‘ജയില്‍ ഒന്നു കാണിച്ചു തരുവോ സാറേ...’: പൊലീസ് സ്റ്റേഷനിൽ എത്തിയ അതിഥിയുടെ ആഗ്രഹം
Mail This Article
പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടിപ്പട്ടാളത്തിന്റെ ഒരു വിഡിയോ വൈറലാകുകയാണ്. ക്രിസ്മസ് കരോളുമായി കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ എത്തിയ ഒരു കൂട്ടം കുട്ടികളുടെ വിഡിയോ കേരളാ പൊലീസിന്റെ സമൂഹമാധ്യമ പേജിലാണ് പങ്കുവച്ചിരിക്കുന്നത്.‘കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ എത്തിയ അതിഥികൾ എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പൊതുവെ കുട്ടികൾക്ക് പൊലീസുകാരും സ്റ്റേഷനുമൊക്കെ അല്പം പേടി തന്നെയാണ്, എന്നാൽ ഇവരാകട്ടെ പൊലീസ് സ്റ്റേഷനിൽ പാട്ടും നൃത്തവുമായി ആഘോഷമാക്കുകയായിരുന്നു സാന്റാക്ലോസിനും കൂട്ടർക്കും പൊലീസ് സ്റ്റേഷനിൽ നിന്നും കേക്കും സമ്മാനമായി ലഭിച്ചു. വിഡിയോയുടെ ഒടുവിൽ കൂട്ടത്തിലൊരു ആൺകുട്ടി തന്റെ ആഗ്രഹം പൊലീസുകാരനോട് പറയുന്നതാണ് ഈ വിഡിയോയുടെ ഹൈലറ്റ്. ‘ജയില്‍ ഒന്നു കാണിച്ചു തരുവോ സാറേ...’ എന്ന ചോദിച്ചുകൊണ്ട് സ്റ്റേഷനകത്തേയ്ക്ക് കൂളായങ്ങ് കയറിപ്പോകുകയാണ് കക്ഷി. ‘ജയിലില്ലിവിടെ ലോക്കപ്പേയുള്ളൂ’ എന്ന് പൊലീസ് ഓഫീസറുടെ മറുപടിയും കേൾക്കാം.
‘പത്ത് മിനുട്ടു കൊണ്ട് പൊലീസ് സ്റ്റേഷന്‍ ഡെ കെയർ ആക്കി മാറ്റി’യെന്നും ‘ഇനി ചോറുണ്ടില്ലെങ്കിൽ പൊലീസ് പിടിക്കുമെന്ന് കുട്ടികളോട് എങ്ങനെ പറയും’ എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.
Content Summary :kerala police share a christmas carol video