മനുഷ്യജീവിതം സുഗമമാക്കിയ വാഹനങ്ങൾ: അറിയാം ഇവയുടെ പ്രവർത്തനവും വിശേഷങ്ങളും
രാജ്യാന്തര കാർ ഫ്രീ ദിനമാണ് കഴിഞ്ഞ ദിവസം (സെപ്റ്റംബർ 22) കടന്നുപോയത്. സ്വകാര്യ വാഹന ഉടമകൾ ഒരു ദിവസം വാഹനമുപേക്ഷിച്ച് കാൽനട, സൈക്ലിങ് തുടങ്ങിയ മാർഗങ്ങൾ അവലംബിക്കണമെന്നാണ് ആ ദിവസത്തിന്റെ സന്ദേശം. മനുഷ്യന്റെ ചരിത്രവും ജീവിതരീതിയും മാറ്റിമറിച്ച കണ്ടുപിടിത്തമാണ് വാഹനങ്ങൾ; ആദ്യകാലത്തു മൃഗങ്ങൾ
രാജ്യാന്തര കാർ ഫ്രീ ദിനമാണ് കഴിഞ്ഞ ദിവസം (സെപ്റ്റംബർ 22) കടന്നുപോയത്. സ്വകാര്യ വാഹന ഉടമകൾ ഒരു ദിവസം വാഹനമുപേക്ഷിച്ച് കാൽനട, സൈക്ലിങ് തുടങ്ങിയ മാർഗങ്ങൾ അവലംബിക്കണമെന്നാണ് ആ ദിവസത്തിന്റെ സന്ദേശം. മനുഷ്യന്റെ ചരിത്രവും ജീവിതരീതിയും മാറ്റിമറിച്ച കണ്ടുപിടിത്തമാണ് വാഹനങ്ങൾ; ആദ്യകാലത്തു മൃഗങ്ങൾ
രാജ്യാന്തര കാർ ഫ്രീ ദിനമാണ് കഴിഞ്ഞ ദിവസം (സെപ്റ്റംബർ 22) കടന്നുപോയത്. സ്വകാര്യ വാഹന ഉടമകൾ ഒരു ദിവസം വാഹനമുപേക്ഷിച്ച് കാൽനട, സൈക്ലിങ് തുടങ്ങിയ മാർഗങ്ങൾ അവലംബിക്കണമെന്നാണ് ആ ദിവസത്തിന്റെ സന്ദേശം. മനുഷ്യന്റെ ചരിത്രവും ജീവിതരീതിയും മാറ്റിമറിച്ച കണ്ടുപിടിത്തമാണ് വാഹനങ്ങൾ; ആദ്യകാലത്തു മൃഗങ്ങൾ
രാജ്യാന്തര കാർ ഫ്രീ ദിനമാണ് കഴിഞ്ഞ ദിവസം (സെപ്റ്റംബർ 22) കടന്നുപോയത്. സ്വകാര്യ വാഹന ഉടമകൾ ഒരു ദിവസം വാഹനമുപേക്ഷിച്ച് കാൽനട, സൈക്ലിങ് തുടങ്ങിയ മാർഗങ്ങൾ അവലംബിക്കണമെന്നാണ് ആ ദിവസത്തിന്റെ സന്ദേശം. മനുഷ്യന്റെ ചരിത്രവും ജീവിതരീതിയും മാറ്റിമറിച്ച കണ്ടുപിടിത്തമാണ് വാഹനങ്ങൾ; ആദ്യകാലത്തു മൃഗങ്ങൾ വലിച്ചിരുന്ന വണ്ടികളിൽ നിന്ന് ഇന്നത്തെ നിരത്തിൽ ചീറിപ്പായുന്ന വാഹനങ്ങൾ വരെ എന്തെല്ലാം മാറ്റങ്ങൾ; രൂപത്തിലും വേഗത്തിലും സൗകര്യത്തിലും. വാഹനം ഓടണമെങ്കിൽ പെട്രോളോ ഡീസലോ പോലെയുള്ള ഇന്ധനങ്ങൾ വാഹനത്തിന്റെ ടാങ്കിലൊഴിക്കണം എന്നു നമുക്കറിയാം. എന്നാൽ അതിനുശേഷം എന്ത്? ഇന്ധനം വാഹനങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത്? കൂട്ടുകാരെ, നമുക്ക് ഒന്നു മനസ്സിലാക്കാം, വാഹനങ്ങളെപ്പറ്റി.
∙എൻജിൻ– വണ്ടികളുടെ ഹൃദയം
വണ്ടികൾക്കു ഹൃദയമുണ്ടോ? ഉണ്ടെങ്കിൽ അത് എൻജിൻ തന്നെ. പലപ്പോഴും നമ്മൾ പെട്രോൾ എൻജിൻ, ഡീസൽ എൻജിൻ എന്നിങ്ങനെ കേൾക്കാറുണ്ട്...എന്താണു യഥാർഥത്തിൽ എൻജിൻ? നമ്മൾ കൊടുക്കുന്ന ഇന്ധനത്തിൽ നിന്നു (ഉദാ. പെട്രോൾ, ഡീസൽ) വണ്ടിക്ക് ഓടാനാവശ്യമായ ഊർജം ഉണ്ടാക്കുക എന്നതാണ് എൻജിന്റെ ഡ്യൂട്ടി. എൻജിനുകളെ പൊതുവേ രണ്ടായി തിരിച്ചിട്ടുണ്ട്. ഉള്ളിൽ ജ്വലനം നടക്കുന്ന ഇന്റേണൽ കംബസ്റ്റ്യൻ എൻജിനാണ് വാഹനങ്ങളിൽ പൊതുവേ ഉപയോഗിക്കപ്പെടുന്നവ; ഐസി എൻജിനുകൾ എന്ന് ഇവ ചുരുക്കിവിളിക്കപ്പെടുന്നു. പെട്രോൾ എൻജിൻ, ഡീസൽ എൻജിൻ ഇവയാണ് ഐസി എൻജിനുകളിലെ പ്രധാന താരങ്ങൾ.
പിസ്റ്റൺ, സിലിണ്ടർ. ഈ കൂട്ടുകാരാണ് എൻജിനെ എൻജിനാക്കുന്നത്. രണ്ടു വാൽവുകളും എൻജിനുണ്ട്, ഇൻലറ്റും ഔട്ട്ലറ്റും. ഇന്ധനവും വായുവും കൂടിക്കലർന്ന മിശ്രിതം ഇൻലറ്റ് വാൽവിലൂടെ സിലിണ്ടറിലേക്കെത്തും. അവിടെവച്ച് പിസ്റ്റൺ സിലിണ്ടറിനുള്ളിലേക്ക് അതിനെ അമർത്തി സങ്കോചിപ്പിക്കും. തുടർന്ന് ജ്വലനം. പെട്രോൾ എൻജിനുകളിൽ ജ്വലനത്തിനു തിരികൊളുത്താനായി സ്പാർക് പ്ലഗുകൾ ഉണ്ടായിരിക്കും. ഡീസൽ എൻജിനിൽ ഇതിന്റെ ആവശ്യമില്ല. ജ്വലനത്തിനു ശേഷം പിസ്റ്റൺ പുറത്തേക്ക് തള്ളും. വീണ്ടും തിരിച്ചുവരും, ഇതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കും. ഇതു മൂലം ഉണ്ടാകുന്ന ഊർജം, ട്രാൻസ്മിഷൻ സംവിധാനം വഴി ചക്രങ്ങളിലെത്തും. പിസ്റ്റൺ സിലിണ്ടറിനുള്ളിൽ ഒരു തവണ ചലിക്കുന്നതിനാണു സ്ട്രോക്ക് എന്നു പറയുന്നത്. ഇന്നത്തെ കാലത്ത് വൈദ്യുത വാഹനങ്ങൾ വളരെ പ്രശസ്തമാണ്. ഇവയ്ക്ക് എൻജിനില്ല. ഇലക്ട്രിക് മോട്ടറുകളാണ് ഇവയിൽ ഊർജം പകരുന്നത്.
∙ട്രാൻസ്മിഷൻ അഥവാ ജീവനാഡി
എൻജിനിൽ നിന്നുള്ള ഊർജം അതേപടി ചക്രങ്ങളിലേക്ക് എത്തുന്നില്ല. ട്രാൻസ്മിഷൻ സംവിധാനത്തിലൂടെയാണ് ഊർജം പോകുന്നത്. ക്ലച്ചും ഗിയറും, ഷാഫ്റ്റുകളും അടങ്ങിയതാണ് ട്രാൻസ്മിഷൻ സംവിധാനം.
ഗിയർ എന്നാൽ എന്താണ്? സ്റ്റീയറിങ് വീലിന് ഇടതുവശത്തു കുത്തിനിർത്തിയ കമ്പു പോലെ കാണുന്ന സംഭവമാണു ഗിയർ എന്നാണ് പലരുടെയും ധാരണ. തെറ്റാണേ ഇത്. അതു വെറും ഗിയർ നോബ് (ലീവർ) മാത്രമാണ്. ഗിയറെന്നാൽ പൽച്ചക്രങ്ങളാണ്. എൻജിനിൽ നിന്നുള്ള ഊർജം നേരിട്ടല്ല ചക്രങ്ങളിലെത്തുന്നത്. വണ്ടിക്ക് ആവശ്യമുള്ള രീതിയിൽ ഊർജത്തിന്റെ അളവ് ക്രമീകരിക്കേണ്ടത് ആവശ്യമാണ്. ഇതു നടക്കുന്നത് ഗിയർബോക്സിലാണ്. എൻജിനിൽ നിന്നുള്ള ഊർജം വഹിക്കുന്ന ഷാഫ്റ്റിലെ കുറച്ചു പൽച്ചക്രങ്ങളുള്ള ഗിയറുകൾ ചക്രങ്ങളിലേക്കുള്ള ഊർജം വഹിക്കുന്ന ഷാഫ്റ്റിലെ കൂടുതൽ പൽച്ചക്രങ്ങളുള്ള ഗിയറുകളുമായി കൂടിച്ചേർന്നാൽ കറങ്ങുന്ന സ്പീഡ്(ആർപിഎം) കുറയും. തിരിച്ചാണെങ്കിൽ കൂടും. ഇങ്ങനെ ഗിയറുകളെ ബന്ധിപ്പിക്കുകയും (എൻഗേജ്), വിഘടിപ്പിക്കുകയും (ഡിസെൻഗേജ്) ചെയ്യുന്ന ജോലിയാണ് ഗിയർനോബിനുള്ളത്.
ഗിയർമാറ്റം നടക്കുന്ന സമയത്ത് എൻജിനിൽ നിന്നുള്ള ഊർജം ഗിയറുകളിൽ എത്താതെ നോക്കേണ്ടത് ക്ലച്ചിന്റെ കടമയാണ്. ക്ലച്ച് ചവിട്ടുമ്പോൾ സംഭവിക്കുന്നതും അതു തന്നെ.
∙വണ്ടിയുടെ പാചകപ്പുര – കാർബറേറ്റർ
മനുഷ്യർ ആഹാരം കഴിക്കും, ശ്വാസമെടുക്കും. അതുപോലെ എൻജിന്റെ ആഹാരം ഇന്ധനമാണ്, എയർഫിൽട്ടറിലൂടെ വായുവും പിടിച്ചെടുക്കും. ഇതു തമ്മിൽ നിശ്ചിത അളവിൽ കൂട്ടിക്കലർത്തി എൻജിനിലേക്കു കൊടുക്കുന്നതു കാർബറേറ്ററാണ്. എന്നാൽ ഇന്നത്തെ വണ്ടികളിൽ കാർബറേറ്റർ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. പകരം ഫ്യൂവൽ ഇൻജക്‌ഷൻ സാങ്കേതിക വിദ്യയാണ് ഇവയിൽ ഉപയോഗിക്കുന്നത്. മെച്ചപ്പെട്ട ഇന്ധനക്ഷമത ഫ്യൂവൽ ഇൻജക്‌ഷൻ സംവിധാനം നൽകും.
∙സ്റ്റീയറിങ് എന്ത്?
കുട്ടിക്കാലത്ത് എല്ലാവരെയും മുതിർന്നവർ കൈപിടിച്ചു നടത്താറുണ്ട്. വണ്ടികളും ഇതു പോലെയാണ്. എങ്ങോട്ടു പോകണമെന്നും എങ്ങോട്ടു തിരിയണമെന്നുമൊക്കെ ഓടിക്കുന്നയാൾ തീരുമാനിക്കണം.
വണ്ടിയെ നിയന്ത്രിക്കാനാണു സ്റ്റീയറിങ്ങുകൾ. സ്റ്റീയറിങ് വീലിനു മുൻചക്രങ്ങളുടെ ആക്സിലുമായി (ചക്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന ഷാഫ്റ്റ്) നേരിട്ടു ബന്ധമുണ്ട്.
∙ബ്രേക്കുണ്ടോ...?
ഏറ്റവും പ്രധാനപ്പെട്ട സംഗതി. ബ്രേക്ക് പോയാലുള്ള അവസ്ഥ നോക്കൂ. എന്തപകടമായിരിക്കും സംഭവിക്കുന്നത്. ചക്രങ്ങളുടെ ചലനം നിർത്തുകയാണ് ബ്രേക്കിന്റെ കടമ. ഡ്രം ബ്രേക്കുകൾ, ഡിസ്ക് ബ്രേക്കുകൾ എന്നിവയാണ് ഇവയിൽ ഏറ്റവും പ്രശസ്തം. പുതുതലമുറ വാഹനങ്ങൾക്ക് സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്നതും കൂടുതൽ സുരക്ഷ ഉറപ്പു നൽകുന്നതുമായ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യുഷൻ സിസ്റ്റം (ഇബിഡി) എന്നീ സംവിധാനങ്ങൾ കൂടി സാധാരണ ഡ്രം/ഡിസ്ക് ബ്രേക്കുകൾക്കൊപ്പം ഇണക്കി ചേർത്തിരിക്കും.
ഡിസ്ക് ബ്രേക്കിലെന്തിനാ ഇത്ര ദ്വാരങ്ങൾ?
മോട്ടോർ ബൈക്കുകളുടെ ബ്രേക്കുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? ദ്വാരങ്ങൾ തിങ്ങിനിറഞ്ഞവയല്ലേ ഇവ? ബ്രേക്ക് പിടിക്കുമ്പോൾ ഡിസ്ക്കുകളിൽ ചൂട് ഉൽപാദിപ്പിക്കപ്പെടും. ഇതു കുറയ്ക്കുകയാണ് ദ്വാരങ്ങൾ കൊടുക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം. മഴയത്തും മറ്റും ഡിസ്ക് ബ്രേക്കിൽ വെള്ളം വീഴുന്നത് ഒഴുക്കിക്കളയാനും ഇത് ഉപകരിക്കും.
∙സുന്ദരം, സുരക്ഷിതം
പഴയകാലത്തെ വണ്ടികളല്ല, പുതിയ വണ്ടികൾ. രൂപത്തിൽ മാത്രമല്ല സുരക്ഷിതത്വത്തിലും അതീവ ശ്രദ്ധ പാലിച്ചാണ് ഇന്നത്തെ വാഹനങ്ങളുടെ രംഗപ്രവേശം. വാഹനങ്ങളിൽ സുരക്ഷിതത്വത്തിനായി ഉപയോഗിക്കുന്ന ചില സാങ്കേതികവിദ്യകൾ പരിചയപ്പെടാം.
ഇഎസ്പി /ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം
വാഹനാപകടങ്ങളിൽ നല്ലൊരു ശതമാനവും സ്റ്റീയറിങ് ചെയ്യുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്നതു മൂലം സംഭവിക്കുന്നതാണ്. ഇതിനൊരു പരിഹാരമാണ് ഇഎസ്പി. ഇതോടനുബന്ധിച്ചിട്ടുള്ള ഇലക്ട്രോണിക് സംവിധാനം ഡ്രൈവർക്കു യഥാർഥത്തിൽ പോകേണ്ട ദിശയും നിലവിൽ പോകുന്ന ദിശയും വിലയിരുത്തിക്കൊണ്ടിരിക്കും. എപ്പോഴെങ്കിലും സ്റ്റീയറിങ്ങിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നിയാൽ വേണ്ടവിധത്തിൽ ചക്രങ്ങളിൽ ബ്രേക്ക് അമർത്തി വണ്ടിയുടെ നിയന്ത്രണം വീണ്ടെടുക്കാൻ ഡ്രൈവറെ സഹായിക്കും.
എയർബാഗ്
വണ്ടിയോടിക്കുന്ന ആളുടെയും കൂടെയുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്ന ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് എയർബാഗുകൾ. ഒരു വണ്ടി അപകടത്തിൽ പെടുമ്പോൾ അതിലുള്ള ക്രാഷ് സെൻസറുകൾ അപകടത്തിന്റെ തോത് സംബന്ധിച്ച വിവരങ്ങൾ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിലേക്ക് അയയ്ക്കും. ഇത് ഒരു പ്രത്യേക രാസവസ്തുവിനെ ചൂടാക്കുകയും ഇതിന്റെ ഫലമായി വാതകം ഉണ്ടാകുകയും ചെയ്യും. തുടർന്ന് എയർബാഗിനുള്ളിലേക്ക് ഈ വാതകം നിറയുകയും എയർബാഗ് വീർക്കുകയും ചെയ്യും. ഇടിയുടെ ആഘാതത്തിൽ നിന്നു രക്ഷ നേടാൻ വണ്ടിക്കുള്ളിലുള്ളവരെ ഇതു സഹായിക്കും.
എബിഎസ്
ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണ് എബിഎസ്. നല്ല വേഗത്തിൽ പോകുന്ന ഒരു വാഹനം, നനഞ്ഞു തെന്നിക്കിടക്കുന്ന റോഡ്. പെട്ടെന്നൊരു ബ്രേക്കിട്ടാൽ എന്തു സംഭവിക്കും. ടയറുകൾ കറക്കം നിർത്തും. പക്ഷേ തെന്നി മുന്നോട്ടു നീങ്ങും. എന്തു ചെയ്തിട്ടും അപ്പോൾ ഫലമുണ്ടാകില്ല. ഇതിനെയാണ് ലോക്കിങ് എന്നു പറയുന്നത്. എബിഎസ് സംവിധാനമുള്ള കാറുകളിൽ ബ്രേക്കിങ്ങിന്റെ തോത് തീരുമാനിക്കാനായി പ്രത്യേക സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ടാകും. ഏതെങ്കിലും ചക്രം അമിതമായ ബ്രേക്കിങ് മൂലം തെന്നുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടനടി അതിന്റെ ബ്രേക്കിങ് തോത് എബിഎസ് കുറയ്ക്കും. ഇതു വഴി സുരക്ഷിതമായ ബ്രേക്കിങ് ഉറപ്പുവരുത്താൻ കഴിയുന്നു.
ഇബിഡി
ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യുഷൻ സിസ്റ്റം എന്നതു മിക്കപ്പോഴും എബിഎസിന്റെ ഒപ്പം നൽകാറുള്ള ബ്രേക്കിങ് സംവിധാനമാണ്. ഇതുള്ള വാഹനങ്ങളിൽ ബ്രേക്കിടുമ്പോൾ റോഡിന്റെ രീതി, കാർ വഹിക്കുന്ന ഭാരം എന്നിവ അനുസരിച്ച് ഓരോ ചക്രങ്ങളിലേക്കും എത്തേണ്ട അളവിൽ കൃത്യമായി ബലം എത്തും. കുറവു ബലം എത്തേണ്ട ചക്രത്തിലേക്ക് അങ്ങനെയും കൂടുതൽ ബലം വേണ്ട ചക്രത്തിലേക്ക് അത്രയും എത്തിക്കും ഈ സംവിധാനം. മിക്കപ്പോഴും കൂടുതൽ ബലം മുൻവീലുകളിലേക്കും കുറവ് ബലം പിൻവീലുകളിലേക്കുമായിട്ടായിരിക്കും ക്രമീകരിച്ചിരിക്കുക. വണ്ടി പാളുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ നൽകുന്നത്.
∙പെട്രോൾ വേഴ്സസ് ഡീസൽ
വാഹനങ്ങളിൽ പല ഇന്ധനങ്ങളും ഉപയോഗിക്കാറുണ്ട്. കൽക്കരി മുതൽ സിഎൻജി വരെ. എന്നാൽ ഏറ്റവും പ്രസിദ്ധം പെട്രോളും ഡീസലുമാണ്. എന്താണ് ഈ ഇന്ധനങ്ങൾ തമ്മിലുള്ള വ്യത്യാസം.?
പെട്രോളിയത്തിൽ നിന്നാണു പെട്രോളും ഡീസലും വേർതിരിച്ചെടുക്കുന്നതെങ്കിലും രണ്ടിനും രണ്ടു തരത്തിലുള്ള പ്രകൃതമാണ്. പെട്രോൾ കത്താൻ വളരെ എളുപ്പമാണ്. എന്നാൽ ഡീസൽ ഉയർന്ന മർദത്തിൽ മാത്രമാണു കത്തുക. ഇക്കാരണം കൊണ്ടു തന്നെ പെട്രോൾ എൻജിനുകളിൽ ഉള്ളതിനേക്കാൾ ഉയർന്ന മർദമാണ് ഡീസൽ എൻജിനുകളിൽ. ഉയർന്ന മർദം മൂലം സ്വയം തീപിടിച്ചു കത്താൻ ഡീസലിനെ സഹായിക്കും. അതിനാലാണ് ഡീസൽ എൻജിനുകളിൽ സ്പാർക് പ്ലഗ്ഗിന്റെ ആവശ്യമില്ലാത്തത്.
∙ഹൈബ്രിഡ് വാഹനങ്ങൾ
പലപ്പോഴും ഉയർന്നു കേൾക്കാറുള്ള പേരാണു ഹൈബ്രിഡ് വാഹനങ്ങൾ, യഥാർഥത്തിൽ എന്താണിവ?. പേരു സൂചിപ്പിക്കുന്നതു പോലെ രണ്ടുതരം ഊർജസംവിധാനങ്ങളാണു ഹൈബ്രിഡ് വാഹനങ്ങളുടെ പ്രത്യേകത. പെട്രോളിലോ ഡീസലിലോ പ്രവർത്തിക്കുന്ന ഒരു എൻജിനൊപ്പം വാഹനത്തിനു കരുത്തു പകരാനായി ഒരു ഇലക്ട്രിക് മോട്ടോറുമുണ്ടാകും. ചില ടോർച്ചുകൾ റീചാർജ് ചെയ്യുന്നതുപോലെ പുറത്തു നിന്ന് ചാർജ് ചെയ്യാൻ കഴിയുന്നതും പെട്രോൾ/ഡീസൽ എൻജിൻ പ്രവർത്തിക്കുമ്പോൾ ഓൾട്ടർനേറ്റർ വഴി ചാർജ് ആകുന്നതുമായ രണ്ടു സംവിധാനങ്ങൾ ഹൈബ്രിഡ് വാഹനങ്ങളിൽ ഉപയോഗിക്കാറുണ്ട്.
ചെറിയസ്പീഡുകളിൽ ഓടുമ്പോൾ എൻജിൻ പ്രവർത്തിപ്പിക്കുന്നതു നഷ്ടമാണ്. ഹൈബ്രിഡ് വാഹനങ്ങളിൽ ഈ സമയത്ത് ഇലക്ട്രിക് മോട്ടോർ ഊർജം നൽകും. എന്നാൽ കൂടുതൽ വേഗം, പവർ തുടങ്ങിയവ വേണ്ട സമയത്ത് മോട്ടോറിനോടൊപ്പമുള്ള എൻജിൻ പ്രവർത്തിച്ചു തുടങ്ങും. സാധാരണ വാഹനങ്ങളെക്കാൾ ഊർജക്ഷമത കൂടിയവയാണു ഹൈബ്രിഡ് വാഹനങ്ങൾ.
∙കൺസപ്റ്റ് വാഹനങ്ങൾ
പല വാഹന നിർമാണ കമ്പനികളും തങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾ എക്സിബിഷനുകളിൽ പങ്കെടുപ്പിക്കാറുണ്ട്. ഇവയെയാണ് കൺസപ്റ്റ് വാഹനങ്ങൾ എന്നു വിളിക്കുക. തങ്ങൾ പുറത്തിറക്കുന്ന വാഹനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ധാരണയും പ്രതീക്ഷയുമുണ്ടാക്കാനാണു കൺസപ്റ്റ് വാഹനങ്ങൾ പുറത്തിറക്കുന്നത്. ആകർഷക രൂപത്തോടെ എക്സ്പോകളിൽ എത്തുന്ന ഇവയിൽ ചിലതു നിർമാണ മോഡലിനോട് സാദൃശ്യമുള്ള, ഓടിക്കാൻ കഴിയുന്നവയായിരിക്കും. മറ്റു ചിലതു രൂപം മാത്രമുള്ള ഡമ്മികൾ മാത്രമായിരിക്കും.
∙എത്ര വീൽ ഡ്രൈവ്?
ചക്രങ്ങളിലേക്ക് എൻജിനിൽ നിന്നുള്ള ഊർജപ്രവാഹം കണക്കാക്കി വാഹനങ്ങളെ മൂന്നായി തരം തിരിക്കാം; ടുവീൽ, ഫോർവീൽ, ഓൾവീൽ ഡ്രൈവുകൾ. എൻജിനിൽ നിന്നുള്ള ശക്തി രണ്ടു ചക്രങ്ങളിലേക്കു മാത്രം കേന്ദ്രീകരിക്കുന്നവയാണ് ടുവീൽ ഡ്രൈവ് വാഹനങ്ങൾ. ഇവയിൽ പിൻവീലുകളിലേക്കാണ് ഊർജം ക്രമീകരിച്ചിരിക്കുന്നതെങ്കിൽ മുൻവീലുകളും തിരിച്ചാണെങ്കിൽ പിൻവീലുകളും സ്വതന്ത്രമായി കറങ്ങും.
നാലു വീലുകളിലേക്കും ശക്തി ഒരുപോലെ പ്രവഹിക്കുന്നവയാണ് ഫോർവീൽ, ഓൾവീൽ ഡ്രൈവ് വാഹനങ്ങൾ. ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിൽ മിക്കപ്പോഴും പിൻവീലുകളിലേക്കായിരിക്കം ശക്തി പ്രവഹിക്കുക. ഒരു ലീവറിന്റെ സഹായത്തോടെ മുൻവീലുകൾക്കും എൻജിന്റെ ശക്തി എത്തിക്കും. പരുക്കൻ പ്രതലങ്ങൾ താണ്ടാനാണ് ഇവ ഉപയോഗിക്കുക. മുൻവീലുകളിലും പിൻവീലുകളിലും ഒരുപോലെ ഊർജം പ്രവഹിക്കുന്നത് കഠിനമായ പ്രതലങ്ങളിൽ ഗുണകരമാണെങ്കിലും സ്മൂത്തായ ഹൈവേകളിലും മറ്റും ആവശ്യമില്ലാത്തതിനാൽ ഇതു ഡ്രൈവർക്ക് ഓഫ് ചെയ്യാം. രണ്ടാം ലോകമഹായുദ്ധകാലത്തു കണ്ടുപിടിക്കപ്പെട്ട ഫോർവീൽ ഡ്രൈവ് സാങ്കേതിക വിദ്യയ്ക്ക് ഇപ്പോൾ ധാരാളം പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. ഓൾ വീൽ ഡ്രൈവുകൾ എന്നാൽ മുഴുവൻ സമയവും നാലു ചക്രങ്ങളിലേക്കും ശക്തി എത്തുന്ന വാഹനങ്ങളാണ്. വാഹനം നിർമിക്കപ്പെടുന്നതു തന്നെ അത്തരത്തിലായിരിക്കും. ഫോർവീൽ ഡ്രൈവ് ആക്കാൻ പ്രത്യേകിച്ചു ഡ്രൈവർ ഒന്നും ചെയ്യേണ്ടതില്ല. ഇത്തരം വാഹനങ്ങളിൽ കൂടുതൽ സെൻസറുകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ ഓരോ ചക്രങ്ങൾക്കും വേണ്ട ശക്തി റോഡിന്റെ സ്വഭാവത്തിനനുസരിച്ച് ലഭിക്കും. മിക്ക ഓൾവീൽ ഡ്രൈവ് വാഹനങ്ങളും ആഡംബര വിഭാഗത്തിൽപ്പെടുന്നവയാണ്.
Content Summary : Development of vehicles and its impact on the human