വരനെ കണ്ടെത്തി !
ആ ഗ്രാമത്തിലെ മികച്ച കർഷകനായിരുന്നു ശിവലിംഗം. ഉപജീവനമായ കൃഷിയിലൂടെ മാത്രം ധനികനായിത്തീർന്ന ഒരാൾ. പക്ഷേ ശിവലിംഗത്തിന്റെ പിതാവ് ദരിദ്രനായ ഒരു കർഷകനായിരുന്നു.ആ ദാരിദ്ര്യം അനുഭവിച്ചറിഞ്ഞാണ് ശിവലിംഗം വളർന്നത്. ശിവലിംഗവും കൃഷിയിലൂടെ ഉപജീവനം കഴിക്കുന്നതിൽ മാതാപിതാക്കൾക്ക് അശേഷം താൽപ്പര്യമില്ലായിരുന്നു
ആ ഗ്രാമത്തിലെ മികച്ച കർഷകനായിരുന്നു ശിവലിംഗം. ഉപജീവനമായ കൃഷിയിലൂടെ മാത്രം ധനികനായിത്തീർന്ന ഒരാൾ. പക്ഷേ ശിവലിംഗത്തിന്റെ പിതാവ് ദരിദ്രനായ ഒരു കർഷകനായിരുന്നു.ആ ദാരിദ്ര്യം അനുഭവിച്ചറിഞ്ഞാണ് ശിവലിംഗം വളർന്നത്. ശിവലിംഗവും കൃഷിയിലൂടെ ഉപജീവനം കഴിക്കുന്നതിൽ മാതാപിതാക്കൾക്ക് അശേഷം താൽപ്പര്യമില്ലായിരുന്നു
ആ ഗ്രാമത്തിലെ മികച്ച കർഷകനായിരുന്നു ശിവലിംഗം. ഉപജീവനമായ കൃഷിയിലൂടെ മാത്രം ധനികനായിത്തീർന്ന ഒരാൾ. പക്ഷേ ശിവലിംഗത്തിന്റെ പിതാവ് ദരിദ്രനായ ഒരു കർഷകനായിരുന്നു.ആ ദാരിദ്ര്യം അനുഭവിച്ചറിഞ്ഞാണ് ശിവലിംഗം വളർന്നത്. ശിവലിംഗവും കൃഷിയിലൂടെ ഉപജീവനം കഴിക്കുന്നതിൽ മാതാപിതാക്കൾക്ക് അശേഷം താൽപ്പര്യമില്ലായിരുന്നു
ആ ഗ്രാമത്തിലെ മികച്ച കർഷകനായിരുന്നു ശിവലിംഗം. ഉപജീവനമായ കൃഷിയിലൂടെ മാത്രം ധനികനായിത്തീർന്ന ഒരാൾ.
പക്ഷേ ശിവലിംഗത്തിന്റെ പിതാവ് ദരിദ്രനായ ഒരു കർഷകനായിരുന്നു.ആ ദാരിദ്ര്യം അനുഭവിച്ചറിഞ്ഞാണ് ശിവലിംഗം വളർന്നത്.
ശിവലിംഗവും കൃഷിയിലൂടെ ഉപജീവനം കഴിക്കുന്നതിൽ മാതാപിതാക്കൾക്ക് അശേഷം താൽപ്പര്യമില്ലായിരുന്നു .
കാർഷികവൃത്തിയിലെ കൊടും ദാരിദ്ര്യം മകനും അനുഭവിക്കരുതെന്ന് അവർ കരുതി.
അതിനാൽ തന്നെ വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും അവന് നല്ല വിദ്യാഭ്യാസം നൽകാനവർ ശുഷ്ക്കാന്തി കാണിച്ചു.
പക്ഷേ, കുട്ടിക്കാലം മുതൽ കൃഷിയും കാർഷിക വൃത്തിയും കണ്ടു വളർന്ന ശിവലിംഗം ഉപജീവനത്തിന് മറ്റൊരു വഴി തേടിയില്ല.
പാഠ്യവിഷയങ്ങൾക്കൊപ്പം കൃഷി സംബന്ധമായ നാട്ടറിവുകളും ആധുനിക കൃഷി സമ്പ്രദായങ്ങളും ശിവലിഗം സ്വായത്തമാക്കി. മാതാപിതാക്കളുടെ ആഗ്രഹത്തിനു വിപരീതമായി കൃഷി തന്നെ തന്റെ തൊഴിലായി സ്വീകരിക്കുകയായിരുന്നു ശിവലിംഗം.
നവീന കൃഷിരീതികളിലൂടെ അയാൾ മികച്ച വരുമാനം നേടുന്നുണ്ടെന്ന് ബോദ്ധ്യപ്പെട്ടു തന്നെയാണ് അയാളുടെ മാതാപിതാക്കൾ ഇഹലോകവാസം വെടിഞ്ഞത്.
സാധാരണയുള്ള കൃഷി വിളകളോടൊപ്പം പൂക്കളുടെ കൃഷിയും ശിവലിംഗം ചെയ്തിരുന്നു. പരസ്പര പൂരകങ്ങളായ കൃഷിയിൽ കന്നുകാലികളും കോഴികളും മീനും തേനീച്ചകളും വർത്തുളാകൃതിയിൽ നിരന്നു.
അവയുടെ കൃത്യമായ പരിപാലനത്തിലൂടെ അയാൾ അനുദിനം വരുമാനം വർദ്ധിപ്പിച്ചു. പാട്ടത്തിനെടുത്തിരുന്ന കൃഷിഭൂമികളെല്ലാം പിന്നീട് വിലയ്ക്ക് വാങ്ങാൻ പോലും ശിവലിംഗത്തിനു സാധിച്ചു.
അയാളുടെ കാർഷികപ്പെരുമ അന്യദേശങ്ങളിലും എത്തി.
നിരവധി കർഷകർ ശിവലിംഗത്തിന്റെ കൃഷിനിലങ്ങൾ സന്ദർശിച്ച് അസൂയ പൂണ്ടു.
നിര നിരയായുള്ള വാഴക്കുലകളും പച്ചക്കറികളും പൂക്കളും മന്ദമാരുതനിൽ ഉല്ലസിച്ചിരുന്ന നെൽച്ചെടികളും മനം നിറയ്ക്കുന്ന കാഴ്ച തന്നെയായിരുന്നു. പൂക്കളുടെ സൗരഭ്യം അവിടമാകെ നിറഞ്ഞു നിന്നു. പലതരം പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും തേനീച്ചകളുടെയും സാന്നിദ്ധ്യം കൊണ്ട് അസാധാരണമായ ചൈതന്യം ആ പ്രദേശമാകെ നിറഞ്ഞു.
അവിടം കൃഷിയുടെ പരിശീലനക്കളരിയായും മാറി.
കാർഷിക പഠന ക്ലാസ്സുകളിൽ ശിവലിംഗം സ്ഥിരം ഉപദേശകനായി. കുറെയാളുകൾ ശിവലിംഗത്തിന്റെ കീഴിൽ ഉപജീവനം നേടി.
ഭാര്യയും ശിവലിംഗത്തിന്റെ കൃഷിപ്പണികളിൽ ശ്രദ്ധാലുവായിരുന്നു.
ശിവലിംഗത്തിന് ഒരു പുത്രിയാണുള്ളത്.
ചിത്രാഞ്ജലി എന്ന അവൾക്ക് വിദ്യാഭ്യാസവും കഴിഞ്ഞ് വിവാഹപ്രായമെത്തി. അച്ഛന്റെ കാർഷികവൃത്തികൾ കണ്ടും കേട്ടും ശീലിച്ചുമാണ് അവളും വളർന്നത്.
അവൾക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തണം. ശിവലിംഗം തീരുമാനിച്ചു. അച്ഛനും മകൾക്കും മറ്റൊരഭിപ്രായമുണ്ടായിരുന്നില്ല; വരൻ നല്ലൊരു കർഷകൻ തന്നെയായിരിയ്ക്കണം.
തന്റെ പാരമ്പര്യവും കൃഷിയും നിലനിർത്താൻ കഴിവുള്ള ഒരാളാവണം.
അങ്ങനെയുള്ള ഒരാളെ പലയിടത്തും അന്വേഷിച്ചു. പല പരിചയക്കാരോടും പറഞ്ഞു. സുമുഖിയും സുശീലയുമായ ചിത്രാഞ്ജലിയിൽ ആകൃഷ്ടരായ യുവാക്കൾ കല്യാണാലോചനയുമായി എത്തി.
പക്ഷെ ശിവലിംഗത്തിന്റെ സങ്കൽപ്പത്തിനനുയോജ്യനായ ഒരാളെ കണ്ടെത്താനായില്ല.
മകൾക്ക് വരനെ കണ്ടെത്താൻ ശിവലിംഗം ഒരു വിളംബരം ചെയ്തു. ഒരു കാർഷിക മൽസര പരീക്ഷ വിജയിയ്ക്കുന്നവർക്ക് തന്റെ പുത്രി ചിത്രാഞ്ജലിയെ വിവാഹം കഴിച്ചു കൊടുക്കും.
വരന്റെ മറ്റു ചുറ്റുപാടുകൾ ഒന്നും പ്രശ്നമേയല്ല.
ഈ വാർത്ത നാട്ടിലാകെ പരന്നു. അനവധി യുവാക്കൾ പരീക്ഷയുടെ വിശദവിവരങ്ങൾ അന്വേഷിച്ചെത്തിത്തുടങ്ങി. ഏതൊരു യുവാവിനെയും ആകർഷിക്കുന്ന വിധം രൂപഭംഗിയുള്ള യുവതിയാണ് ചിത്രാഞ്ജലി. യുവാക്കളോട് ശിവലിംഗം പരീക്ഷയെക്കുറിച്ച് വിശദീകരിച്ചു
വേറൊന്നുമില്ല, തന്റെ പുരയിടത്തിൽ ഒരു തെങ്ങിൻ തൈ നടണം. അത്രതന്നെ! അതിൽ വിജയിക്കുന്നവന് മകളെ വിവാഹം ചെയ്യാം. പക്ഷേ വിജയിയെ പ്രഖ്യാപിക്കുന്നത് തന്റെയും മകളുടെയും തീരുമാനത്തിന് വിധേയമായിരിക്കും.
അനവധി യുവാക്കൾ പരീക്ഷയിൽ പങ്കെടുക്കാനായി വരി നിൽക്കാൻ തുടങ്ങി. തെങ്ങിൻ തൈ നടാനായി കയ്യിൽ എടുക്കുമ്പോൾ തന്നെ ശ്രമം പരാജയപ്പെട്ടതായി ചിലർക്ക് അറിയിപ്പ് കിട്ടി. കുഴി വെട്ടാൻ തുടങ്ങുമ്പോൾ ചിലരോട് ഇനി തുടരേണ്ടതില്ല എന്ന് ശിവലിംഗം അറിയിച്ചു.
ചിലർ കുഴിയിൽ തൈ വച്ച് മണ്ണിടുവാൻ തുടങ്ങുമ്പോൾ പരാജയപ്പെട്ടതായി അറിയിപ്പ് കൊടുത്തു.
നിരവധി യുവാക്കൾ നിരാശരായി മടങ്ങി.
ഇതു കണ്ടു നിന്ന കാഴ്ചക്കാർ ചിലരെ കൂക്കി വിളിച്ചു .
ഈ പരീക്ഷയിൽ വിജയം കൈവരിക്കാനുള്ള രഹസ്യം എന്താണെന്നത് പിതാവിനും പുത്രിക്കും മാത്രമേ അറിയുകയുള്ളു!
വളരെ നിസ്സാരമെന്നു തോന്നുന്ന പരീക്ഷാകടമ്പ കടക്കാൻ ദിവസങ്ങൾ കഴിഞ്ഞിട്ടും ആർക്കും കഴിഞ്ഞില്ല.
ശിവലിംഗത്തിനാകട്ടെ കനത്ത നിരാശയും ബാധിച്ചു. താൻ ആഗ്രഹിക്കുന്ന ഗുണഗണങ്ങളുള്ള ഒരു കർഷകയുവാവിനെ ഇതേ വരെ കണ്ടെത്താനായില്ലല്ലോ എന്ന് അയാൾ കുണ്ഠിതപ്പെട്ടു.
ചിത്രാഞ്ജലി അച്ഛനെ ആശ്വസിപ്പിച്ചു. അച്ഛൻ ആഗ്രഹിക്കുന്ന വിധം കഴിവുള്ള ആൾ എത്തിയില്ലെങ്കിൽ തനിയ്ക്ക് വിവാഹം തന്നെ വേണമെന്നില്ല എന്നവളും അറിയിച്ചു. ദിവസങ്ങൾ കടന്നു പോയി.
മുൻ വശത്തു തൂക്കിയിരുന്ന ഓട്ടുമണി ശബ്ദിക്കുന്നത് കേട്ട് അന്നു രാവിലെ ചിത്രാഞ്ജലി ഉമ്മറത്തേയ്ക്ക് വന്നു. ഒരു യുവാവ് മുമ്പിൽ.
"അച്ഛൻ സ്ഥലത്തില്ല, ഒരാവശ്യവുമായി പോയിരിയ്ക്കുകയാണ്. വൈകിട്ടേ എത്തുകയുള്ളു."
അവൾ മൊഴിഞ്ഞു.
"ഞാൻ നാഗരാജൻ, ഇവിടെ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളയാളാണ്. കുറെ അകലെ നിന്നാണ്. ഇനി രണ്ടു നാൾ കഴിഞ്ഞു വരാം. വിവരം കുമാരി ദയവായി അച്ഛനെ അറിയിച്ചാൽ സന്തോഷമായി."
തന്നെ വിവാഹം ചെയ്യാനാഗ്രഹിച്ച് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ യുവാവിനെ അവൾ കൗതുകത്തോടെ ശ്രദ്ധിച്ചു.
അവളുടെ ഹൃദയത്തിൽ ഒരു വെള്ളി വെളിച്ചം പരന്നു. ബലിഷ്ടകായനായ, മുഖശ്രീയുള്ള ഒരാൾ! ഇയാൾക്ക് പരീക്ഷ ജയിക്കാനാവുമോ? ജയിച്ചെങ്കിൽ! അവളുടെ ഉളളം ഒന്നു പിടഞ്ഞു.
വന്നയാളിൽ എന്തോ സവിശേഷത അവൾ കണ്ടെത്തി.
അയാൾ മത്സരം ജയിച്ചെങ്കിൽ! അവളുടെ മനസ്സ് വീണ്ടും മന്ത്രിച്ചു.
വൈകിട്ട് പിതാവിനോട് വിവരങ്ങൾ അവൾ ധരിപ്പിച്ചു .
രണ്ടു ദിവസം കഴിഞ്ഞു. മത്സരത്തിൽ പങ്കെടുക്കാൻ ഇന്നാണ് യുവാവ് എത്താമെന്നറിയിച്ചിരിക്കുന്നത്.
രാവിലെ തന്നെ കുളിച്ചൊരുങ്ങി അവൾ ആ യുവാവിന്റെ വരവിനായി കാത്തിരുന്നു.
പക്ഷേ, അയാൾ നേരം നന്നായി പുലർന്നിട്ടും എത്തിച്ചേർന്നിട്ടില്ല.
പ്രതീക്ഷകൾക്ക് മങ്ങലേറ്റതുപോലെ!
സമയം വൈകുന്തോറും അവൾക്കാകാംക്ഷയായി.
അയാൾ ഇനി വരുമോ? വന്നാൽ തന്നെ ഈ പരീക്ഷ വിജയിക്കുമോ ?
അവളുടെ മനസ്സ് അസ്വസ്ഥമായി. സമയം കടന്നു പോയി.
ദൂരെ ഒരു ആളനക്കം. അതാ!
അങ്ങകലെ നിന്ന് അയാൾ നടന്നു വരുന്നത് അവൾ കണ്ടു.
അവൾ ഉത്സാഹഭരിതയായി.
"അച്ഛാ, ആളെത്തിക്കഴിഞ്ഞു.! "
എന്തെന്നില്ലാത്ത ആവേശത്തോടെ ചിത്രാഞ്ജലി അച്ഛനെ വിളിച്ചറിയിച്ചു.
അവളുടെ ഉത്സാഹം ശിവലിംഗത്തിൽ അദ്ഭുതമുണർത്തി.
"ഞാൻ നാഗരാജൻ. രണ്ടു ഗ്രാമത്തിനപ്പുറമാണ് വീട് . "
യുവാവ് വന്നയുടൻ ഉദ്ദേശ്യം വെളിപ്പെടുത്തിക്കൊണ്ട് ശിവലിംഗത്തിനെ പരിചയപ്പെട്ടു.
"ശരി , എന്നാപ്പിന്നെ സമയം കളയണ്ട! പരീക്ഷ തുടങ്ങുകയല്ലേ! ഒരു തെങ്ങിൻ തൈ നടാമല്ലോ അല്ലേ?"
"തീർച്ചയായും. പക്ഷേ ഇനി ഒരു നാഴിക സമയം കൂടെ കഴിയട്ടെ! "
യുവാവ് പ്രതിവചിച്ചു.
"ഇപ്പോൾ നേരം സൂര്യോദയം കഴിഞ്ഞ് 8 നാഴികയും ഒരു വിനാഴികയും കഴിഞ്ഞ നേരം. ഒരു നാഴിക കഴിഞ്ഞാൽ തെങ്ങു നടാൻ ഉത്തമം, ഉചിതം. "
യുവാവിന്റെ വാക്കുകൾ കർഷകനായ ശിവലിംഗത്തിൽ ആദ്യം തന്നെ യുവാവിനെക്കുറിച്ച് മതിപ്പുളവാക്കി.
പക്ഷേ അയാൾ അത് പുറത്ത് കാണിച്ചില്ല.
ആദ്യമായാണ് ഒരു മത്സരാർത്ഥിയിൽ നിന്ന് ഇപ്രകാരം ഒരു മറുപടി വന്നതെന്ന് ചിത്രാഞ്ജലിയും മനസ്സിലാക്കി.
"അതാ അവിടെയാണ് തൈകൾ കൂട്ടിയിട്ടിരിക്കുന്നത്, അതിൽ ഒരെണ്ണം എടുത്തു കൊണ്ടു വന്ന് നട്ടു കാണിച്ചാൽ മതി."
ശിവലിംഗം യുവാവിനോട് ആവശ്യപ്പെട്ടു. നിർദ്ദിഷ്ട സമയമായപ്പോൾ യുവാവ് തെങ്ങിൻ തൈകളുടെ സമീപത്തേയ്ക്ക് നടന്നു. ചിത്രാഞ്ജലിയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു.
യുവാവ് ആദ്യം ചെയ്തത് തൈകൾ വിശദമായി പരിശോധിക്കുകയായിരുന്നു.
കൂട്ടത്തിൽ ഉണ്ടായിരുന്ന വലിയവ മാറ്റി വച്ച്, ഇലകൾക്ക് സമ്പുഷ്ട പച്ചനിറമുള്ളതും ചെറുതുമായ ഒരെണ്ണം തെരഞ്ഞെടുത്തു.
ഇതു തന്നെ നടാനാവുമെന്നറിയിച്ചു. ശിവലിംഗം ഒന്നുമുരിയാടാതെ നിർവികാരനായി തലയാട്ടി നിന്നു.
അച്ഛന്റെ മുഖഭാവം മകൾ ശ്രദ്ധിച്ചു.
എന്താണച്ഛന്റെ മനസ്സിലുള്ളത് എന്നു അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല.
മുന്നനുഭവം വച്ച് യുവാവ് തോറ്റുപോയി എന്ന വാക്കുകൾ അച്ഛന്റെ വായിൽ നിന്നു വീഴുന്നത് എപ്പോഴാണ് എന്നു കാത്ത് അവൾ ഭീതി നിറഞ്ഞ ഉത്കണ്ഠയോടെ നില കൊണ്ടു.
യുവാവിന്റെ മുഖം ഇപ്പോഴും പ്രസന്നമായി തുടരുന്നതും അവൾ ശ്രദ്ധിച്ചു.
അടുത്തതായി തൈ നടണ്ടേ സ്ഥലം അയാൾ പരതി. ആ ചെറുപ്പക്കാരൻ പുരയിടം മുഴുവൻ നിരീക്ഷണ വിധേയമാക്കി.
വീടിന് അൽപ്പം അകലെ ഒരു സ്ഥലം കണ്ടു പിടിച്ച് രേഖപ്പെടുത്തി.
അവിടത്തെ മണ്ണ് അൽപ്പം എടുത്ത് വായിൽ ഇട്ടു രുചിച്ചു നോക്കി തുപ്പിക്കളഞ്ഞു.
തുടർന്ന് അയാൾ നടീലിനാവശ്യമായ മൺവെട്ടിയും കൂന്താലിയും കരുതി. ചകിരിച്ചോറ്, എല്ലുപൊടി, പച്ചില വളം, ഉപ്പ്, കുമ്മായം എന്നിവ യഥേഷ്ടം കൊണ്ടുവരാനാവശ്യപ്പെട്ടു.
ഈ പ്രവൃത്തികളെല്ലാം സാകൂതം വീക്ഷിച്ചുകൊണ്ട് അച്ഛനും മകളും നിന്നു . "ഇവിടം നല്ല സൂര്യപ്രകാശം കിട്ടും. തെങ്ങ് നേരെ തന്നെ വളരും. തേങ്ങ അയൽക്കാരുടെ പറമ്പിലോ വീടിനു മുകളിലോ വീഴില്ലെന്നുറപ്പാണ്. " യുവാവ് ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു.
ഒരു മൂന്നേകാൽ അടി ചതുരാകൃതിയിൽ നല്ലൊരു കുഴി ഇതിനകം യുവാവ് തീർത്തിരുന്നു. അതിൽ ചകിരിച്ചോറ്, പച്ചില വളം, എല്ലുപൊടി, ഉപ്പ് എന്നിവ ആവശ്യാനുസൃതം നിക്ഷേപിച്ച് തൈ നട്ട ശേഷം മണ്ണിട്ടു നികർത്തി കുമ്മായവും വിതറി. അൽപ്പം വെള്ളവുമൊഴിച്ച് തിരിഞ്ഞു നോക്കുമ്പോൾ നിറകണ്ണുകളോടെ ശിവലിംഗം നിൽക്കുന്നു.
ചിത്രാഞ്ജലിയും അവളുടെ അമ്മയും ഈ പ്രവൃത്തികൾക്കെല്ലാം സാക്ഷ്യം വഹിച്ചു കൊണ്ട് അൽപ്പമകലെ അവിശ്വസനീയതയോടെ നിന്നു.
പരീക്ഷയിൽ പങ്കെടുത്ത മറ്റു യുവാക്കളോട് ഉന്നയിച്ചിരുന്ന ഒരു തടസ്സ വാദവും ശിവലിംഗം ഈ ചെറുപ്പക്കാരന്റെ പ്രവൃത്തികളിൽ കണ്ടെത്തിയില്ല എന്നത് ചിത്രാഞ്ജലി ശ്രദ്ധിച്ചിരുന്നു.
ശിവലിംഗമപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു ഈ യുവാവ് തന്നെയാണ് താൻ അന്വേഷിച്ചിരുന്നയാൾ എന്ന്.
കാർഷികവൃത്തിയിൽ ആഴത്തിലുള്ള അറിവും കഴിവുമുള്ളവനാണെന്നു ഇയാൾ തെളിയിച്ചു കഴിഞ്ഞു.
"മോനേ, നാഗരാജാ, നീ വിജയിച്ചു കഴിഞ്ഞു.ഇനി എന്റെ പുത്രിക്കും എന്റെ കാർഷിക സാമ്രാജ്യത്തിനും നീയാണ് അവകാശി..."
ശിവലിംഗത്തിന്റെ വാക്കുകൾ
പൂർത്തിയാകും മുമ്പ് നാഗരാജൻ ഇടയ്ക്ക് കയറി.
"പക്ഷേ. എന്റെ മാതാപിതാക്കളുടെ അനുവാദം ഇല്ലാതെ എനിക്കീ വിവാഹത്തിന് സമ്മതമേകാനാകില്ല. എന്റെ പശ്ചാത്തലം കൂടി അങ്ങറിഞ്ഞ ശേഷം മാത്രം വിവാഹ നിശ്ചയം നടത്തുന്നതാണ് ഉത്തമം! "
എത്ര പക്വമായ വാക്കുകളാണ് നാഗരാജന്റെതെന്ന് ശിവലിംഗം തിരിച്ചറിഞ്ഞു.
ചിത്രാഞ്ജലി വീണ്ടും ഉത്ക്കണ്ഠാകുലയായി.
അയാളുടെ മാതാപിതാക്കൾ ഇനി വിവാഹത്തിന് അനുവദിക്കാതിരുന്നാലോ?
അതായിരുന്നു അവളുടെ ആധി.
നാഗരാജൻ മടങ്ങിപ്പോയ ശേഷം ശിവലിംഗം വരനെ സംബന്ധിച്ച വിവാഹപൂർവ്വ അന്വേഷണവുമായി ഇറങ്ങി.
അയാൾ നാഗരാജന്റെ ഗ്രാമത്തിലെത്തിച്ചേർന്നു.
അയാൾ ദൂരെ നിന്നു കണ്ടത് മുന്തിയ ഇനം നെല്ലു വിളഞ്ഞു കിടക്കുന്ന പാടങ്ങളും അതിൽ പണിയെടുക്കുന്ന നാഗരാജനെയും മാതാപിതാക്കളെയുമാണ്.
നാഗരാജനോട് ചേർന്നു നിന്ന് ഒരു യുവതി കൃഷിപ്പണിയിൽ ഉത്സാഹത്തോടെ സഹായിക്കുന്നത് ശിവലിംഗം കണ്ടു.
ഒരു വഴിപോക്കനോട് ആ യുവതി ആരാണെന്ന് അയാൾ അന്വേഷിച്ചു. കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു.
അതയാളുടെ ഭാര്യയാണെന്നായിരുന്നു വഴിപോക്കൻ പറഞ്ഞത്.
ഇനിയും മുന്നോട്ടു പോകേണമോയെന്ന് ചിന്തിച്ച് സംശയിച്ചു തിരിഞ്ഞു നടന്ന ശിവലിംഗമൊന്നു കൂടി ഞെട്ടി.
മുന്നിൽ അയാൾ കണ്ടത് നാഗരാജനെ തന്നെയായിരുന്നു.!
നാഗരാജന്റെ ഇരട്ട സഹോദരനായ ദേവരാജനും ഭാര്യയുമാണ് വയലിൽ നിന്നു പണിയെടുക്കുന്നതറിഞ്ഞ ശിവലിംഗത്തിന്റെ മുഖത്ത് അദ്ഭുതം നിറഞ്ഞ പുഞ്ചിരിയുടെ പൂത്തിരി കത്തി.
പിന്നെയൊട്ടും വൈകിയില്ല.
നാഗരാജനുമായുള്ള വിവാഹം നടന്ന ശേഷം ഒരു ദിവസം ചിത്രാഞ്ജലി അച്ഛനോട് നാഗരാജന്റെ പരീക്ഷാ വിലയിരുത്തലുകളെക്കുറിച്ച് ചോദിച്ചു.
"അത് നീയറിയണം മോളേ! നാഗരാജൻ കൃഷിയെസ്സംബന്ധിച്ച് നല്ല ജ്ഞാനമുള്ളവനാണെന്നത് പരീക്ഷയിൽ പങ്കെടുക്കാൻ അയാൾ തെരഞ്ഞെടുത്ത ദിവസവും സമയവും വെളിപ്പെടുത്തിയിരുന്നു. തൈകൾ നടാൻ ഏറ്റവും ഉത്തമമായത് ഞാറ്റുവേല ദിവസമാണ്. രണ്ടു ദിവസം കഴിഞ്ഞുള്ള ഞാറ്റുവേല ദിവസം തന്നെയാണ് നാഗരാജൻ തൈ നടാൻ വന്നത്. അത് തന്നെയാണ് അയാളുടെ ഒന്നാമത്തെ വിജയം. ഇവിടം സന്ദർശിച്ച ആദ്യ ദിവസം തന്നെ ഈ പ്രദേശത്തിന്റെ കാർഷിക ആവാസ വ്യവസ്ഥ അന്ന് അയാൾ വിലയിരുത്തിക്കാണണം.
വിത്ത് തൈ എടുത്തപ്പോൾ നല്ലയിനം വേരുകളും ആറിതൾ ഇലകളുമുള്ള തെങ്ങിൻ തൈയാണ് നാഗരാജൻ തെരഞ്ഞെടുത്തത്. മത്സരത്തിൽ പങ്കെടുത്തവരിൽ ആരും ചെയ്യാത്ത കാര്യമായിരുന്നു അത്.
മണ്ണു രുചിച്ചു നോക്കി മണ്ണിൽ അമ്ള ഗുണം കൂടുതൽ മനസ്സിലാക്കി കുമ്മായം പ്രത്യേകം ചോദിച്ചു വാങ്ങി.
മറ്റു വൃക്ഷങ്ങളിൽ നിന്ന് 24 അടി അകലം കണ്ടെത്തി നല്ല സൂര്യപ്രകാശം കിട്ടുമെന്നുറപ്പുള്ള ഇടമാണ് തൈ നടുവാൻ തെരഞ്ഞെടുത്തത്. അവിടെ മൂന്നേകാൽ അടി കുഴിയെടുത്തതും ചകിരിച്ചോറും മറ്റു വളങ്ങളും ഒരടി നിറച്ച് തൈ വച്ച് ഒരടി മേൽ മണ്ണിട്ട് അമർത്തി കുമ്മായവും വശങ്ങളിൽ വിതറി തൈ നടീൽ സംരംഭം പൂർത്തിയാക്കിയതും തൈ നടീലിലും കൃഷിയിലുമുള്ള അയാളുടെ അപ്രമാദിത്യം വെളിപ്പെടുത്തി. ഒരു മികച്ച കർഷകനുള്ള എല്ലാ ഗുണങ്ങളും നാഗരാജനിൽ ഞാൻ കണ്ടെത്തി.
ശിവലിംഗത്തിന്റെ വിശദീകരണത്തിൽ ചിത്രാഞ്ജലിയുടെ മനസ്സിൽ ഭർത്താവിനെക്കുറിച്ചുള്ള മതിപ്പ് പെരുകുകയായിരുന്നു.
കൃഷിസ്ഥലം സന്ദർശിച്ച ശേഷം നാഗരാജൻ അപ്പോൾ മടങ്ങിവരുന്നുണ്ടായിരുന്നു. തന്റെ ജീവിത പങ്കാളിയോട് ആദരവു കലർന്ന സ്നേഹം അവളിൽ പൂത്തു വിരിഞ്ഞു.
എല്ലെസ് അശോക്
Content Summary : Bedtime story - Varane Kandethi