വീട്ടില്‍ വഴക്കു പതിവാണോ? സാക്ഷികളാകുന്ന കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
Mail This Article
മാതാപിതാക്കള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും സ്വരച്ചേര്‍ച്ചയില്ലായ്മയുമൊക്കെ പല കുടുംബങ്ങളിലും പതിവാണ്. വ്യത്യസ്ത അഭിരുചികളും സ്വഭാവവുമുള്ള വ്യക്തികള്‍ ഒരുമിച്ചു നില്‍ക്കുമ്പോള്‍ വഴക്കുകള്‍ ഉണ്ടാകുന്നതില്‍ അസ്വാഭാവികതയുമില്ല. എന്നാല്‍ പരസ്പരം പോരടിക്കുന്ന മാതാപിതാക്കളുടെ ഇടയില്‍ ഇരകളാകുന്നത് കുട്ടികളാണ്. അച്ഛനമ്മമാരുടെ ഈ രീതി കുട്ടികളുടെ സ്വഭാവത്തെയും കാഴ്ചപ്പാടുകളെയും വളരെ ദോഷകരമായി സ്വാധീനിക്കാറുണ്ട്.
കുട്ടികള്‍ക്ക് ഏറ്റവുമധികം സുരക്ഷിതത്വം കുട്ടികള്‍ക്ക് അനുഭവപ്പെടേണ്ട ഇടങ്ങളാണ് കുടുംബങ്ങള്‍. എന്നാല്‍ രക്ഷിതാക്കള്‍ നിരന്തരം വഴക്കിടുന്ന കുടുംബങ്ങളിലെ കുട്ടികളില്‍ അരക്ഷിതാവസ്ഥ ഉടലെടുക്കുന്നു. സ്വന്തം വീട് കുട്ടികള്‍ക്ക് അരക്ഷിതാവസ്ഥയുടെ കൂടാരമാണെങ്കില്‍ പിന്നെ എവിടെയാണ് അവര്‍ സുരക്ഷിതരായിരിക്കുക?
മാതാപിതാക്കള്‍ക്കിടയിലുള്ള വഴക്കിന് തങ്ങളാണ് കാരണമെന്നു പോലും ചിലപ്പോള്‍ കുട്ടികള്‍ ചിന്തിച്ചേക്കാം. അതവരുടെ ആത്മാഭിമാനത്തിന് മങ്ങലേല്‍പ്പിക്കും. അനാവശ്യമായ ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സിന് (അപകര്‍ഷതാ ബോധം) കാരണമാകുകയും ചെയ്യും. അപകര്‍ഷതാ ബോധത്തിനടിമകളാകുന്ന കുട്ടികള്‍ക്ക് അവരുടെ വ്യക്തി ജീവിതത്തില്‍ മാനസികവും സാമൂഹികവുമായ നിരവധി പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. രക്ഷിതാക്കള്‍ നിരന്തരം തര്‍ക്കങ്ങളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെടുന്ന കുടുംബങ്ങളിലെ കുട്ടികളുടെ പഠന നിലവാരം കുറയാനും സാധ്യത കൂടുതലാണ്. കുട്ടികള്‍ നന്നായി പഠിക്കുന്നതിന് വീട്ടില്‍ സമാധാന പൂര്‍ണമായ അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
പ്രായോഗിക പരിഹാരങ്ങള്‍
∙ രക്ഷിതാക്കള്‍ക്കിടയില്‍ തുറന്ന ആശയവിനിമയത്തിന് മുന്‍ഗണന നല്‍കാം. വ്യത്യസ്തരായ മനുഷ്യര്‍ ഒന്നുചേര്‍ന്ന് ജീവിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സാധാരണമാണെന്ന് തിരിച്ചറിഞ്ഞു ഒച്ചപ്പാടുകള്‍ക്ക് പകരം ശാന്തവും ക്രിയാത്മകവുമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുക. ഇത് രക്ഷിതാക്കള്‍ക്കിടയിലെ ബന്ധത്തെ ആരോഗ്യകരമായി സ്വാധീനിക്കുകയും കുട്ടികള്‍ക്ക് മെച്ചപ്പെട്ട അന്തരീക്ഷം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
∙ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാം. ഒരു തര്‍ക്കത്തില്‍ 'വിജയിക്കാന്‍' ശ്രമിക്കുന്നതിനുപകരം വിട്ടുവീഴ്ചയും പരസ്പര ധാരണയും പരിശീലിക്കുന്നത് ബന്ധങ്ങളെ സുദൃഢമാക്കും. ചില സമയങ്ങളില്‍ തര്‍ക്കിച്ചു വിജയിക്കുന്നതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് ഒരുമിച്ചു പോകുന്നത്.
∙ കുട്ടികളുടെ മുമ്പില്‍ വെച്ച് കഴിയുന്നതും വഴക്കുകള്‍ ഒഴിവാക്കുക. കുറഞ്ഞ പക്ഷം വഴക്കുകളില്‍ പോലും ഒരു മാന്യത പുലര്‍ത്താനും മാതൃകയാകാനും രക്ഷിതാക്കള്‍ക്കാവും. തര്‍ക്കങ്ങളുടെ ഏറ്റവും ഭീകരമായ അവസ്ഥകള്‍ കുട്ടികളുടെ മുമ്പില്‍ വെച്ച് നടക്കുന്നില്ല എന്നെങ്കിലും ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ക്കാവണം. കാരണം അത് നിങ്ങളുടെ കുട്ടികളുടെ ഭാവിയെ തന്നെ തച്ചുടച്ചേക്കാം.
∙ ധ്യാനമോ യോഗയോ പോലുള്ള സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ രക്ഷിതാക്കള്‍ പരിശീലിക്കുന്നത് വലിയ ഫലം ചെയ്യും. അതോടൊപ്പം രക്ഷിതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ കുറയ്ക്കാന്‍ ഉത്തരവാദിത്തങ്ങള്‍ തുല്യമായി പങ്കിടുകയുംആവാം.