കേണൽ ഡിക്രൂസ് പറഞ്ഞത് പച്ചക്കള്ളം: നിങ്ങൾക്ക് കണ്ടുപിടിക്കാമോ കഥയിലെ തെറ്റ്
Mail This Article
കൂട്ടുകാരെ, കഥകൾ കേൾക്കാൻ നിങ്ങൾക്കിഷ്ടമാണല്ലോ. ഒരു കടംകഥ പറയാം. ശ്രദ്ധിച്ച് കേൾക്കണം കേട്ടോ.
ഒരിക്കൽ വരാന്തയിലിരുന്ന്, പണ്ടു താൻ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത കഥ പേരക്കുട്ടിയായ പക്രൂസിനു പറഞ്ഞുകൊടുക്കുകയായിരുന്നു കേണൽ ഡിക്രൂസ്.
‘ഞാനും എന്റെ കീഴിലുള്ള സൈനികരും വടക്കൻ ഫ്രാൻസിൽ ജർമൻ സൈന്യത്തിനെതിരെ പോരാടുകയായിരുന്നു. പെട്ടെന്ന് ശത്രുസൈന്യം ഒരു ലോറിയിൽ കയറി അങ്ങോട്ടെത്തി. വെള്ളം കുടിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ നേർക്ക് അവർ ഒരു ഗ്രനേഡ് വലിച്ചെറിഞ്ഞു. അതു പൊട്ടാൻ സെക്കൻഡുകൾ മാത്രം, പൊട്ടിയാൽ ഞാനും എന്റെ നൂറു പടയാളികളും തവിടുപൊടി. – ഡിക്രൂസ് പറഞ്ഞു.
ഒന്നും നോക്കിയില്ല, ഞാൻ കുടിച്ചുകൊണ്ടിരുന്ന വെള്ളം ആ ഗ്രനേഡിനുള്ളിലേക്ക് ഒഴിച്ചുകൊടുത്തു. ഗുമു ഗുമാന്ന് പുക ഉയർന്നു. ഇപ്പോ പൊട്ടിത്തെറിച്ച് എല്ലാം തന്തൂരിയാകും എന്ന രീതിയിൽ ജർമനിക്കാർ പുച്ഛിച്ച് ഞങ്ങളെ നോക്കി ചിരിച്ചു. ഒടുവിൽ ഗ്രനേഡ് ഒരു ചീറ്റു ചീറ്റി. ചൂടുവെള്ളം തെറിച്ച് ജർമൻ പട്ടാളക്കാരുടെ ദേഹത്തെല്ലാം വീണു. ആകപ്പാടെ പൊള്ളിയ അവർ നിലവിളിച്ചു. ഡിക്രൂസ് പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നപ്പോൾ പക്രൂസ് അമ്പരന്നു നിന്നു.ഡിക്രൂസ് തുടർന്നു
അന്ന് വൈകുന്നേരം തന്നെ ഞങ്ങളുടെ സൈന്യാധിപൻ വിവരമറിഞ്ഞെത്തുകയും എന്നെ പിടിച്ച് അഭിനന്ദിച്ച ശേഷം ഒരു മെഡൽ സമ്മാനിക്കുകയും ചെയ്തു.’
ഇതു പറഞ്ഞ് ഡിക്രൂസ് ഒരു മെഡലെടുത്ത് പക്രൂസിനെ കാണിച്ചു.
‘ഇതാണ് ആ മെഡൽ, അതിൽ എഴുതിയിരിക്കുന്നത് വായിക്കൂ പക്രൂസ്’ അദ്ദേഹം ആവശ്യപ്പെട്ടു.
പക്രൂസ് അതു വായിച്ചു.
‘ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിന്റെ പടയാളികളെ രക്ഷിച്ചതിന് കേണൽ ഡിക്രൂസിനുള്ള അംഗീകാരം’ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്.
ഇതു വായിച്ച പക്രൂസ് ക്ഷുഭിതനായി മെഡൽ വലിച്ചെറിഞ്ഞു. ‘അപ്പൂപ്പൻ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഈ മെഡലും കള്ളമാണ്’ അവൻ പറഞ്ഞു. കേണൽ ഡിക്രൂസ് ഞെട്ടിപ്പോയി.‘അതെങ്ങനെ നിനക്ക് മനസ്സിലായി’ അദ്ദേഹം ചോദിച്ചു.
കൂട്ടുകാരെ കഥ കേട്ടല്ലോ.എന്തു കൊണ്ടായിരിക്കാം പക്രൂസ് അങ്ങനെ പറഞ്ഞത്. ഡിക്രൂസ് പറഞ്ഞതു കളവാണെന്നും മെഡലും കഥയും വ്യാജമാണെന്നും അവന് എങ്ങനെ മനസ്സിലായി? നിങ്ങൾക്ക് പറയാൻ സാധിക്കുമോ?
എങ്കിൽ ഉത്തരം പറയട്ടേ..
ഡിക്രൂസിനു സമ്മാനമായി കിട്ടിയ മെഡലിൽ ഒന്നാം ലോകയുദ്ധത്തിൽ ഫ്രാൻസിന്റെ പടയാളികളെ രക്ഷിച്ച എന്നൊരു വാക്യമുണ്ട്. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയത്താണല്ലോ ഈ മെഡൽ കിട്ടിയത്. അതിനാൽ തന്നെ പിന്നീടൊരു ലോകമഹായുദ്ധം നടക്കുമെന്ന് ആർക്കുമറിയില്ല. അതിനാൽ തന്നെ ഒന്നാം ലോകമഹായുദ്ധം എന്ന് മെഡലിൽ വരാൻ യാതൊരു സാധ്യതയുമില്ല.
എത്രപേർക്ക് പിടികിട്ടി ഇത്.