ചെന്നായയുടെ മുഖം, മുയൽച്ചെവി ; ആമസോൺ മഴക്കാടുകളിലെ എട്ടുകാലി!
Mail This Article
ഇക്വഡോറിലെ ആമസോൺ മഴക്കാടുകളിൽ നിന്നാണ് ചെന്നായയുടെ മുഖമുള്ള എട്ടുകാലിയെ കണ്ടെത്തിയത്. ചുമ്മാ എട്ടുകാലും വച്ചു നടക്കുന്നതു കാണുമ്പോള്‍ തന്നെ പലർക്കും പേടിയാണ്. അപ്പോൾപ്പിന്നെ ചെന്നായുടെ മുഖവുമുള്ള ഒരു എട്ടുകാലിയാണു മുന്നിൽപ്പെടുന്നതെങ്കിലോ! എന്തു ചെയ്യാനാണല്ലേ! അത്തരത്തിലൊരു എട്ടുകാലിയെ ഗവേഷകർ ലോകത്തിനു പരിചയപ്പെടുത്തി. തെക്കേ അമേരിക്കയിൽ നിന്നുള്ള ഈ എട്ടുകാലിയുടെ പേരു കേൾക്കാൻ പക്ഷേ രസമാണ്– ബണ്ണി ഹാർവെസ്റ്റ്മാൻ. Metagryne bicolumnata എന്നു ശാസ്ത്രനാമം. എട്ടുകാലി ഉൾപ്പെടുന്ന അരക്ക്നിഡ് കുടുംബത്തിൽത്തന്നെയാണ് ഇതിന്റെയും സ്ഥാനം. പക്ഷേ എട്ടുകാലുകളൊക്കെ ഉണ്ടെങ്കിലും പൂർണമായും എട്ടുകാലിയെന്നു വിളിക്കാനാകില്ലെന്നാണു ഗവേഷകർ പറയുന്നത്.
മാത്രവുമല്ല ‘ലുക്ക്’ മാത്രമേയുള്ളൂ, ഈ എട്ടുകാലി ആളൊരു പാവമാണ്. ഒരു തരി വിഷം പോലും ദേഹത്തില്ല, ആർക്കും ഒരു ദ്രോഹവും ചെയ്യില്ല. ചരിത്രം അന്വേഷിച്ചു ചെന്നപ്പോൾ ചില്ലറക്കാരനൊന്നുമല്ല കക്ഷി– ഏകദേശം 40 കോടി വർഷം മുൻപ് ഇവ ഭൂമിയിലുണ്ടായിരുന്നു. അതായത്, ദിനോസറുകള്‍ക്കും മുൻപ്! കറുപ്പും മഞ്ഞയും ഇളംപച്ചയും നിറഞ്ഞ ശരീരമാണ് ഇവയ്ക്കുള്ളത്. യഥാർഥ കണ്ണുകൾക്കു മുകളിൽ രണ്ടു ചെറിയ മഞ്ഞപ്പൊട്ടുകളുണ്ട്. അവ കണ്ണുകളും യഥാർഥ കണ്ണുകൾ മൂക്കുമാണെന്നു തോന്നിപ്പിക്കും. ഇതോടൊപ്പം പുറകിലായി രണ്ടു മുയൽച്ചെവികളെപ്പോലുള്ള ഭാഗവും.
അതു കൂടിച്ചേരുന്നതോടെ ഒറ്റനോട്ടത്തിൽ സംഗതി ഒരു ചെന്നായെപ്പോലെയായി! ‘മുയൽച്ചെവി’ കാരണമാണ് ബണ്ണി എന്ന പേരു വീണത്. ‘ഡാഡി ലോങ് ഹെഡ്സ്’ എന്നും വിളിപ്പേരുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ചിത്രം വന്നെങ്കിലും പലരും കരുതിയത് സംഗതി ഫോട്ടോഷോപ്പാണെന്നായിരുന്നു. എന്നാൽ പിന്നീട് ആൻഡ്രിയാസ് തന്നെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിടുകയായിരുന്നു. ഫോട്ടോയിൽ വലുപ്പമൊക്കെ തോന്നുമെങ്കിലും നമ്മുടെ ചൂണ്ടുവിരലിന്റെ അത്രയേയുള്ളൂ ഈ ബണ്ണി ഹാർവെസ്റ്റ്മാൻ!