പ്രകാശം കടന്നുപോയി, എങ്ങും അന്ധകാരം
ഗാന്ധിജി കൊല്ലപ്പെട്ട ദിവസം വൈകിട്ട് ജവാഹർലാൽ നെഹ്റു ഓൾ ഇന്ത്യ റേഡിയോയിലൂടെ രാജ്യത്തോടായി ഇംഗ്ലിഷിൽ നടത്തിയ പ്രസംഗം മുൻകൂട്ടി തയാറാക്കിയതായിരുന്നില്ല. രാജ്യമൊന്നാകെ ആ വാക്കുകൾ സ്വന്തം ഹൃദയം കൊണ്ടു തിരിച്ചറിഞ്ഞു. പ്രസംഗത്തിന്റെ മലയാള പരിഭാഷയാണിത്. സുഹൃത്തുക്കളേ, സഖാക്കളേ നമ്മുടെ ജീവിതത്തിലെ
ഗാന്ധിജി കൊല്ലപ്പെട്ട ദിവസം വൈകിട്ട് ജവാഹർലാൽ നെഹ്റു ഓൾ ഇന്ത്യ റേഡിയോയിലൂടെ രാജ്യത്തോടായി ഇംഗ്ലിഷിൽ നടത്തിയ പ്രസംഗം മുൻകൂട്ടി തയാറാക്കിയതായിരുന്നില്ല. രാജ്യമൊന്നാകെ ആ വാക്കുകൾ സ്വന്തം ഹൃദയം കൊണ്ടു തിരിച്ചറിഞ്ഞു. പ്രസംഗത്തിന്റെ മലയാള പരിഭാഷയാണിത്. സുഹൃത്തുക്കളേ, സഖാക്കളേ നമ്മുടെ ജീവിതത്തിലെ
ഗാന്ധിജി കൊല്ലപ്പെട്ട ദിവസം വൈകിട്ട് ജവാഹർലാൽ നെഹ്റു ഓൾ ഇന്ത്യ റേഡിയോയിലൂടെ രാജ്യത്തോടായി ഇംഗ്ലിഷിൽ നടത്തിയ പ്രസംഗം മുൻകൂട്ടി തയാറാക്കിയതായിരുന്നില്ല. രാജ്യമൊന്നാകെ ആ വാക്കുകൾ സ്വന്തം ഹൃദയം കൊണ്ടു തിരിച്ചറിഞ്ഞു. പ്രസംഗത്തിന്റെ മലയാള പരിഭാഷയാണിത്. സുഹൃത്തുക്കളേ, സഖാക്കളേ നമ്മുടെ ജീവിതത്തിലെ
ഗാന്ധിജി കൊല്ലപ്പെട്ട ദിവസം വൈകിട്ട് ജവാഹർലാൽ നെഹ്റു ഓൾ ഇന്ത്യ റേഡിയോയിലൂടെ രാജ്യത്തോടായി ഇംഗ്ലിഷിൽ നടത്തിയ പ്രസംഗം മുൻകൂട്ടി തയാറാക്കിയതായിരുന്നില്ല. രാജ്യമൊന്നാകെ ആ വാക്കുകൾ സ്വന്തം ഹൃദയം കൊണ്ടു തിരിച്ചറിഞ്ഞു. പ്രസംഗത്തിന്റെ മലയാള പരിഭാഷയാണിത്.
സുഹൃത്തുക്കളേ, സഖാക്കളേ
നമ്മുടെ ജീവിതത്തിലെ പ്രകാശം കടന്നുപോയി, എല്ലായിടത്തും അന്ധകാരം പരന്നിരിക്കുന്നു. നിങ്ങളോട് എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എനിക്കറിയില്ല. നമ്മുടെ പ്രിയ നേതാവ്, ബാപ്പു എന്നു നാം വിളിച്ച, രാഷ്ട്രപിതാവ് ഇനിയില്ല. അങ്ങനെ ഞാൻ പറയുന്നതു തെറ്റാവാം. എന്തായാലും, നമ്മൾ ഇത്രയോളം വർഷം അദ്ദേഹത്തെ കണ്ടതുപോലെ, ഇനിയൊരിക്കലും അദ്ദേഹത്തെ കാണില്ല. അദ്ദേഹത്തിന്റെ അടുത്തേക്ക് ഇനി നമ്മൾ ഉപദേശത്തിനായി ഓടുകയും അദ്ദേഹത്തിൽനിന്നു സാന്ത്വനം തേടുകയുമില്ല; അതൊരു കനത്ത ആഘാതമാണ്, എനിക്കു മാത്രമല്ല, ഈ രാജ്യത്തെ ദശലക്ഷങ്ങൾക്കും. എനിക്കോ മറ്റാർക്കെങ്കിലുമോ നൽകാനാവുന്ന മറ്റേതെങ്കിലും ഉപദേശത്തിലൂടെ ഈ ആഘാതത്തെ മയപ്പെടുത്തുക അൽപം പ്രയാസമാണ്.
പ്രകാശം കടന്നുപോയി എന്നു ഞാൻ പറഞ്ഞു, എന്നാൽ അതു തെറ്റുമായിരുന്നു. കാരണം, ഈ രാജ്യത്തു ജ്വലിച്ചിരുന്നതു സാധാരണ പ്രകാശമല്ല. ഇത്രയേറെ വർഷം ഈ രാജ്യത്തെ ദീപ്തമാക്കിയ പ്രകാശം, ഇനിയുമനേകം വർഷം ദീപ്തമാക്കും, ഒരായിരം വർഷത്തിനുശേഷം, ആ പ്രകാശം ഇവിടെ ദൃശ്യമായിരിക്കും, ലോകമതു കാണും, അത് എണ്ണമറ്റ മനസ്സുകൾക്കു സാന്ത്വനം നൽകും. കാരണം, അത് ഇപ്പോൾ കടന്നുപോയ കാലത്തെ മാത്രമല്ല പ്രതിനിധീകരിച്ചത്, അതു സജീവമായിരുന്നതിനെ, സനാതന സത്യങ്ങളെ, പ്രതിനിധീകരിച്ചു, ശരിയായ വഴി നമ്മെ ഓർമിപ്പിച്ച്, പിഴവുകളിൽനിന്നു നമ്മെ മാറ്റി, ഈ പ്രാചീന രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചു.
ഇതൊക്കെയും സംഭവിച്ചിരിക്കുന്നത് അദ്ദേഹത്തിനു ചെയ്യാൻ ഇനിയുമേറെ കാര്യങ്ങൾ ബാക്കിയുള്ളപ്പോഴാണ്. അദ്ദേഹം അധികപ്പറ്റായെന്നോ അദ്ദേഹം തന്റെ ദൗത്യം പൂർത്തിയാക്കിയെന്നോ നമുക്ക് ആലോചിക്കാവതായിരുന്നില്ല. എന്നാലിപ്പോൾ, പ്രത്യേകിച്ചും ഒട്ടേറെ പ്രയാസങ്ങൾ നമുക്കു മുന്നിലുള്ളപ്പോൾ, അദ്ദേഹം കൂടെയില്ലെന്നതു തീർത്തും താങ്ങാനാവാത്ത ആഘാതമാണ്.
ഒരു ഭ്രാന്തനാണ് അദ്ദേഹത്തിന്റെ ജീവനു വിരാമമിട്ടിരിക്കുന്നത്, അതു ചെയ്തവനെ ഭ്രാന്തനെന്നേ എനിക്കു വിളിക്കാനാവൂ; കഴിഞ്ഞ വർഷങ്ങളിലും മാസങ്ങളിലും ഈ രാജ്യത്ത് ധാരാളമായി വിഷം വിതറപ്പെട്ടിട്ടുണ്ട്, ഈ വിഷം ജനമനസ്സിനെ സ്വാധീനിച്ചിട്ടുമുണ്ട്. ഈ വിഷത്തെ നമ്മൾ നേരിടണം, ഈ വിഷത്തെ നമ്മൾ പിഴുതു കളയണം, നമ്മെ വലയം ചെയ്യുന്ന എല്ലാ വിപത്തുകളെയും നാം നേരിടണം, ഭ്രാന്തമായോ മോശമായ രീതിയിലോ അല്ല, അവയെ നേരിടാൻ നമ്മുടെ പ്രിയങ്കരനായ അധ്യാപകൻ നമ്മെ പഠിച്ച രീതിയിൽ.
ഇപ്പോൾ ആദ്യം ഓർക്കേണ്ടത് നമ്മൾ അരിശത്താൽ മര്യാദവിട്ടു പെരുമാറാൻ പാടില്ലെന്നാണ്. കരുത്തരും ദൃഢചിത്തരുമെന്നപോലെ നമ്മൾ പെരുമാറണം. നമുക്കു ചുറ്റുമുള്ള എല്ലാ വിപത്തിനെയും നേരിടാൻ തക്ക ദൃഢചിത്തരായി. നമ്മുടെ മഹാ ഗുരുവും നമ്മുടെ മഹദ് നേതാക്കളും നൽകിയ ആജ്ഞ നടപ്പാക്കാൻ നിശ്ചയിച്ചുറപ്പിച്ചവരായി. ഞാൻ വിശ്വസിക്കുംപോലെ, അദ്ദേഹത്തിന്റെ അരൂപി നമ്മെ കരുതുകയും കാണുകയും ചെയ്യുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ ആത്മാവിന് അനിഷ്ടമുണ്ടാക്കുന്ന തരംതാണ പെരുമാറ്റത്തിനോ അക്രമത്തിനോ മുതിരാൻ പാടില്ലെന്നും സദാ ഓർമിച്ച്. അപ്പോൾ അത്തരം ചെയ്തികളുണ്ടാവരുത്. അതിനർഥം നമ്മൾ ദുർബലരാവണമെന്നല്ല. പകരം കരുത്തോടെയും ഐക്യത്തോടെയും നമുക്കു മുന്നിലുള്ള എല്ലാ പ്രശ്നങ്ങളെയും നേരിടണം. ഈ വലിയ ദുരന്തം മുന്നിലുള്ളപ്പോൾ നമ്മൾ ഒത്തൊരുമയോടെ നിൽക്കണം. നമ്മുടെ സകല നിസ്സാര പ്രശ്നങ്ങളും പ്രയാസങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കണം. ഒരു വലിയ ദുരന്തമെന്നതു ജീവിതത്തിലെ എല്ലാ വലിയ കാര്യങ്ങളും ഓർക്കാനും നമ്മൾ ഏറെ ആലോചിച്ചുകൂട്ടിയിട്ടുള്ള ചെറിയ കാര്യങ്ങൾ മറക്കാനുമായുള്ള അടയാളമാണ്. തന്റെ മരണത്തിലൂടെ അദ്ദേഹം നമ്മെ ഓർമിപ്പിച്ചതു ജീവിതത്തിലെ വലിയ കാര്യങ്ങളാണ്. ജീവിക്കുന്ന സത്യമാണ്. അതു നമ്മൾ ഓർത്താൽ അതിന്റെ മെച്ചം ഇന്ത്യയ്ക്കാവും...
ദശലക്ഷക്കണക്കിനു ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനെന്നോണം മഹാത്മജിയുടെ ശരീരം ഏതാനും ദിവസത്തേക്ക് എംബാം ചെയ്തുവയ്ക്കണമെന്ന് ഏതാനും സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം പലവുരു ആവർത്തിച്ച ആഗ്രഹം അത്തരത്തിലൊന്നും സംഭവിക്കരുതെന്നാണ്. അങ്ങനെ ചെയ്യരുതെന്നാണ്. തന്റെ ശരീരം എംബാം ചെയ്യുന്നതിനോട് അദ്ദേഹം തീർത്തും എതിരായിരുന്നു. അതിനാൽ, മറ്റുള്ളവർ മറിച്ച് എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ആഗ്രഹം പാലിക്കണമെന്നാണു ഞങ്ങൾ തീരുമാനിച്ചത്.
(പരിഭാഷ: ജോമി തോമസ്)
Content Summary: Speech Of Jawaharlal Nehru On Mahatma Gandhi's Death