പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി: മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടന് കിരീടം
Mail This Article
കുട്ടനാട് ∙ ആവേശം അവസാന തുഴവരെ നീണ്ട പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മൂന്നാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ (പിബിസി) മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനു കിരീടം. പുളിങ്കുന്നാറ്റിൽ നടന്ന സിബിഎൽ രണ്ടാം സീസണിലെ മൂന്നാം മത്സരത്തിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു കാട്ടിൽ തെക്കേതിൽ ചുണ്ടന്റെ കിരീട നേട്ടം. ഫൈനലിൽ കാട്ടിൽ തെക്കേതിൽ 3 മിനിറ്റ് 49.51 സെക്കൻഡിലും വീയപുരം ചുണ്ടൻ 3 മിനിറ്റ് 51.26 സെക്കൻഡിലും നടുഭാഗം ചുണ്ടൻ 3 മിനിറ്റ് 51.31 സെക്കൻഡിലും ഫിനിഷ് ചെയ്തു.
ലൂസേഴ്സ് ഫൈനലിൽ കേരള പൊലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ ഒന്നാമതും കൈനകരി യുബിസിയുടെ കാരിച്ചാൽ ചുണ്ടൻ രണ്ടാമതും കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാട് ചുണ്ടൻ മൂന്നാമതും ഫിനിഷ് ചെയ്തു. ഫസ്റ്റ് ലൂസേഴ്സ് ഫൈനലിൽ എടത്വ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ദേവസ് ചുണ്ടൻ ഒന്നാമതും കെബിസി–എസ്എഫ്ബിസി ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി രണ്ടാമതും കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ മങ്കൊമ്പ് സെന്റ് പയസ് ടെൻത് ചുണ്ടൻ മൂന്നാമതും ഫിനിഷ് ചെയ്തു.
സിബിഎലിനോടനുബന്ധിച്ചു നടന്ന ചെറുവള്ളം കളി മത്സരത്തിൽ ഇരുട്ടുകുത്തി ബി ഗ്രേഡിൽ മങ്കൊമ്പ് ബോട്ട് ക്ലബ്ബിന്റെ ദാനിയേലും വെപ്പ് ബി ഗ്രേഡ് മത്സരത്തിൽ കുന്നുമ്മ കാവാലം ബോട്ട് ക്ലബ്ബിന്റെ പി.ജി.കരിപ്പുഴയും ഇരുട്ടുകുത്തി എ ഗ്രേഡിൽ ചാത്തങ്കരി സിബിസി ബോട്ട് ക്ലബ്ബിന്റെ മൂന്നുതൈക്കലും കിരീടം കരസ്ഥമാക്കി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ കളർകോട് ഫ്രീഡം ബോട്ട് ക്ലബ്ബിന്റെ കുറുപ്പുപറമ്പനും വെപ്പ് ബി ഗ്രേഡിൽ തെക്കേക്കര സെന്റ് ജോൺസ് ബോട്ട് ക്ലബ്ബിന്റെ പുന്നത്ര പുരയ്ക്കലും ഇരുട്ടുകുത്തി എ ഗ്രേഡിൽ കൊടുപ്പുന്ന ബോട്ട് ക്ലബ്ബിന്റെ തുരുത്തിത്തറയും രണ്ടാം സ്ഥാനം നേടി. ചീഫ് വിപ്പ് എൻ.ജയരാജ് വള്ളംകളി ഉദ്ഘാടനം ചെയ്തു.
സിബിഎൽ; ട്രോപ്പിക്കൽ ടൈറ്റൻസ് ഒന്നാമത്
മൂന്ന് സിബിഎൽ മത്സരങ്ങൾ പിന്നിട്ടപ്പോൾ 29 പോയിന്റുകളുമായി ട്രോപ്പിക്കൽ ടൈറ്റൻസ് പട്ടികയിൽ ഒന്നാമതെത്തി. മൈറ്റി ഓർസ് 27 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. 24 പോയിൻറുകളോടെ റിപ്പിൾ ബ്രേക്കേഴ്സാണ് മൂന്നാം സ്ഥാനത്ത്. നെഹ്റു ട്രോഫിയിൽ ട്രോപിക്കൽ ടൈറ്റൻസും കരുവാറ്റ വള്ളംകളിയിൽ മൈറ്റി ഓർസുമാണ് വിജയികളായത്.