ADVERTISEMENT

ചെങ്ങന്നൂർ ∙ കനത്ത മഴയും വെള്ളപ്പൊക്കവും മേഖലയ്ക്കു സമ്മാനിച്ചതു 100 ഹെക്ടറിലേറെ  കൃഷിനാശം. വിരിപ്പ് നെൽക്കൃഷിയും ഓണവിപണി ലക്ഷ്യമിട്ടു കൃഷിചെയ്ത വാഴയും പച്ചക്കറിയുമൊക്കെ വെള്ളത്തിലായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ് പരിധിയിൽ 49 ഹെക്ടറിലെ പച്ചക്കറികളും 51 ഹെക്ടറിലെ വാഴക്കൃഷിയും നശിച്ചതായാണു പ്രാഥമിക കണക്ക്.  25 ഹെക്ടർ വിരിപ്പു നെൽക്കൃഷിയും നാശത്തിന്റെ വക്കിലാണ്. 60 ഹെക്ടറോളം പ്രദേശത്ത് മരച്ചീനി, കാച്ചിൽ, ചേന, ചേമ്പ് എന്നീ ഇടവിളക്കൃഷികളും  നശിച്ചു. 

അച്ചൻകോവിലാറിന്റെ തീരത്തെ വെള്ളം കയറിയ വീടുകൾ, മാവേലിക്കര മണ്ഡപത്തിൻകടവിൽ നിന്നുള്ള കാഴ്ച.
അച്ചൻകോവിലാറിന്റെ തീരത്തെ വെള്ളം കയറിയ വീടുകൾ, മാവേലിക്കര മണ്ഡപത്തിൻകടവിൽ നിന്നുള്ള കാഴ്ച.

ഓണ വിപണി ലക്ഷ്യമിട്ടു കൃഷി  ചെയ്ത വാഴക്കൃഷിക്കാണ് ഏറെയും നാശം. ബുധനൂരിലാണു പച്ചക്കറി ഏറെയും നശിച്ചത്. 18 ഹെക്ടർ. 17.5 ഹെക്ടറിൽ വാഴക്കൃഷിയും നശിച്ചു. വെൺമണിയിൽ  10 ഹെക്ടറിൽ പച്ചക്കറിക്കൃഷിയും 20.5 ഹെക്ടറിൽ വാഴക്കൃഷിയും നശിച്ചു.  പാണ്ടനാട്, തിരുവൻവണ്ടൂർ, പുലിയൂർ പഞ്ചായത്തുകളിലാണു നെൽക്കൃഷിക്കു നാശം. തിരുവൻവണ്ടൂരിലാണു കൂടുതലും. 18 ഹെക്ടർ. പുലിയൂരിൽ ഒരു ഹെക്ടറിലെ തെങ്ങിൻ തൈകളും നശിച്ചു. 

അപ്പർകുട്ടനാട്ടിൽ ദുരിതാശ്വാസ ക്യാംപുകൾ തുടരും

മാന്നാർ ∙ മഴ ശമിച്ചു, കിഴക്കൻ വെള്ളത്തിന്റെ വരവും നിലച്ചു എന്നാൽ  മാന്നാർ, ചെന്നിത്തല, ബുധനൂർ പഞ്ചായത്തുകളുടെ പടിഞ്ഞാറൻ പ്രദേശത്തു നിന്നു വെള്ളമിറങ്ങിയിട്ടില്ല, ക്യാംപുകൾ തുടരും. മാന്നാർ ഗ്രാമ പഞ്ചായത്തിലെ ഒന്നു മുതൽ നാലു വരെ വാർഡുകളിലാണ് ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നത്. ഇടയാടി–വൈരപ്പുറം, വൈരപ്പുറം ചക്കിട്ടപ്പാലം, മൂർത്തിട്ട– മുക്കാത്താരി, മുക്കാത്താരി– ചക്കിട്ടപ്പാലം, വാലേൽ റോഡ്, അങ്കമാലി, മാന്തറയടക്കമുള്ള ആറോളം കോളനികൾ ഇപ്പോഴും വെളളത്തിലാണ്.

ഇവിടെയുള്ളവരാണ് നായർ സമാജം, കരയോഗം, യൂടിഐ ക്യാംപുകളിൽ കഴിയുന്നത്. മാന്നാറിലെ വിവിധ ക്യാംപുകളിൽ കഴിയുന്ന 220 കുടുംബങ്ങളെയും ചെന്നിത്തലയിലെ 110 കുടുംബങ്ങളെയും ഒഴിപ്പിക്കുന്നതിന് അധികൃതർ പദ്ധതിയിട്ടെങ്കിലും ജലനിരപ്പു താഴാത്തതിനാൽ ക്യാംപുകൾ തുടരാൻ തീരുമാനിക്കുകയായിരുന്നു.  അച്ചൻകോവിലാറിനോടു ചേർന്നു കിടക്കുന്ന ചെന്നിത്തല കരിക്കുഴി, 75–ൽ പടി, ചിത്തിരപുരം, കാങ്കേരി, തിരുമാലക്കര, പറയങ്കേരി എന്നിവിടങ്ങളിലെ നൂറോളം വീടുകളിൽ നിന്നു വെള്ളമിറങ്ങിയിട്ടില്ല.

ഇതിൽ ചുരുക്കം ചിലർ മാത്രമേ ക്യാംപുകളിൽ എത്തിയിട്ടുള്ളു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഇവർ പോകാതിരുന്നതെന്നും ചിലർ വീടുകളിലും വാടകയ്ക്കും, ബന്ധു വീടുകളിലുമായി കഴിയുകയാണെന്നും പഞ്ചായത്തംഗം തോമസ്കുട്ടി കടവിൽ പറഞ്ഞു. അച്ചൻകോവിലാറിലെ ജലനിരപ്പു നിലച്ചു കിടക്കുകയാണ്. ഒഴുകിപ്പോകാൻ സംവിധനമില്ലാത്തതാണു പ്രധാന കാരണം.

ആറ്റിലെ ജലം കാര്യമായി താഴാത്തതും ഈ പ്രദേശത്തെ  വലയ്ക്കുന്നു.  11 ക്യാംപുകളുള്ള ബുധനൂരിൽ 375 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. ഇതിൽ ഉളുന്തി, കടമ്പൂർ ശിശുവിഹാർ, പെരിങ്ങിലിപ്പുറം യൂപിഎസ് എന്നീ ക്യാംപുകൾ ഇന്നും നിർത്തിയേക്കുമെന്ന് അധികൃതർ അറിയിച്ചു.

വെൺമണിയിലെ കർഷകൻ പി.വി.സാമുവൽ വെള്ളം കയറിയ വാഴത്തോട്ടത്തിൽ.
വെൺമണിയിലെ കർഷകൻ പി.വി.സാമുവൽ വെള്ളം കയറിയ വാഴത്തോട്ടത്തിൽ.

 ∙ "ഒരു ലക്ഷം രൂപയിലേറെ ചെലവഴിച്ചു കൃഷി ചെയ്തതാണ് 200 മൂട് വാഴകളും പച്ചക്കറിയും. കുലയ്ക്കാറായ  വാഴകളാണ് ഏറെയും.വെള്ളം ഇറങ്ങാതിരുന്നാൽ നഷ്ടം കനക്കും." -  പി.വി. സാമുവൽ ,കർഷകൻ, വെൺമണി. 

"പ്രാഥമിക കണക്കെടുപ്പാണ് ഇപ്പോൾ നടത്തിയത്. നഷ്ടത്തിന്റെ തോത് ഉയരാനാണു സാധ്യത." - എസ്. ഗീത , കൃഷി   അസി.ഡയറക്ടർ, ചെങ്ങന്നൂർ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com