ADVERTISEMENT

മംഗോൾ സാമ്രാജ്യത്തിന്റെ 13ാം നൂറ്റാണ്ടിലെ തലസ്ഥാനവും പൗരാണിക നഗരവുമായ കാറകോറത്തിന്റെ സമഗ്രമായ ഭൂപടം അത്യാധുനിക ശാസ്ത്ര സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് ഗവേഷകർ തയാറാക്കി. അളവറ്റ് സ്വത്ത് കൈകാര്യം ചെയ്യപ്പെട്ട ഈ നഗരം വെള്ളികൊണ്ട് നി‍ർമിച്ച ഫൗണ്ടൻ, ഖാൻ കൊട്ടാരം, എർഡീൻ സൂ ബുദ്ധവിഹാരം തുടങ്ങിയ പ്രശസ്തമായ നിർമിതികളാൽ വിഖ്യാതമാണ്. മധ്യ മംഗോളിയൻ പ്രവിശ്യയിലെ ഓർഖൻ താഴ്‌വരയിലാണു കാറകോറം സ്ഥിതി ചെയ്യുന്നത്. ഇപ്പോഴത്തെ മംഗോളിയൻ തലസ്ഥാനം ഉലാൻബത്താറിനു 400 കിലോമീറ്റർ തെക്കുകിഴക്കായിട്ട്. കറുത്ത കോട്ട എന്നാണ് കാറകോറം എന്ന വാക്കിന്റെ അർഥം. 

മംഗോൾ സാമ്രാജ്യ സ്ഥാപകനും യുദ്ധപ്രഭുവുമായ ചെങ്കിസ് ഖാൻ തന്നെയാണു കാറകോറം എന്ന പട്ടണത്തിനു തുടക്കമിട്ടത്. എന്നാൽ ഇതൊരു വൻനഗരമായി മാറ്റിപ്പണിതത് ചെങ്കിസ് ഖാന്റെ മൂന്നാമത്തെ പുത്രനായ ഒഗേദായ് ആണ്. വമ്പൻ മതിലുകളുമായുള്ള ഖാൻ കൊട്ടാരമുൾപ്പെടെ ഇവിടെ പണിയാൻ മുൻകൈയെടുത്തതും ഒഗേദായ് തന്നെ. കാൽനൂറ്റാണ്ടോളം മംഗോൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി കാറകോറം വിലസി. പിന്നീട് ഈ സ്ഥാനം സാനഡു, ഡായ്ഡു (ഇപ്പോഴത്തെ ബെയ്ജിങ്) എന്നീ നഗരങ്ങൾക്കു ലഭിച്ചു. പഴയ കാലഘട്ടത്തിൽ മംഗോൾ സാമ്രാജ്യത്തിന്റെ സമ്പത്ത് ഏറെയും നിക്ഷേപിച്ചിരുന്നത് ഈ ചരിത്രനഗരത്തിലാണ്. പിൽക്കാലത്ത് വിസ്മൃതിയിലേക്കു മറഞ്ഞ ഈ നഗരം 1899ൽ നടത്തിയ പര്യവേക്ഷണത്തിലാണ് വീണ്ടും വെട്ടപ്പെട്ടത്.

∙ ലോകത്തെ വിറപ്പിച്ച മംഗോൾ‌

മംഗോളുകളുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ നേതാവായിരുന്നു ചെങ്കിസ് ഖാൻ. തെമുജിൻ എന്ന പേരിൽ 1162ൽ ഇന്നത്തെ മംഗോളിയയുടെയും സൈബീരിയയുടെയും അതിർത്തി പ്രദേശത്തായിരുന്നു ചെങ്കിസ് ഖാന്റെ ജനനം. പുൽമേടുകൾ നിറഞ്ഞ ഇവിടെ ജീവിച്ച നാടോടി ഗോത്രങ്ങൾ പരസ്പരം പോരാടിക്കൊണ്ടിരുന്നു. കഠിനമായ ജീവിതരീതിയായിരുന്നു അവിടെ. കൊച്ചു തെമുജിന് 10 വയസ്സ് തികയും മുൻപ് അവന്റെ അച്ഛനെ ആരോ ശത്രുക്കൾ വിഷം കൊടുത്തു കൊന്നു. തങ്ങൾക്ക് ബാധ്യതയായി മാറിയ ചെങ്കിസിനെയും ആറു സഹോദരൻമാരെയും അമ്മയെയും ഗോത്രം ഉപേക്ഷിച്ചു.

the-lost-treasure-of-genghis-khan
Photo Credits: Adwo/ Shutterstock.com

 

1178ൽ തെമുജിൻ ബോർട്ടെ എന്ന യുവതിയെ വിവാഹം കഴിച്ചു. ആ ബന്ധത്തി‍ൽ കുറെ കുട്ടികളുമുണ്ടായി. ഇടയ്ക്കൊരുനാൾ ബോർട്ടെയെ ശത്രുഗോത്രത്തിലെ പടയാളികൾ തട്ടിക്കൊണ്ടുപോയി. ഹതാശനായ ബോർട്ടെയെ വീണ്ടെടുക്കാനായി തെമുജിൻ ശ്രമങ്ങൾ തുടരുകയും മാസങ്ങൾക്കു ശേഷം ഒരു പോരാട്ടത്തിലൂടെ അതു സാധിക്കുകയും ചെയ്തു. തെമുജിനെ പോരാളിയുടെ ഉദയമായിരുന്നു അത്. തുടർന്ന് തെമുജിന് ധാരാളം അനുയായികളുണ്ടായി. മംഗോളിയയിൽ പരസ്പരം പോരടിച്ചു നിന്ന ഗോത്രങ്ങൾ അയാൾക്കു പിന്നിൽ അണിനിരന്നു. തുടർന്ന് ലോകത്തിന്റെ ഭരണാധികാരി എന്നർഥം വരുന്ന ‘ചെങ്കിസ് ഖാൻ’ എന്ന പേര് തെമുജിൻ സ്വീകരിച്ചു.പുറത്തേക്കുള്ളവർക്ക് ക്രൂരനായ ആക്രമണകാരിയായിരുന്നെങ്കിലും മംഗോളുകളുടെ ജീവിതത്തിൽ വലിയ സാംസ്കാരിക മാറ്റങ്ങൾ ഉണ്ടാക്കാൻ ചെങ്കിസിനു സാധിച്ചു.

 

പിന്നീട് നടന്നത് ചരിത്രത്തിൽ ഇടം നേടിയ പടയോട്ടങ്ങൾ .ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയെ ആദ്യം ആക്രമിച്ച ചെങ്കിസ് ഖാന്റെ സൈന്യം പിന്നീട് തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, അർമീനിയ, ജോർജിയ, അസർബൈജാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ തങ്ങളുടെ പടയോട്ടം നടത്തി.ചെങ്കിസ് ഖാൻ മരിക്കുമ്പോൾ അയാളുടെ സാമ്രാജ്യത്തിന് ആഫ്രിക്ക ഭൂഖണ്ഡത്തിന്റെ വിസ്തീർണമുണ്ടായിരുന്നെന്ന് ചരിത്രകാരൻമാർ പറയുന്നു.

 

മംഗോളിയയുടെ ദേശീയ ഹീറോയായി മാറിയ ചെങ്കിസ് ഖാൻ പക്ഷേ അന്യദേശങ്ങൾക്കു വില്ലനായിരുന്നു. വിവിധ രാജ്യങ്ങളിൽ നടത്തിയ പടയോട്ടങ്ങളിലും തുടർന്നുണ്ടായ നരനായാട്ടിലും 4 കോടിയോളം ജനങ്ങളെയാണ് ഖാനും അയാളുടെ സൈന്യവും കൊന്നൊടുക്കിയത്. ഇറാനുമായുണ്ടായ യുദ്ധത്തിൽ ആ രാജ്യത്തിന്റെ മുക്കാൽ പങ്ക് ജനസംഖ്യയെയും മംഗോളുകൾ കൊലപ്പെടുത്തി.‌ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജനിച്ച ചെങ്കിസ് ഖാന്റെ മരണമെങ്ങനെയായിരുന്നു എന്നുള്ളത് ഇന്നും ചരിത്രകാരൻമാരെ കുഴക്കുന്ന സംഗതിയാണ്.കുതിരപ്പുറത്തു നിന്നു വീണു മരിച്ചു എന്നൊരു വിഭാഗം വാദിക്കുമ്പോൾ, യുദ്ധത്തിൽ പിടിച്ച ഒരു തിബറ്റൻ രാജകുമാരിയുടെ ആക്രമണത്തിൽ രക്തം വാർന്നെന്നാണു മറ്റൊരു പക്ഷം. ചൈനക്കാരുമായുള്ള യുദ്ധത്തി‍ൽ കൊല്ലപ്പെട്ടെന്നും അതല്ല ഒരു അമ്പ് കൊണ്ടു കയറിയ മുറിവ് പഴുത്ത് വ്രണമായാണ് മരണം സംഭവിച്ചതെന്നും സിദ്ധാന്തങ്ങളുണ്ട്. ചെങ്കിസ് ഖാൻ മരിച്ചത് പ്ലേഗ് ബാധിച്ചാണെന്ന് അടുത്തിടെ ഓസ്ട്രേലിയയിലെ അഡലെയ്ഡ് സർവകലാശാലയ്ക്കു കീഴിലുള്ള മെഡിക്കൽ സ്കൂളിലെ ഗവേഷകനായ വെങ്പെങ് യൂവിന്റെ നേതൃത്വത്തിലുള്ള സംഘം നീണ്ട ഗവേഷണത്തിനു ശേഷം പ്രസ്താവിച്ചിരുന്നു. അക്കാലത്ത് ലോകത്ത് പടർന്നു പിടിച്ച മഹാമാരിയായ ബൂബോണിക് പ്ലേഗ് ആണ് ചക്രവർത്തിയുടെ മരണത്തിനു കാരണമായതെന്ന് അവർ സമർഥിക്കുന്നു.

∙നഷ്ടപ്പെട്ട നിധി

ചെങ്കിസ് ഖാന്റെ മൃതശരീരം അടക്കിയ സ്ഥലം കണ്ടെത്താനായി വരെ വിവിധ സംഘങ്ങൾ തിരച്ചിൽ നടത്തിയിട്ടുണ്ട്. മംഗോളിയയിലെ ബർഖാൻ ഖാൽദുനിലും, ഖെൻതിയിലും  ശാസ്ത്രജ്ഞർ ഗവേഷണത്തിനായി തിരച്ചിൽ നടത്തിയപ്പോൾ ഇതിലുൾപ്പെടാത്ത ചില സാഹസികർ മൃതശരീരത്തോടൊപ്പം അടക്കം ചെയ്തിരിക്കാവുന്ന വമ്പൻ നിധിയും മറ്റ് അമൂല്യ സമ്പത്തും തേടിയാണ് തിരച്ചിലിൽ ഏർപെട്ടത്. എന്നാൽ ആർക്കും ഒന്നും ഇതു വരെ കിട്ടിയിട്ടില്ല.

എവിടെ അടക്കിയെന്നുള്ളത് ചക്രവർത്തിയുടെ അടുത്ത ബന്ധുക്കൾക്കും മറ്റു ചില അഭ്യുദയകാംക്ഷികൾക്കും മാത്രമറിയാവുന്ന രഹസ്യമായിരുന്നു. ഇതു പുറത്തറിയാതിരിക്കാനായി മരണാനന്തരച്ചടങ്ങിൽ പങ്കെടുത്തവരെ എല്ലാവരെയും കൊന്നു കളഞ്ഞെന്നും കൊല നടത്തിയവർ ആത്മഹത്യ ചെയ്തെന്നുമാണ് ഐതിഹ്യം. ചിലപ്പോൾ ഒരു കെട്ടുകഥയാവും ഇത്. അതെന്തു തന്നെയായാലും ചെങ്കിസ് ഖാന്റെ മൃതസ്ഥലം ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

English Summary : The lost treasure of Genghis Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com