ADVERTISEMENT

കുറുക്കന്‍മാര്‍ കൗശലക്കാരായണല്ലൊ അറിയപ്പെടുന്നത്. നമ്മുടെ കുറുക്കനും വളരെ സൂത്രശാലി തന്നെയായിരുന്നു. കാടിന്‍റെ നടുവിലെ പുഴയരികിലെ പാറക്കെട്ടുകള്‍ക്കിടയിലായിരുന്നു മൂപ്പരുടെ താമസം. പുഴയിലെ വലിയ മീനുകളും, മീന്‍ പിടിക്കാന്‍ വരുന്ന കൊക്കുകളുമായിരുന്നു ഇഷ്ടന്‍റെ പ്രിയ ഭക്ഷണം.

പതിവുപോലെ മീന്‍ പിടിക്കാനിറങ്ങിയ കുറുക്കന്‍ കണ്ടതെന്താണെന്നോ? ഒരു വലിയ സിംഹം പുഴയരികിലേക്ക് മെല്ലെ മെല്ല നടന്നു വരുന്നു. കുറുക്കന്‍ ശരിക്കും ഞെട്ടിപ്പോയി. സിംഹം മീനിന്‍റെ സ്വാദറിഞ്ഞാല്‍ തന്‍റെ അന്നം മുട്ടുമെന്നു മാത്രമല്ല, തന്റെ ജീവനും അപകടത്തിലാകും. അവന്‍ ആലോചിച്ചു. പെട്ടെന്ന് അവന് ഒരു ബുദ്ധി തെളിഞ്ഞു.

സിംഹത്തിന്‍റെ കണ്ണില്‍പ്പെടാതെ അവന്‍ പുഴയരികിലെത്തി. എന്നിട്ട് നിലത്തുകിടന്ന് ഉറക്കെ കരയാന്‍ തുടങ്ങി അയ്യോ! അയ്യോ! രക്ഷിക്കണേ! രക്ഷിക്കണേ! ഞാനിപ്പം ചാകുവേ..

കരച്ചില്‍ കേട്ട് സിംഹം അടുത്തു വന്ന് ചോദിച്ചു. ങൂം!എന്തു പറ്റി?

ഒന്നും പറയണ്ട രാജന്‍! അടിയനൊരബദ്ധം പറ്റി. അമ്മ പറഞ്ഞിട്ടുണ്ട് ഈ പുഴയിലെ മീന്‍ വിഷമുള്ളതാണ്. അതുകൊണ്ട് ഒരിക്കലും ഇവിടെ നിന്നും മീന്‍ പിടിച്ച് തിന്നരുതെന്ന്. വിശപ്പ് സഹിക്കാതെ വന്നപ്പോള്‍ പുഴയില്‍ നിന്നും ഒരു മീന്‍ പിടിച്ചു തിന്നു. ഇപ്പോള്‍ വയറ്റില്‍ ഭയങ്കര വേദന. ഞാനിപ്പോള്‍ മരിക്കും. എന്നെ രക്ഷിക്കണേ! കുറുക്കന്‍ അപേക്ഷിച്ചു.

അമ്മ പറഞ്ഞത് കേള്‍ക്കാഞ്ഞിട്ടല്ലേ? നി അനുഭവിച്ചോ? നിന്നെ രക്ഷിക്കാന്‍ ഞാന്‍ വൈദ്യനൊന്നുമല്ലല്ലോ.. സിംഹം പറഞ്ഞു. പക്ഷെ സിഹം മനസ്സില്‍ വിചാരിച്ചത് മറ്റൊന്നാണ്. ഇവന്‍റെ അഭിനയം കൊള്ളാം! ഇവനിവിടെ കിടന്ന് മരിക്കട്ടെ. അല്‍പം കഴിഞ്ഞു വന്ന് ഇവനെ തിന്ന് വിശപ്പടക്കാം. സിംഹം തിരിഞ്ഞു നടന്ന് കാട്ടിലേക്ക് മറഞ്ഞു.

സിംഹം മുന്നില്‍ നിന്നും മറഞ്ഞുവെന്നുറപ്പായപ്പോള്‍ കുറുക്കന്‍ ചാടിയെഴുന്നേറ്റ് കാട്ടിനുള്ളിലേക്ക് ഓടി. അവിടെ നിന്നും രണ്ടു ദിവസം മുന്‍പ് ചത്ത ഒരു കുറുക്കന്‍റെ ശരീരം വലിച്ചുകൊണ്ടുവന്ന് അവന്‍ കിടന്നസ്ഥലത്തിട്ടു. എന്നിട്ട് ഒരു മരത്തിന്‍റെ മറവില്‍ മറഞ്ഞു നിന്നു.

അല്‍പം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ കണ്ട കാഴ്ച കണ്ട് സിംഹം നടുങ്ങിപ്പോയി. അപ്പോള്‍ കുറുക്കന്‍ പറഞ്ഞത് സത്യമായിരുന്നല്ലേ? സിംഹം ചത്തു കിടന്ന കുറുക്കന് ചുറ്റും മണത്തു നടന്നു. ഹും വല്ലാത്ത നാറ്റം. ഇത് വിഷം കയറി ചത്തതു തന്നെ. ഇവനെ തിന്നാല്‍ ഞാനും ചാവും. സിംഹം ഉള്ളിലോര്‍ത്തു. ഇനി ഈ പുഴയിലെ മീന്‍ എനിക്കു വേണ്ടേ വേണ്ട! എന്നിട്ട് തിരിഞ്ഞുപോലും നോക്കാതെ കാട്ടിലേക്ക് ഓടി മറഞ്ഞു.

സിഹം പോയെന്ന് ഉറപ്പായപ്പോള്‍ മരത്തിന്‍റെ മറവില്‍ നിന്നും കുറുക്കന്‍ പുറത്തുവന്നു. എന്നിട്ട് ചത്തകുറുക്കന്‍റെ ശരീരം പുഴയിലെ ഒഴുക്കിലേക്ക് തള്ളിവിട്ടു. അങ്ങിനെ ഏറെ നാളുകള്‍ അവന്‍ തന്‍റെ ഇഷ്ടഭക്ഷണം ശാപ്പിട്ട് അവിടെ കഴിഞ്ഞു കൂടി.

English Summary:

Forest Survival: How One Smart Fox Tricked a Hungry Lion–Bedtime story

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com