മാതാപിതാക്കളേ നിങ്ങളുടെ ടെൻഷൻ മക്കളുടെമേൽ തീർക്കാറുണ്ടോ?; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
Turning Parenting Tensions into Positive Interactions: A Stress Management Guide
Turning Parenting Tensions into Positive Interactions: A Stress Management Guide
Turning Parenting Tensions into Positive Interactions: A Stress Management Guide
മാതാപിതാക്കൾ പലപ്പോഴും പലവിധ ടെൻഷനുകളിലൂടെയായിരിക്കും കടന്നു പോകുക. എന്നാൽ ഈ ടെൻഷനുകൾ ദേഷ്യ രൂപത്തിൽ തീർക്കാനുള്ള ഇടമായി കുട്ടികളെ കാണരുത്. പകരം അവരോടൊപ്പമുള്ള നല്ല നിമിഷങ്ങളിലൂടെ വേണം ദേഷ്യത്തെ തരണം ചെയ്യാൻ. കുട്ടികൾ നിങ്ങളുടെ കോപം തിരിച്ചറിയാത്ത വിധത്തിൽ വേണം നിങ്ങള്‍ പെരുമാറേണ്ടത്. മാതാപിതാക്കൾ തങ്ങളോട് കോപിക്കുന്നത് കാണുമ്പോൾ കുട്ടികളും അതേപോലെ പ്രതികരിക്കാൻ തുടങ്ങും. ചില കുട്ടികളാകട്ടെ, ഭയം കാരണം മാതാപിതാക്കളിൽ നിന്നും അകലം പാലിക്കാനും തുടങ്ങുന്നു.
കുട്ടികളുമായി ആശയവിനിമയം നടത്തുകയെന്നത് നാം വിചാരിക്കുന്നത്ര എളുപ്പമുള്ള കാര്യമല്ല. ചില കുട്ടികൾ മാതാപിതാക്കളോടും ചില വ്യക്തികളോടും അകലം പാലിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതിനുള്ള പ്രധാന കാരണം കുട്ടികളുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്നു സംസാരിക്കാൻ അവർക്ക് കഴിയാത്തതാണ്. മാതാപിതാക്കളാണ് ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കുട്ടികളോട് അനുഭാവപൂർവം പെരുമാറാൻ കഴിഞ്ഞില്ലെങ്കിൽ അത് അവരുടെ സ്വഭാവ രൂപീകരണത്തെ വരെ ബാധിക്കും.
കോപവും അധികാരവും ആജ്ഞാസ്വഭാവവും ഉപയോഗിച്ച് കാര്യങ്ങൾ കുട്ടിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കാതെ യുക്തിസഹമായ വഴികൾ ഉപയോഗിക്കുക. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും നിങ്ങൾ പറയുന്ന കാര്യങ്ങൾ കുട്ടികൾ അനുസരിച്ചേക്കാം. എന്നാൽ അത് എക്കാലവും തുടരില്ല എന്നു മനസിലാക്കുക. കുട്ടികളുമായി സംസാരിക്കുമ്പോൾ, ആധികാരിക സ്വരമോ ബലമോ ഉപയോഗിക്കരുത്. നിങ്ങളുടെ കുട്ടിയോട് സംസാരിക്കുമ്പോൾ നിങ്ങളുടെ മുഖത്ത് വെറുപ്പ് ഉണ്ടെങ്കിൽ നിങ്ങൾക്ക് നെഗറ്റീവ് പ്രതികരണം ലഭിക്കുമെന്ന് മനസിലാക്കുക.
കുട്ടികൾക്കു ഭയം ജനിക്കുന്നതും മോശമായതുമായ വാക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത്. വാക്കുകൾ മിതമായി ഉപയോഗിക്കുക, സ്നേഹത്തോടും വാത്സല്യത്തോടും സംസാരിക്കുക. ഫലപ്രദമായ പേരന്റിങ് കുട്ടികളുടെ ആശയവിനിമയത്തിനുള്ള താക്കോൽ ആണ്. കാര്യങ്ങൾ വിലയിരുത്താനും മനസ്സിലാക്കാനും കുട്ടികൾക്ക് പ്രായം ആകുന്നതിനനുസരിച്ച് മാത്രം സംസാര രീതികളിൽ മാറ്റം വരുത്തുക. ഒരിക്കലും കുട്ടികളെ കഴിവു കുറഞ്ഞവരായി കാണരുത്. അത്തരത്തിൽ അവരോട് സംസാരിക്കുകയും ചെയ്യരുത്. ഇത് കുട്ടികളിലെ ആത്മവിശ്വാസം ഇല്ലാതാക്കും.
കുട്ടികളുമായി എങ്ങനെ ഫലപ്രദമായി സംസാരിക്കാമെന്നതിനുള്ള ഒരു നല്ല മാർഗ്ഗം, അവരുടെ വികാരങ്ങളെക്കുറിച്ച് നിങ്ങളുമായി സ്വതന്ത്രമായി സംസാരിക്കാൻ അവരെ അനുവദിക്കുക എന്നതാണ്. ചില സമയങ്ങളിൽ ഭയവും സങ്കടവും ആശയക്കുഴപ്പവും ഉണ്ടാകുന്നുവെന്നത് ശരിയാണ്. വികാരങ്ങൾ താൽക്കാലികമാണ്. ‘എന്റെ സുഹൃത്ത് ഇന്ന് എന്നെ കളിയാക്കി’ എന്ന് പറയുമ്പോൾ അവൻ പറയുന്നതു അവഗണിക്കാതെ, കുട്ടിക്ക് പറയാനുള്ളത് പൂർണമായും കേൾക്കാനുള്ള ക്ഷമ കാണിക്കുക. ആത്മവിശ്വാസമുള്ള വ്യക്തികളായി കുട്ടികളെ വളരാൻ അനുവദിക്കുക.