ഓർമകള്‍ തടഞ്ഞ്, പേശികളെ ശാന്തമാക്കി വേദന ഏറ്റെടുക്കുന്ന സുഹൃത്ത് !
ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കേണ്ടി വരുമ്പോൾ രോഗിക്ക് വേദന ഉണ്ടാകാതിരിക്കാനാണ് അവർക്ക് അനസ്തീസിയ നൽകി അബോധാവസ്ഥയിൽ എത്തിക്കുന്നത്.
ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കേണ്ടി വരുമ്പോൾ രോഗിക്ക് വേദന ഉണ്ടാകാതിരിക്കാനാണ് അവർക്ക് അനസ്തീസിയ നൽകി അബോധാവസ്ഥയിൽ എത്തിക്കുന്നത്.
ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കേണ്ടി വരുമ്പോൾ രോഗിക്ക് വേദന ഉണ്ടാകാതിരിക്കാനാണ് അവർക്ക് അനസ്തീസിയ നൽകി അബോധാവസ്ഥയിൽ എത്തിക്കുന്നത്.
ഹൈസ്കൂൾ ക്ലാസുകളിൽ അനസ്തീസിയയെക്കുറിച്ച് കൂട്ടുകാർ പഠിച്ചിരിക്കുമല്ലോ. കൂടുതൽ വിവരങ്ങൾ ഇതാ. സർജറികൾക്കു മുൻപ് ഡോക്ടർ രോഗികൾക്ക് അനസ്തീസിയ നൽകാറുണ്ടല്ലോ. പ്രധാനമായും ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കേണ്ടി വരുമ്പോൾ രോഗിക്ക് വേദന ഉണ്ടാകാതിരിക്കാനാണ് അവർക്ക് അനസ്തീസിയ നൽകി അബോധാവസ്ഥയിൽ എത്തിക്കുന്നത്. സർജറി കഴിഞ്ഞാൽ അനസ്തീസിയയുടെ ശക്തി മെല്ലെ ക്ഷയിച്ചു പഴയ ബോധാവസ്ഥയിലേക്ക് തിരിച്ചുവരികയും ചെയ്യും. അത്തരത്തിൽ അബോധാവസ്ഥയിലേക്കോ, വേദനയില്ലാത്ത അവസ്ഥയിലേക്കോ എത്തിക്കുന്ന രാസവസ്തുക്കളെ 'അനസ്തറ്റിക്സ്' (Anesthetics) എന്നും അത് ചെയ്യുന്ന ഡോക്ടർമാരെ അനസ്തീസിയോളജിസ്റ്റ് (Anesthesiologist) എന്നും പറയുന്നു.
ധർമങ്ങൾ
വേദന കുറയ്ക്കുക എന്നതിനപ്പുറം അനസ്തീസിയയ്ക്ക് മറ്റുചില ധർമങ്ങൾ കൂടെയുണ്ട്. ഓർമകള്‍ തടയുക, പേശികളെ ശാന്തമാക്കുക, മുറിവുകൾക്കെതിരെയുള്ള ശരീരത്തിന്റെ പ്രതികരണങ്ങളെ നിർജ്ജീവമാക്കുക എന്നിവയാണത്.
തുടക്കം
അമേരിക്കൻ ദന്തഡോക്ടറായിരുന്ന വില്ല്യം തോമസ് ഗ്രീൻ മോർട്ടൻ ആണ് ആധുനിക അനസ്തീസിയയുടെ തുടക്കക്കാരനായി അറിയപ്പെടുന്നത്. 1846 ഒക്ടോബർ 16ന് സൾഫ്യൂരിക് ഇതെർ (Sulfuric Ether) എന്ന രാസവസ്തു ഉപയോഗിച്ച് അനസ്തീസിയ ചെയ്ത് ഒരു രോഗിയുടെ കഴുത്തിലെ മുഴ അദ്ദേഹം നീക്കം ചെയ്തു. അതിനുശേഷം നൈട്രസ് ഓക്സൈഡ് (Nitrous Oxide), സെവോഫ്ലോറെൻ (Sevoflurane) എന്നിവയും അനസ്തീസിയയ്ക്കായി ഉപയോഗിച്ചുവന്നു. അനസ്തീസിയ നടത്താൻ കറുപ്പ് (Opium Poppy), മാൻഡ്രേക്ക് പഴം (Mandrake Fruit), ആൽക്കഹോൾ എന്നിവയും മുൻപ് ഉപയോഗിച്ചിരുന്നതായി മെഡിക്കൽ പുസ്തകങ്ങളിൽ പരാമർശമുണ്ട്.
എത്രതരം
അനസ്തീസിയ ലോക്കൽ (Local), റീജനൽ (Regional), ജനറൽ (General) എന്നിങ്ങനെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. പ്രയോഗിക്കപ്പെടുന്ന വ്യക്തിയുടെ ആരോഗ്യാവസ്ഥയും, എവിടെയാണ് പ്രയോഗിക്കുന്നത് എന്നതിനെയും ആശ്രയിച്ചാണ് ഈ തരംതിരിക്കൽ. ഒരു ദന്തഡോക്ടറുടെയടുക്കൽ പോയാൽ അവർ അനസ്തീസിയ നൽകുന്നത് മോണകളിലാണ്. അതിന്റെ ഫലമായി ആ ചെറിയ പ്രദേശത്തുമാത്രം മരവിപ്പ് ഉണ്ടാകുന്നു. വേദനയുടെ സിഗ്‌നലുകൾ നമ്മുടെ തലച്ചോറിലേക്ക് എത്തുന്നില്ല. ഫലമോ, വേദന അനുഭവപ്പെടുന്നില്ല. ഇതാണ് ലോക്കൽ അനസ്തീസിയ. ഇതുനൽകുമ്പോൾ രോഗി അബോധാവസ്ഥയിലേക്ക് പോകുന്നില്ല. മോണയുടെ ഭാഗം മരവിപ്പിച്ചിരിക്കുന്നതിനാൽ വേദന അനുഭവപ്പെടുന്നുമില്ല.
കുറച്ചുകൂടി വലിയ ശരീരഭാഗങ്ങളെ മരവിപ്പിക്കുവാനാണ് റീജനൽ അനസ്തീസിയ ഉപയോഗിക്കുന്നത്. കൈകൾ, കാൽ എന്നിവിടങ്ങളിൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമ്പോൾ ആ ഭാഗം മുഴുവൻ മരവിപ്പിക്കേണ്ടി വരുന്നു. നാഡികളിൽ കുത്തിവയ്പ് നൽകിയാണ് റീജനൽ അനസ്തീസിയ നൽകുന്നത്. വേദന സഞ്ചരിക്കുന്നത് നാഡികളിലൂടെ വൈദ്യുത പ്രേരകങ്ങളായാണെന്ന് അറിയാമല്ലോ. റീജനൽ അനസ്തീസിയ നൽകുമ്പോൾ ഈ വൈദ്യുത പ്രേരകങ്ങൾ സഞ്ചരിക്കുന്നതിൽ തടസ്സം (Barricade) സൃഷ്ടിക്കപ്പെടുന്നു. അനസ്തീസിയ നൽകുന്ന ഭാഗത്തല്ലാതെ, ശരീരത്തിൽ മുഴുവൻ വേദന പടരുന്നില്ല. പ്രസവസമയത്ത് ഗർഭിണികൾക്ക് നൽകുന്ന എപ്പിഡ്യൂറൽ (Epidural) ഇതിന് ഉദാഹരണമാണ്. വലിയ സർജറികളിൽ രോഗിയെ പൂർണമായും അബോധാവസ്ഥയിൽ എത്തിക്കേണ്ടതുണ്ട്. ആ അവസരങ്ങളിൽ ആണ് ജനറൽ അനസ്തീസിയ നൽകുന്നത്. അത് തലച്ചോറടക്കം നാഡീവ്യവസ്ഥയെ മുഴുവനായും ബാധിക്കുന്നു. ജനറൽ അനസ്തീസിയ നൽകുമ്പോൾ തലച്ചോറിലെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ഏകോപനം സാധ്യമാകുന്നില്ല. അതുവഴി അബോധാവസ്ഥയിലേക്ക് പോകുകയും ചെയ്യുന്നു.
നൽകുന്ന വഴി
പ്രധാനമായും കൈകളിലെ സിരകളിലൂടെയാണ്. വാതകങ്ങൾ ട്യൂബിലൂടെ ശ്വസിക്കാൻ നൽകിക്കൊണ്ടും ജനറൽ അനസ്തീസിയ നൽകിവരുന്നു. അബോധാവസ്ഥയിലേക്കെത്താൻ പ്രൊപ്പോഫോൾ (Propofol), വേദന കുറയ്ക്കുവാൻ ഫെന്റാനിൽ (Fentanyl) എന്നീ മരുന്നുകളാണ് സിരകളിൽ (Intravenous) ഉപയോഗിക്കുന്നത്. നാഡികൾക്കും തലച്ചോറിനുമൊപ്പം, ഹൃദയം, ശ്വാസകോശം എന്നിവയും ഈ പ്രക്രിയയിൽ പങ്കാളികളാവാറുണ്ട്. ഇപ്പോൾ ഉപയോഗിക്കുന്ന അനസ്തറ്റിക്സിന് പാർശ്വഫലങ്ങളുമുണ്ട്. അതിനാൽ, മരുന്നുകൾ കൃത്യമായി സംയോജിപ്പിച്ചാണ് ഡോക്ടർമാർ (Anesthesiologist) ഉപയോഗിക്കുന്നത്. ഇപ്പോഴും അനസ്തീസിയ നൽകുവാനായി പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നുണ്ട്. അനസ്തറ്റിക്സ് കൃത്യമായി നൽകുക എന്നത് പ്രധാനമാണ്. രോഗിയുടെ ഭാരം, വയസ്സ്, ആരോഗ്യാവസ്ഥ, മെഡിക്കൽ ഹിസ്റ്ററി എന്നിവ പരിശോധിച്ചതിനുശേഷം മാത്രമേ ഡോക്ടർ അനസ്തീസിയ നൽകൂ. അനസ്തീസിയ കൂടുതൽ അളവിൽ നൽകുന്നതും കുറഞ്ഞ അളവിലാകുന്നതും അപകടമാണ്.
Content Summary : Anesthesia - history and facts