ഇതാണു ചരിത്രത്തിലെ ബാറോസ്! പോർച്ചുഗലിന്റെ കഥകളെഴുതിയ പണ്ഡിതനായ ചരിത്രകാരൻ
Mail This Article
പോർച്ചുഗലിന്റെ ലിവിയസ് എന്നു വിശേഷിപ്പിക്കപ്പെട്ട ചരിത്രകാരനാണു ജോ ഡി ബാറോസ്. ഡെക്കാഡാസ് ഡാ ഏഷ്യ എന്ന കൃതി അദ്ദേഹം എഴുതുകയുണ്ടായി. ഇന്ത്യയിലും ഏഷ്യയിലെ മറ്റു ചില ഭാഗങ്ങളിലും ഓസ്ട്രേലിയയിലുമുള്ള പോർച്ചുഗീസ് നാവികചരിത്രമാണ് ഈ പുസ്തകം. 1496ൽ പോർച്ചുഗലിലെ വിസ്യുവിലാണു ജോ ഡി ബാറോസിന്റെ ജനനം. കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു. കൊട്ടാരത്തിലെ ജോലിക്കാരനായി മാറിയ അദ്ദേഹം ജോൺ മൂന്നാമൻ രാജകുമാരന്റെ സഹായിയായി. എന്നാൽ അക്കാലത്തു തന്നെ കവിത രചിക്കലും നോവലെഴുത്തുമൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നു. സഹൃദയനായ ജോൺ മൂന്നാമൻ അതൊക്കെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമൊക്കെ ചെയ്തു.
പിൽക്കാലത്ത് ജോൺ മൂന്നാമൻ രാജാവായി. ബാറോസിനെ രാജ്യത്തെ ഒരു പ്രധാനപ്പെട്ട കോട്ടയുടെ ചുമതലക്കാരാനായി അദ്ദേഹം നിയമിച്ചു. പോർച്ചുഗലിന്റെ രാജ്യാന്തര വ്യാപാരങ്ങൾ നിയന്ത്രിക്കുന്ന ഇന്ത്യ ഹൗസിന്റെ ട്രഷറർ സ്ഥാനം ഇതിനിടെ അദ്ദേഹത്തെ തേടിവന്നു. എത്ര ഉത്തരവാദിത്തപ്പെട്ട ജോലി ഏറ്റെടുത്താലും അത് ഭംഗിയായും സത്യസന്ധമായും ചെയ്യുന്ന ബാറോസിന്റെ രീതി എല്ലാവരുടെയും പ്രശംസയ്ക്ക് വഴിയൊരുക്കി.
1534ൽ ബ്രസീലിനെ സമ്പൂർണമായി കോളനിയാക്കാൻ ജോൺ മൂന്നാമൻ നിശ്ചയിച്ചു. ബ്രസീലിൽ ഏകദേശം 12 ക്യാപ്റ്റൻസികൾ അദ്ദേഹം സ്ഥാപിച്ചു. ഇതിലൊരു ക്യാപ്റ്റൻസിയുടെ അധിപനായി നിയമിതനായ ബാറോസ് ബ്രസീലിലേക്കുള്ള യാത്രാമധ്യേ കപ്പൽ തകർച്ചയെ നേരിട്ടു. യാത്ര പൂർത്തീകരിക്കാൻ അദ്ദേഹത്തിനായില്ല. കനത്ത സാമ്പത്തികനഷ്ടവും സംഭവിച്ചു.എന്നാൽ ഇതൊന്നും തന്നെ പഠനത്തോടുള്ള അദ്ദേഹത്തിന്റെ താൽപര്യത്തെ ബാധിച്ചില്ല.
അദ്ദേഹം പിന്നീടാണു രാജാവിന്റെ അനുമതി വാങ്ങി ഡെക്കാഡാസ് ഡാ ഏഷ്യ എഴുതിയത്. അങ്ങേയറ്റം വ്യക്തതയോടെ അടുക്കും ചിട്ടയും പുലർത്തിയായിരുന്നു ബാറോസിന്റെ എഴുത്ത്. പോർച്ചുഗീസ് നാവികസംഘങ്ങളുടെ ഏഷ്യൻ യാത്രകളെക്കുറിച്ചും ഇടപെടുലുകളെക്കുറിച്ചു അദ്ദേഹം വിശദമായ പഠനത്തോടെ എഴുതി. എന്നാൽ ആ പുസ്തകം അദ്ദേഹത്തിനു പൂർത്തീകരിക്കാൻ സാധിച്ചില്ല. മറ്റു ചില ചരിത്രകാരൻമാർ കൂടിച്ചേർന്നാണ് ഡെക്കാഡാസ് ഡാ ഏഷ്യ പൂർത്തീകരിച്ചത്.