ആർട്ടിക് മഞ്ഞുമലകൾക്കിടയിലെ ഇന്ത്യയുടെ വീട് - ഹിമാദ്രി
Mail This Article
ധ്രുവങ്ങൾ, ആർട്ടിക് പര്യവേക്ഷണം ഇവയൊക്കെ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ. ഇക്കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇതാ ഒരു ആർട്ടിക് യാത്ര. അങ്ങു ദൂരെ, മഞ്ഞുമലകൾക്കിടയിൽ ഇന്ത്യയ്‌ക്കൊരു വീടുണ്ട്- ഹിമാദ്രി. പകൽ മാത്രമാണ് ഇവിടെ ആൾ താമസമുണ്ടാകുക. രാത്രിയായാൽ മിക്കവരും മടങ്ങും. മഞ്ഞുപാളികളെക്കുറിച്ച് ഗവേഷണം നടത്തുന്ന അൽപം ചില ഗവേഷകർ മാത്രം ചിലപ്പോൾ തുടരും. ഇരുട്ടും കൊടുംമഞ്ഞും. ഹിമക്കരടികളെപ്പോലെ ചില ജീവികൾ മാത്രം ആ ഇരുട്ടിൽ ഇരതേടി ഇറങ്ങും. ഇതെന്തൊരു നാടാണ് എന്ന് നിങ്ങൾ അദ്ഭുതപ്പെടുന്നുണ്ടോ?. എങ്കിൽ ഇതാണ് ആർട്ടിക്. ഭൂമിയുടെ ഉത്തരധ്രുവം. രാത്രിയും പകലുമാകുന്നതാണ് ഒരു ദിവസത്തിന്റെ കണക്ക് എന്നു വിശ്വസിക്കുന്നുണ്ടെങ്കിൽ ഒരു വർഷത്തിൽ ഒരു ദിവസം മാത്രമുള്ള നാട്. ഇവിടെ 6 മാസവും രാത്രിയാണ്. 6 മാസം പകലും. നിങ്ങൾക്കും ഹിമാദ്രിയിലേക്കു പോകണമെന്നുണ്ടോ... ഗവേഷണത്തിനായി 5 തവണ ഹിമാദ്രി സന്ദർശിച്ചിട്ടുള്ള വി.ജി.ഗോപികൃഷ്ണ ആർട്ടിക് യാത്രയെക്കുറിച്ച് പറഞ്ഞുതരുന്നു.
എവിടെ ഹിമാദ്രി
യാത്ര പുറപ്പെടുന്നതിനു മുൻപു മാപ്പെടുത്തു നോക്കാം. എവിടെയാണു ഹിമാദ്രിയെന്നു കൃത്യമായി അറിയണമല്ലോ. ഭൂമിയുടെ 65.4 ഡിഗ്രി നോർത്തിനു മുകളിലുള്ള സ്ഥലമാണ് ആർട്ടിക് എന്നറിയപ്പെടുന്നത് എന്നറിയാമല്ലോ. ഇതിൽതന്നെ ഹൈ ആർട്ടിക് എന്നറിയപ്പെടുന്ന ഭാഗത്തിൽപെട്ട ഒരു സ്ഥലമാണ് ന്യൂഅലിസണ്ട്. 79 ഡിഗ്രി നോർത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. നോർവേ എന്ന രാജ്യത്തിന്റെ ഭാഗം. അവിടെയാണു ഹിമാദ്രി.
പകലുറക്കം
ഇപ്പോൾ ഇവിടെ വേനൽക്കാലമാണ്. അതായത് മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ഉദിച്ച സൂര്യൻ ഇനി സെപ്റ്റംബർ - ഒക്ടോബർ മാസത്തിലായിരിക്കും അസ്തമിക്കുക. അതു നിങ്ങൾക്കു കുറച്ചുപ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. രാത്രി ഉറങ്ങി ശീലിച്ച നാം പകൽ മാത്രമുള്ള നാട്ടിൽ എപ്പോഴാണ് ഉറങ്ങുക. ഇവിടെയെത്തി കുറച്ചു ദിവസം നാമിതിനോടു പൊരുത്തപ്പെടാൻ ബുദ്ധിമുട്ടും. പിന്നെ, കിടപ്പുമുറിയുടെ കർട്ടൻ വിലച്ചിട്ട് ഇരുട്ടു സൃഷ്ടിച്ച് ഉറങ്ങാൻ ശീലിക്കും. ഹിമാദ്രിയുടെ മുകൾ നിലയിൽ നമുക്കായി 4 കിടപ്പുമുറികളുണ്ട്. എട്ടുപേർക്ക് ഇവിടെ താമസിക്കാം. താഴെ ഗവേഷണത്തിനുള്ള സൗകര്യങ്ങളാണ്. ചെറിയ ലാബും മറ്റും ഇവിടെയുണ്ട്. പക്ഷേ, ഹിമാദ്രിയിൽ അടുക്കളയില്ല. ഇവിടെ ഭക്ഷണം പാകം ചെയ്യാൻ അനുമതിയില്ല. കാരണമെന്തെന്നോ... ഭക്ഷണത്തിന്റെ മണം കിട്ടിയാൽ ഹിമക്കരടികൾ ആക്രമിച്ചേക്കും. അടുക്കളയ്ക്കു പകരം ഒരു പൊതു ഭക്ഷണശാലയുണ്ട്. ഹിമക്കരടികൾക്ക് ആക്രമിക്കാനാകാത്ത രീതിയിൽ തയാറാക്കിയ ഒരു കെട്ടിടത്തിലാണിതു പ്രവർത്തിക്കുന്നത്. ഉരുളക്കിഴങ്ങും ആവിയിൽ വേവിച്ച ഇറച്ചി, മീൻ തുടങ്ങിയവയൊക്കെയാണ് ഇവിടെ ലഭിക്കുന്ന ഭക്ഷണം.
ചുറ്റിയടിക്കാം...
തദ്ദേശവാസികൾ താമസിക്കുന്ന ലോങ് എയർബെൻ ആണ് വിനോദ സഞ്ചാരത്തിന്റെ കേന്ദ്രം. ആലപ്പുഴയിൽ ഹൗസ്‌ബോട്ടുകൾ പോലെ, ഇവിടെനിന്നും ചുറ്റിക്കറങ്ങാൻ ബോട്ടുകളുണ്ട്. ഇതിൽ ഒന്നോ രണ്ടോ ദിവസത്തെ യാത്ര നടത്താം. ലക്ഷക്കണക്കിനു രൂപ ചെലവുവരുമെന്നു മാത്രം. വേനൽക്കാലം അവസാനിക്കുന്നതോടെ ടൂറിസത്തിനും അവസാനമാകും. ലോങ് എയർബെന്നിലുള്ളവർ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് നോർവേയുടെ മറ്റുഭാഗങ്ങളിലേക്കു താമസം മാറ്റും. ഗവേഷണത്തിനെത്തുന്നവർക്കും കമ്പനി നൽകുന്ന ചെറിയ ബോട്ടുപയോഗിച്ച് യാത്രചെയ്യാവുന്നതാണ്. പരിശോധനയ്ക്കുള്ള സാംപിൾസ് കലക്ട് ചെയ്യാൻ ഇങ്ങനെയാണു പോകുക. അവിടുത്തെ ഹെവി മെറ്റൽസിന്റെ സാന്നിധ്യത്തെക്കുറിച്ച് പഠിക്കാനായിരുന്നു എന്റെ യാത്ര.
യഥാർഥത്തിൽ ഈ ഹെവി മെറ്റൽസിൽ മിക്കതും നമ്മുടെ നാട്ടിൽനിന്ന് അഥവാ ഏഷ്യയിൽ നിന്നെത്തുന്നതാണ്. കൽക്കരി കത്തിക്കുമ്പോഴും മറ്റും അന്തരീക്ഷത്തിലേക്കു പടരുന്ന ഇവ തണുത്ത മേഖലകളിലേക്കു നീങ്ങും. സ്വാഭാവികമായും ധ്രുവ പ്രദേശങ്ങളിൽ അടിയാനായിരിക്കും ഇവയുടെ വിധി. ഇതു ഭൂമിക്ക് വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കുക.
ആ... എത്തിയല്ലോ
ങേ... ഈ കുഞ്ഞുമഞ്ഞക്കെട്ടിടമാണോ ഹിമാദ്രി. അതെ, ഇതാണ് ഹിമാദ്രി. കാണുന്നതുപോലെയല്ല. ഈ കെട്ടിടത്തിന് ഒട്ടേറെ കഥകൾ പറയാനുണ്ട്. പണ്ട്, ഈ കെട്ടിടം ഒരു സ്‌കൂളായിരുന്നു. ഖനിത്തൊഴിലാഴികളുടെ മക്കളെ പഠിപ്പിക്കുന്ന സ്‌കൂൾ. അന്ന് ഈ നാട്ടിൽ നിറയെ കൽക്കരി ഖനികളുണ്ടായിരുന്നു. അപകടങ്ങൾ പതിവായതോടെ ഖനികൾ ഉപേക്ഷിച്ചു. ഖനിത്തൊഴിലാളികളും മക്കളുമെല്ലാം സ്വന്തം നാടുകളിലേക്കു പോയി. അതോടെ, ഖനി നടത്തിയിരുന്ന കിങ്‌സ് ബേ എന്ന കമ്പനി ഇതൊരു റിസർച് ബേസാക്കി മാറ്റുകയായിരുന്നു. കുട്ടികളുടെ സ്കൂൾ ഇന്ത്യ ഏറ്റെടുത്ത് ഹിമാദ്രി എന്ന പേരു നൽകി ഗവേഷണ പ്രവർത്തനങ്ങൾ തുടങ്ങി.
എന്തുകൊണ്ട് 6 മാസം പകൽ
ഭൂമി സ്വയം കറങ്ങുന്നതാണ് രാവും പകലും മാറിമാറി വരാൻ കാരണമെന്നറിയാമല്ലോ. ഭൂമിക്കുനേരെ തെളിച്ചുവച്ച ടോർച്ച് പോലെ പ്രകാശം പരത്തുന്ന സൂര്യൻ ഭുമിയുടെ ഒരു ഭാഗത്തു വെളിച്ചം നിറക്കുന്നു. ആ സമയം മറുഭാഗത്ത് ഇരുട്ടായിരിക്കും. ഭൂമി ഒന്നു കറങ്ങാൻ 24 മണിക്കൂർ സമയമെടുക്കുന്നതിനാൽ അതിനിടയിൽ ഇരുട്ടും വെളിച്ചവും അഥവാ പകലും രാത്രിയും മാറിമാറി വരുന്നു.
പക്ഷേ, ഭൂമി 23.5 ഡിഗ്രി ചെരിഞ്ഞാണല്ലോ കറങ്ങിക്കൊണ്ടിരിക്കുന്നത്. ഈ ചെരിവുമൂലം 6 മാസത്തോളം ഉത്തര ധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും സൂര്യപ്രകാശം ലഭിക്കുകയില്ല. അതേസമയം, ഭൂമി സ്വയം കറങ്ങുന്നതിനൊപ്പം സുര്യനെ വലംവയ്ക്കുന്നുമുണ്ടല്ലോ. ഇങ്ങനെ വലംവച്ച് മറുഭാഗത്തെത്തുന്നതോടെ സൂര്യപ്രകാശം ലഭിച്ചുതുടങ്ങും. ഭൂമിയുടെ ചെരിവുമൂലം ഇതും 6 മാസം തുടരും. അതായത് 6 മാസം പകൽ, അടുത്ത 6 മാസം രാത്രിയും.
വെടി വയ്ക്കല്ലേ...
ഇവിടെ വന്നാൽ ആദ്യം പഠിപ്പിക്കുന്നത് തോക്കുപയോഗിക്കാനാണ്. തോക്കിൽ പരിശീലനം നേടിയശേഷമേ പുറത്തിറങ്ങി നടക്കാവൂ. നമ്മുടെ നാട്ടിൽ ആനയിറങ്ങുന്നതു പോലെ ഇവിടെ ഹിമക്കരടികൾ ജനവാസമേഖലയിൽ തന്നെ കാണാറുണ്ട്. അവ ആക്രമിക്കാൻ സാധ്യത ഏറെയായതിനാൽ സ്വയ രക്ഷയ്ക്കുള്ളതാണു തോക്ക്. എങ്കിലും കണ്ടയുടനെ വെടിവയ്ക്കരുത്. അവയിൽനിന്നു പരമാവധി ഒഴിഞ്ഞുമാറിപ്പോകുകയാണു വേണ്ടത്. ഹിമക്കരടിയെക്കൂടാതെ നീർനായ, റെയ്ൻ ഡിയർ തുടങ്ങിയവയെല്ലാം ഇവിടെ കാണപ്പെടുന്ന ജീവികളാണ്. ധാരാളം പക്ഷികളും ഇവിടെയുണ്ട്. വേനൽക്കാലം അവയുടെ പ്രജനന കാലം കൂടിയാണ്.
ഇവിടെ കാണാനും പഠിക്കാനും ഒട്ടേറെ കാര്യങ്ങളുണ്ട്. മഞ്ഞുകട്ടകൾ വീണു കിടക്കുന്ന മലഞ്ചെരുവുകളും തണുത്ത ജലാശയങ്ങളും നമ്മുടെ മനം തണുപ്പിക്കും. ഇതു കാണാൻ ധാരാളം വിനോദസഞ്ചാരികളും ഇവിടെയെത്താറുണ്ട്.
ഇന്ത്യയുടെ സ്വന്തം
പതിനഞ്ചോളം രാജ്യങ്ങൾ ഇവിടെ ഗവേഷണം നടത്തുന്നുണ്ട്. 2008ൽ ഇന്ത്യ ഇവിടെ ഗവേഷണം ആരംഭിച്ചു. ഇവിടുത്തെ മഞ്ഞുപാളികൾക്കുണ്ടാക്കുന്ന ശോഷണം, മലിനീകരണം ഈ നാടിനെ ബാധിക്കുന്നത്, മഞ്ഞിൽ ഹെവി മെറ്റൽസിന്റെ സാന്നിധ്യം തുടങ്ങിയവയെല്ലാം നമ്മുടെ ഗവേഷകർ പഠനവിധേയമാക്കുന്നു. മിനിസ്ട്രി ഓഫ് എർത്ത് സയൻസിനു കീഴിൽ ഗോവയിൽ പ്രവർത്തിക്കുന്ന നാഷനൽ സെന്റർ ഫോർ പോളർ ആൻഡ് ഓഷ്യൻ റിസർച്ചാണ് (എൻസിപിഒആർ) ഗവേഷണങ്ങൾക്കു നേതൃത്വം നൽകുന്നത്.
English summary : Himadri is India's first permanent Arctic research station