞുങ്ങളെ ഇങ്ങനെ വളർത്താനുള്ള ഐഡിയ ആന്റിക്ക് ആരാണ് പറഞ്ഞു തന്നത്?
സാന്ദ്ര തോമസ്: ആരും പറഞ്ഞു തന്നതൊന്നുമല്ല. ഞാൻ ഒരു പ്രത്യേകരീതിയിൽ കുട്ടികളെ വളർത്തുന്നില്ല എന്നതാണ് ഒരു കാര്യം. എന്റെ കൂടെ അവർ ജീവിക്കുന്നു. ഞാൻ ചെയ്യുന്ന കാര്യങ്ങൾ അവർ കാണുന്നു. പക്ഷേ, എനിക്ക് ചില ആഗ്രഹങ്ങളുണ്ട്. അവർ പ്രകൃതിയെ അറിഞ്ഞു വളരണം. മറ്റുള്ളവരോട് സ്നേഹമുള്ള കുഞ്ഞുങ്ങളാകണം. പിന്നെ, അവർക്ക് പഠിക്കണമെന്ന് ആഗ്രഹം വരുമ്പോൾ അവർ സ്വയം പഠിച്ചോളും. പഠിക്കണം എന്നത് അവരുടെ ആഗ്രഹമാകണം. അല്ലാതെ, അമ്മയ്ക്കു വേണ്ടിയാകരുത് അവരുടെ പഠിത്തം. ഞാൻ അവരെ വളർത്താൻ ശ്രമിക്കാറില്ല. അവർ എല്ലാം കണ്ടും കേട്ടും അറിഞ്ഞും സ്വയം വളരുകയാണ്.
ജുവൽ റോണി: തങ്കക്കൊലുസ് മൊബൈൽ ഉപയോഗിക്കുന്നത് കാണുമ്പോൾ എങ്ങനെ പ്രതികരിക്കും?
സാന്ദ്ര തോമസ്: തങ്കക്കൊലുസിന് സ്ക്രീൻ ടൈം കുറവാണ്. ഒരു ദിവസത്തിൽ ആകെ അവർക്ക് മൊബൈൽ കൊടുക്കുന്നത് തലമുടി കെട്ടുമ്പോൾ മാത്രമാണ്. അല്ലാത്ത സമയത്ത് മൊബൈൽ കൊടുക്കാറില്ല. ആ സമയത്ത് അവർ കാണുന്നതും കേൾക്കുന്നതും കൂടുതലും കഥകളാണ്. സത്യത്തിൽ കുട്ടികൾ മൊബൈലിൽ കാർട്ടൂൺ കാണുന്നതിനേക്കാൾ നല്ലത് കഥ വായിക്കുന്നതും കേൾക്കുന്നതുമാണ്. അപ്പോഴാണ് അവരുടെ ഭാവനയും സർഗശേഷിയും വികസിക്കൂ.
ഫെനിന ആൽഫ: തങ്കക്കൊലുസിന്റെ ഹോബികൾ എന്താണ്?
സാന്ദ്ര തോമസ്: ഇവർ കൂടുതൽ സമയവും കളിയാണ്. വണ്ടൂരിലെ വീട്ടിലാണെങ്കിൽ പ്രത്യേകിച്ചും. രാവിലെ ഇറങ്ങിയാൽ പിന്നെ വൈകീട്ടേ വീടനകത്തേക്ക് കേറൂ. അതു വരെ കളിയാണ്. തങ്കത്തിന് കുക്കിങ് ഇഷ്ടമാണ്. കുൽസുമ്പിക്ക് വരയ്ക്കാനും ഡാൻസ് കളിക്കാനും മരത്തിൽ കേറാനും ഒക്കെ വലിയ ഇഷ്ടമാണ്.
സാഷ: ആന്റിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സബ്ജക്റ്റ് ഏതാണ്?
സാന്ദ്ര തോമസ്: പഠിക്കുന്ന സമയത്ത് ഇഷ്ടം മലയാളം ആയിരുന്നു. പിന്നെ മരങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചും പഠിക്കാൻ ഇഷ്ടമാണ്. ഇപ്പോൾ ആധ്യാത്മിക കാര്യങ്ങൾ വായിക്കാൻ ഇഷ്ടമാണ്. മതങ്ങളുമായി അതിന് ബന്ധമില്ല.
കീർത്തന: നിർമാതാവ്, നടി, അമ്മ... ഇതിൽ ഏതു റോളാണ് കൂടുതൽ ഇഷ്ടം?
സാന്ദ്ര തോമസ്: ചോദിക്കാനില്ലല്ലോ! അമ്മ എന്ന റോളാണ് എനിക്ക് ഏറ്റവും ഇഷ്ടം. അതു നൽകുന്ന സംതൃപ്തി വെറേ ലെവലാണ്. അതു കഴിഞ്ഞാൽ പിന്നെ സിനിമകൾ നിർമിക്കാൻ ഇഷ്ടമാണ്. ഇപ്പോൾ മദർ ഇൻഫ്ലുവൻസർ എന്ന റോളും ഞാൻ ആസ്വദിക്കുന്നുണ്ട്.
അർജുൻ: ആന്റിക്ക് എങ്ങനെയാണ് സിനിമയിൽ അവസരം ലഭിച്ചത്?
സാന്ദ്ര തോമസ്: സിനിമയിൽ അവസരം ലഭിച്ചതല്ല, അവിചാരിതമായി സിനിമയിൽ വന്നതാണ്. ആദ്യം ഞാൻ ചെയ്തിരുന്നത് ചാനലുകളുടെ ടൈം സ്ലോട്ടുകൾ വാങ്ങി വേറെ പ്രൊഡക്ഷൻ കമ്പനികൾക്കു കൊടുക്കുകയായിരുന്നു. അതിനെ മീഡിയ ബയിങ് എന്നാണ് വിളിക്കുക. അതിൽ നിന്ന് പരസ്യ നിർമാണത്തിലേക്കും സിനിമയിലേക്കും ഒക്കെ വരികയായിരുന്നു. എന്റെ ബിസിനസിന്റെ വളർച്ചയുടെ ഭാഗമായി സിനിമ ചെയ്തു എന്നു മാത്രം.
ഗോപിക സുനിൽകുമാർ: ആന്റിയുടെ റോൾ മോഡൽ ആരാണ്?
സാന്ദ്ര തോമസ്: അങ്ങനെ റോൾ മോഡൽ എന്നു പറയാനാരുമില്ല. എങ്കിലും എനിക്കിഷ്ടമുള്ള ചില വ്യക്തിത്വങ്ങളുണ്ട്. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിത, ഡയാന രാജകുമാരി, സുധാ മൂർത്തി, എ.പി.ജെ. അബ്ദുൾ കലാം എന്നിവരൊക്കെ എന്നെ സ്വാധീനിച്ച വ്യക്തികളാണ്.
കീർത്തന: ഈ ശിശുദിനത്തിൽ കുട്ടികൾക്കു നൽകാനുള്ള സന്ദേശം?
സാന്ദ്ര തോമസ്: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണല്ലോ നമ്മൾ ശിശുദിനമായി ആഘോഷിക്കുന്നത്. അദ്ദേഹം പറഞ്ഞിട്ടുണ്ട്, കുട്ടികൾ എന്നു പറയുന്നത് ഒരു തോട്ടത്തിലെ പൂക്കളെപ്പോലെയാണ് എന്ന്. കുട്ടികളെ പൂക്കളെപ്പോലെ ശ്രദ്ധയോടെ സമീപിക്കണം. ഇതു ഞാൻ പറയുന്നത് മാതാപിതാക്കളോടാണ്. കാരണം, ഇന്നത്തെ കുട്ടികളാണ് നാളത്തെ സമൂഹം. ഓരോ മാതാപിതാക്കളുമാണ് ഓരോ വ്യക്തികളെ വാർത്തെടുക്കുന്നത്. അതു വളരെ ശ്രദ്ധയോടെ വേണം ചെയ്യാൻ! കുട്ടികളോട് ഒന്നേ പറയാനുള്ളൂ, ഇപ്പോൾ സ്കൂളിൽ വീണ്ടും പോയിത്തുടങ്ങിയല്ലോ! പുതിയ അധ്യയന വർഷത്തോടൊപ്പം എന്തെങ്കിലും പുതുതായി പഠിച്ചെടുക്കാൻ ശ്രമിക്കണം. പുതിയ ആഗ്രഹങ്ങൾ വേണം. പുതിയ തീരുമാനങ്ങൾ എടുക്കണം.
English Summary : Children's Day special Chat Show with Sandra Thomas