‘തൊട്ടടുത്ത് കൂടെ പാമ്പ് നീന്തിപ്പോകുന്നതു കണ്ട് ചിങ്കു വലിയ വായിലേ നിലവിളിച്ചു’
രാവിലെ മീൻകാരന്റെ പുറകേ മണംപിടിച്ചു ചെന്നതിന് കിട്ടിയ തല്ലിൽ സങ്കടപ്പെട്ടു നിൽക്കുകയായിരുന്നു കുഞ്ഞുചിങ്കു. അപ്പോഴാണ് അഭിച്ചേട്ടൻ പഗ്ഗുവിനെയും കൊണ്ട് നടക്കാനിറങ്ങിയത്. പഗ്ഗുവിനെ കാണുമ്പോഴൊക്കെ കുഞ്ഞുചിങ്കുവിന്റെ കണ്ണുനിറയും. എന്തുസുഖമാണെന്നോ പഗ്ഗുവിന് ! അഭിയുടെ വീട്ടിലെ ഓമനനായക്കുട്ടിയാണ് പഗ്ഗു
രാവിലെ മീൻകാരന്റെ പുറകേ മണംപിടിച്ചു ചെന്നതിന് കിട്ടിയ തല്ലിൽ സങ്കടപ്പെട്ടു നിൽക്കുകയായിരുന്നു കുഞ്ഞുചിങ്കു. അപ്പോഴാണ് അഭിച്ചേട്ടൻ പഗ്ഗുവിനെയും കൊണ്ട് നടക്കാനിറങ്ങിയത്. പഗ്ഗുവിനെ കാണുമ്പോഴൊക്കെ കുഞ്ഞുചിങ്കുവിന്റെ കണ്ണുനിറയും. എന്തുസുഖമാണെന്നോ പഗ്ഗുവിന് ! അഭിയുടെ വീട്ടിലെ ഓമനനായക്കുട്ടിയാണ് പഗ്ഗു
രാവിലെ മീൻകാരന്റെ പുറകേ മണംപിടിച്ചു ചെന്നതിന് കിട്ടിയ തല്ലിൽ സങ്കടപ്പെട്ടു നിൽക്കുകയായിരുന്നു കുഞ്ഞുചിങ്കു. അപ്പോഴാണ് അഭിച്ചേട്ടൻ പഗ്ഗുവിനെയും കൊണ്ട് നടക്കാനിറങ്ങിയത്. പഗ്ഗുവിനെ കാണുമ്പോഴൊക്കെ കുഞ്ഞുചിങ്കുവിന്റെ കണ്ണുനിറയും. എന്തുസുഖമാണെന്നോ പഗ്ഗുവിന് ! അഭിയുടെ വീട്ടിലെ ഓമനനായക്കുട്ടിയാണ് പഗ്ഗു
രാവിലെ മീൻകാരന്റെ പുറകേ മണംപിടിച്ചു ചെന്നതിന് കിട്ടിയ തല്ലിൽ സങ്കടപ്പെട്ടു നിൽക്കുകയായിരുന്നു കുഞ്ഞുചിങ്കു. അപ്പോഴാണ് അഭിച്ചേട്ടൻ പഗ്ഗുവിനെയും കൊണ്ട് നടക്കാനിറങ്ങിയത്. പഗ്ഗുവിനെ കാണുമ്പോഴൊക്കെ കുഞ്ഞുചിങ്കുവിന്റെ കണ്ണുനിറയും. എന്തുസുഖമാണെന്നോ പഗ്ഗുവിന് !
അഭിയുടെ വീട്ടിലെ ഓമനനായക്കുട്ടിയാണ് പഗ്ഗു .നിറയെ പതുപതുത്ത രോമങ്ങളുള്ള സുന്ദരൻ .അവനെ കൊഞ്ചിക്കാൻ ഇഷ്ടം പോലെ ആൾക്കാരുണ്ട്. സമയത്ത് വയറുനിറച്ച് ഭക്ഷണോം കിട്ടും. പേടിക്കാതെ കിടക്കാൻ വീടുമുണ്ട്. എല്ലാമുണ്ട്. പിന്നെയോ അഭിച്ചേട്ടന്റെ കൂടെ ബൈക്കിലും കാറിലുമൊക്കെ ഇഷ്ടംപോലെ ചുറ്റിക്കറങ്ങാം. ആരും അവനെ തല്ലാറില്ല. അവന്റെ നല്ലകാലം. എന്നെപ്പോലെ ഭാഗ്യം കെട്ടവരാരുമുണ്ടാവില്ല !
ഓരോന്നോർത്തോർത്ത് കുഞ്ഞു ചിങ്കുവിന്റെ കണ്ണുനിറഞ്ഞു വന്നു. അവനു സങ്കടംവരുമ്പോഴൊക്കെ തേക്ക് മരത്തിന്റെ താഴത്തെ ചില്ലയിൽ കൂട് കൂട്ടിയിരിക്കുന്ന ഇരട്ടവാലൻകിളി അവനെ തൂവൽകൊണ്ടു തഴുകി ആശ്വസിപ്പിക്കും. എന്നിട്ട്, അവളുടെ ഇരട്ടവാൽ പ്രത്യേകതാളത്തിൽ ഇളക്കി അവനെ ഇക്കിളിയിട്ട് ചിരിപ്പിക്കും. കുഞ്ഞുമരക്കൊമ്പുകളിൽ ഊഞ്ഞാലാടി വാലാട്ടി നൃത്തംചെയ്യും. ഉയർന്നും താഴ്ന്നും പറന്നുചെന്ന് അവനെ തൊട്ടുതൊട്ടില്ലയെന്നു കളിക്കും. ഇതൊക്കെ കാണുമ്പോൾ ചിങ്കൂന് ചിരിവരും. ആ ചിരി കാണുമ്പോൾ ഇരട്ടവാലൻകിളിക്കും സന്തോഷമാകും. പിന്നെ ആരുമില്ലാത്ത അവന്റെ ഈ അവസ്ഥയോർത്ത് ഉള്ളിൽ സങ്കടപ്പെടും . ആരെങ്കിലും അവനെ സംരക്ഷിച്ചിരുന്നെങ്കിലെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിക്കും .
ചിങ്കുവിന്റെ അമ്മ ഒരു വണ്ടിക്കടിയിൽ പെട്ടതോടെ തുടങ്ങിയതാണ് അവന്റെ കഷ്ടകാലം. കിടക്കാനൊരു സ്ഥലമില്ല. ശരിക്കുള്ള ആഹാരമില്ല. ചിലപ്പോൾ വല്ലാതെ വിശന്നിട്ട് വഴിയേ പോകുന്നവരുടെ പുറകേകൂടൂം. അവരു ചിലപ്പോൾ തല്ലിയോടിക്കും. ചിലപ്പോൾ എന്തെങ്കിലും വാങ്ങിക്കൊടുക്കും. പക്ഷേ ആരുടെയെങ്കിലും വീട്ടുമുറ്റത്ത് അറിയാതെയെങ്ങാനും കയറിച്ചെന്നാൽ അവർ അപ്പോൾത്തന്നെ വടിയെടുത്ത് ഓടിച്ചുവിടും. അവരുടെ മുറ്റമെല്ലാം വൃത്തികേടാക്കുമത്രേ !
രാത്രിയാകുമ്പോഴാണ് ചിങ്കൂന് ഏറ്റവുംകൂടുതൽ പേടി . ചിങ്കുവിന്റെ ഉറക്കസ്ഥലത്തിനടുത്ത് ഒരു വലിയ പാമ്പ് മാളമുണ്ടാക്കിയിട്ടുണ്ട്. അതെങ്ങാനും കടിച്ചാലോയെന്നോർത്ത് പലപ്പോഴും ഉറങ്ങാതെ പേടിച്ചിരിക്കും .
അങ്ങനെയിരിക്കെ ഒരു ദിവസം വലിയ കാറ്റുവീശി മഴ തകർത്തു പെയ്തു. രാവിലെ തുടങ്ങിയ മഴ വൈകുന്നേരമായിട്ടും തോർന്നില്ല .റോഡിൽ നിന്നും ഇത്തിരി താഴെയുള്ള ആളൊഴിഞ്ഞ ഒരു കടയുടെ വരാന്തയിൽ ഇടതുവശത്തായി പലകയടിച്ചിരിക്കുന്നതിന്റെ പുറകിലാണ് ചിങ്കു കിടക്കാറ് .
അന്നത്തെ മഴ രാത്രിയായിട്ടും തോരാതെ പെയ്തപ്പോൾ ഇത്തിരി കയറ്റമുള്ള റോഡിന്റെ ഇരുവശത്തൂടെയും ശക്തിയായി ഇരച്ചുവന്ന വെള്ളം കടയുടെ വരാന്തയിലേക്കും ഒഴുകിയിറങ്ങി. ചിങ്കു കിടക്കുന്നിടം മുഴുവൻ വെള്ളം നിറഞ്ഞു. പാമ്പിന്റെ മാളത്തിലും വെള്ളം നിറഞ്ഞപ്പോൾ അത് തൊട്ടടുത്ത് കൂടെ നീന്തിപ്പോകുന്നതുകണ്ട് ചിങ്കു ഭയത്തോടെ വലിയവായിലേ നിലവിളിച്ചു. പാതരാത്രിയല്ലേ? മഴയുടെ ശബ്ദത്തിൽ ആരു കേൾക്കാൻ?
വെള്ളത്തിൽ മുങ്ങുമെന്നായപ്പോൾ ചിങ്കു വലിഞ്ഞും വീണും എങ്ങനെയൊക്കെയോ കടയുടെ മുൻപിലുള്ള സിമന്റ് തൂണിൽ പിടിച്ചുകയറി മുകൾഭാഗത്ത് ഇരിപ്പായി. അപ്പോഴേയ്ക്കും മഴയും കാറ്റും വൈള്ളത്തിന്റെ ഒഴുക്കും വീണ്ടും കൂടിക്കൂടി വന്നു. നിസ്സഹായനായ ചിങ്കു തന്റെ അമ്മയെയോർത്ത് കരഞ്ഞുതളർന്നു. ഒന്നും ചെയ്യാനാവാതെ പൊത്തിലിരുന്ന് ഇരട്ടവാലൻ കിളിയും കരഞ്ഞു.
അപ്പോഴാണ് എവിടെനിന്നൊക്കെയോ കുറേ ആൾക്കാർ ടോർച്ചും കുടയുമായി അതുവഴി വന്നത്. അടുത്തുള്ള ആറ്റിലൊക്കെ വെള്ളം പൊങ്ങിയത്രേ ! തീരത്തെ വീടുകളിലൊക്കെ വെള്ളംകയറിയെന്ന്. അതു നോക്കാൻ പോയി വരുന്നവരായിരുന്നു അവർ. അവരെ കണ്ടതും ചിങ്കു രക്ഷിക്കണേയെന്ന് ഉറക്കെയുറക്കെ കരഞ്ഞു. ശബ്ദം കേട്ടിടത്തേക്ക് അവർ ടോർച്ചടിച്ചു നോക്കിയപ്പോൾ ദേഹംമുഴുവൻ നനഞ്ഞൊട്ടി തണുത്തുവിറച്ച് കിലുകിലാന്ന് കിടുകിടുക്കുന്ന കുഞ്ഞുചിങ്കുവിനെ കണ്ട് അവർക്കും സങ്കടം വന്നു. അല്ലെങ്കിലും മനുഷ്യൻമാർ പാവങ്ങളല്ലേ ! അവർക്ക് മനുഷ്യത്വം ഉണ്ടാകണമെന്ന് മാത്രം !
മുട്ടറ്റം വെള്ളത്തിലായിരുന്നു അവരും. അതിലൊരാൾ അപ്പോഴേയ്ക്കും സൈഡിലിരുന്ന ഏണി തൂണിൽ ചാരിവെച്ചു. മറ്റൊരാൾ മുറുകെപിടിച്ച് മുകളിൽ കയറി. ആകെ നനഞ്ഞു കുതിർന്നു വിറയ്ക്കുന്ന ചിങ്കുവിനെ കൈയിലെടുത്തു .ചിങ്കു സ്നേഹത്തോടെ, നന്ദിയോടെ ആ മുഖത്തേയ്ക്ക് നോക്കി. അത് അഭിച്ചേട്ടനായിരുന്നു .പഗ്ഗുവിന്റെ അഭിച്ചേട്ടൻ ! ഉറങ്ങാതെ കാവലിരുന്ന ഇരട്ടവാലൻ കിളി ആ ദൃശ്യം കണ്ട് സന്തോഷത്തോടെ കണ്ണുതുടച്ചു.
ചിങ്കുവുമായി താഴേയ്ക്കിറങ്ങിയ അഭിക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. കൈയിലിരുന്ന തോർത്തുകൊണ്ട് അവനെ നന്നായി തോർത്തി ഇരുകൈകളിലും എടുത്തുകൊണ്ട് നേരെ തന്റെ വീട്ടിലേയ്ക്ക് നടന്നു. ഗേറ്റ്തുറന്ന് അകത്തേയ്ക്കു കയറുമ്പോൾ പെരുമഴയത്ത് പുറത്തുപോയ അഭി വരുന്നതും നോക്കി വീട്ടുകാരും പിന്നെ ഓമന പഗ്ഗുവും വരാന്തയിൽ തന്നെയുണ്ടായിരുന്നു. ചിങ്കുവിനെ താഴെയിറക്കിയതും പഗ്ഗു വാലാട്ടി ഓടിയെത്തി അവനെ നക്കിത്തുടച്ചു. അപ്പോഴേക്കും അഭിച്ചേട്ടന്റെ അമ്മ അവനുള്ള പാല് ചൂടാക്കിക്കൊണ്ടുവന്നു. കൈയിലൊരു പുതപ്പുമുണ്ടായിരുന്നു. ചിങ്കു ഒരുപാടുനാളുകൾക്കുശേഷം പേടിക്കാതെ സന്തോഷത്തോടെ വയറുനിറച്ചു പാലുകുടിച്ചു. എന്നിട്ട് പുതപ്പിന്റെ ചൂടിൽ സമാധാനത്തോടെ അഭിച്ചേട്ടന്റെ കാൽച്ചുവട്ടിലേക്ക് നീങ്ങി പതുങ്ങിക്കിടന്നു . കൂടെ പഗ്ഗുവും !
ഇപ്പോൾ ചിങ്കു ഹാപ്പിയാണ് മക്കളേ . നിങ്ങളെല്ലാവരും സഹജീവികളോട് സ്നേഹവും കരുണയുമുള്ളവരാകണേ . നമ്മുടെ ഭൂമിക്ക് എല്ലാവരും അവകാശികളാണെന്ന് ഓർമ്മ വേണേ !
Content Summary : Short story for children by Shivani Shekhar