മാതാപിതാക്കള്‍ പറയുന്ന എല്ലാ കാര്യങ്ങളും കുട്ടികള്‍ അനുസരിക്കണോ?
Mail This Article
കുട്ടികളുടെ സുരക്ഷിതമായ ജീവിതവും അവരുടെ മനോഹരമായ ഭാവിയുമാണ് എല്ലാ രക്ഷിതാക്കളുടേയും ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നല്ല ഭാവിയുണ്ടാകുന്നതിനും നല്ല കുട്ടികളായി വളരുന്നതിനും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് ഓരോ രക്ഷിതാക്കളും മക്കളെ വളര്‍ത്തുന്നതും. ഇങ്ങനെ നല്ലവരാക്കി വളര്‍ത്തുന്നതിന്റെ ആദ്യപടി പലപ്പോഴും അനുസരണ ശീലമുണ്ടാക്കുക എന്നതു തന്നെയാകും. തങ്ങള്‍ പറയുന്നതെല്ലാം കുട്ടികള്‍ അനുസരിക്കണമെന്നും അവര്‍ അടക്കവും ഒതുക്കവുമുള്ളവരായി വളരണമെന്നും തന്നെയാണ് അല്‍പസ്വല്‍പം സ്വാതന്ത്രം കൂടുതല്‍ അനുവദിക്കുന്ന ന്യൂജന്‍ രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ രക്ഷിതാക്കള്‍ പറയുന്നതെല്ലാം അനുസരിക്കേണ്ട കാര്യമുണ്ടോ?
എല്ലാ കാര്യങ്ങളിലും അനുസരണം വേണോ?
വേണ്ട എന്നു തന്നെയാണ് ഉത്തരം. രക്ഷിതാക്കള്‍ പറയുന്ന എല്ലാ കാര്യങ്ങളും കുട്ടികള്‍ അനുസരിക്കേണ്ടതില്ല. രക്ഷിതാക്കള്‍ പറയുന്ന കാര്യങ്ങളുടെ അന്ധമായ അനുസരണം കുട്ടിയുടെ സ്വാതന്ത്ര്യത്തെയും വിമര്‍ശനാത്മക ചിന്തയെയും ദോഷകരമായി ബാധിക്കുമെന്നത് മറക്കണ്ട. നാളെ പുറത്ത് പോകുമ്പോള്‍ ഏതു വസ്ത്രം ധരിക്കണമെന്ന് മാതാപിതാക്കള്‍ തീരുമാനിക്കുകയും അത് കുട്ടികളെ കൊണ്ട് അനുസരിപ്പിക്കുകയും ചെയ്യേണ്ടതില്ല. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് അവരുടെ നിര്‍ദേശം പറയാമെന്നേയുള്ളൂ. കുട്ടികള്‍ അത് അനുസരിച്ചില്ല എന്ന് കരുതി രക്ഷിതാക്കളുടെ നിയന്ത്രണം പോകേണ്ടതില്ല. കുട്ടികള്‍ അനുസരണക്കേട് കാണിച്ചെന്ന ചിന്തയും വേണ്ട. അവര്‍ യുക്തിപരമായി ചിന്തിക്കട്ടെ. അവര്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കാന്‍ അവര്‍ക്കറിയാം.
അതേസമയം കുട്ടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അവര്‍ അനുസരിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ നിര്‍ബന്ധപൂര്‍വം ഉറപ്പ് വരുത്തുകയും വേണം. ഉദാഹരണത്തിന്, തീയില്‍ തൊടരുതെന്നോ, റോഡ് മുറിച്ചു കടക്കുന്നതിന് മുമ്പ് രണ്ട് വശവും നോക്കണമെന്നോ പറയുന്നത് പോലെയുള്ള കാര്യങ്ങള്‍ കുട്ടികളുടെ അഭിപ്രായത്തിന് വിടാതെ അവര്‍ അക്കാര്യങ്ങള്‍ നിര്‍ബന്ധമായും അനുസരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
ഒന്നും അനുസരിക്കില്ലെന്ന പരാതിയുണ്ടോ?
ഒട്ടുമിക്ക രക്ഷിതാക്കള്‍ക്കും മക്കളെപ്പറ്റിയുള്ള പരാതിയാണിത്. അവര്‍ ഇക്കാര്യം കുട്ടികളോടും മറ്റുള്ളവരോടുമെല്ലാം പറയുകയും ചെയ്യും. സത്യത്തില്‍ ഇവരുടെ കുട്ടികള്‍ ഒരു കാര്യവും അനുസരിക്കാത്തവരായിരിക്കില്ല. എന്നാല്‍ പറയുന്ന എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായും അനുസരിക്കാതെ വരുമ്പോള്‍ പല മാതാപിതാക്കളും മക്കളെക്കുറിച്ച് ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ പറയാറുണ്ട്. സത്യത്തില്‍ ഇങ്ങനെ പറയുന്നത് മൂലം കുട്ടികളില്‍ അനുസരണശീലം വര്‍ദ്ധിക്കുകയില്ലെന്ന് മാത്രമല്ല വിപരീത ഫലത്തിന് കാരണമാവുകയും ചെയ്യാറുണ്ട്. അതിനാല്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ രക്ഷിതാക്കള്‍ക്കു കഴിയണം.
കുട്ടികളിലെ വിമര്‍ശനാത്മക ചിന്ത വികസിപ്പിക്കാം
രക്ഷിതാക്കള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് നിയമങ്ങള്‍ക്ക് പിന്നിലെ യുക്തി മനസ്സിലാക്കാന്‍ അവരെ സഹായിക്കുന്നു. ഉദാഹരണത്തിന് ഒരു കുട്ടിയോട് സദാ സമയവും 'പോയിരുന്ന് പഠിക്ക്' എന്ന് പറയുന്നതിന് പകരം പഠിച്ചാലുള്ള ഗുണങ്ങളെപ്പറ്റി പറയുന്നത് കുട്ടിക്ക് ആ പ്രവര്‍ത്തി ചെയ്യേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കും. അത് അനുസരണത്തിലേക്ക് നയിക്കും. പല കാര്യങ്ങളിലും ഈ രീതി പിന്തുടരാവുന്നതാണ്. കുറേയൊക്കെ അവര്‍ ശ്രദ്ധിച്ചേക്കും. മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്‌തേക്കാം.
വ്യക്തമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കാം
മുതലാളി തൊഴിലാളികളോടു പറയുന്നതുപോലെ കുട്ടികളോട് തങ്ങള്‍ അധികാരപ്രയോഗം നടത്തുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണം. കുട്ടിയുടെ പ്രായവും കഴിവുകളും കണക്കിലെടുത്താവണം അവരെ ഉപദേശിക്കുകയും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്. അവര്‍ പറയുന്നത് കേള്‍ക്കാനും രക്ഷിതാക്കള്‍ തയ്യാറാവണം. അത് പരസ്പര ധാരണയും ബഹുമാനവും വളര്‍ത്തുകയും നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് കുട്ടികളെ സഹായിക്കുകയും ചെയ്യും.
മാതാപിതാക്കള്‍ കുട്ടികളുടെ മാതൃകകളാവട്ടെ
മാതാപിതാക്കളെ നിരീക്ഷിക്കുന്നതില്‍ നിന്ന് കുട്ടികള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നു. അതിനാല്‍ രക്ഷിതാക്കള്‍ കുട്ടികളുടെ ഉത്തമ മാതൃകളാകാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ കുട്ടിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്ന പെരുമാറ്റം, ആദരവ്, സത്യസന്ധത, ഉത്തരവാദിത്തം എന്നിവ സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുന്നത് അത്തരം കാര്യങ്ങളില്‍ നിര്‍ദേശം നല്‍കുന്നത് അനുസരിക്കാന്‍ കുട്ടികളെ സഹായിക്കും. കുട്ടികളുടെ അനുസരണക്കേടിന്റെ ചിറകുകള്‍ കെട്ടിയിടേണ്ടതില്ല. പകരം അവരുടെ സ്വതന്ത്ര ചിന്തയുടെ ചിറകുകള്‍ക്ക് ബലം നല്‍കുകയാണ് വേണ്ടത്. വിശാലമായ ആകാശം മുന്നില്‍ തുറന്ന്കിടപ്പുണ്ട്, അവര്‍ പറക്കട്ടെ...