ADVERTISEMENT

ചാരുംമൂട്∙അപകടപരമ്പരയുമായി കൊല്ലം–തേനി ദേശീയപാത.   ഗ്രാമീണ റോഡിന്റെ വീതിയേയുള്ളൂ എങ്കിലും പേര് ദേശീയപാതയെന്നാണ്. ആറ് മീറ്റർ മുതൽ ഏഴ് മീറ്റർ വരെ വീതിയുള്ള ഏക ദേശീയപാതയാണിത്. റോഡിന്റെ വീതി കുറവ് കാരണം ഓരോ ദിവസവും അപകടങ്ങൾ കൂടി വരികയാണ്. ഇതോടൊപ്പം അപകട വളവുകളും.  

ഒരേ സമയം രണ്ട് വാഹനങ്ങൾക്ക്   കടന്നു പോകാൻ കഴിയാത്ത രീതിയിലാണ് ദേശീയ പാതയുടെ വിവിധ ഭാഗങ്ങൾ. ഇത് കാരണമാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത്. വീതി കൂട്ടുന്നതിനുള്ള തുക അനുവദിച്ചിട്ടുണ്ടെന്ന് ദേശീയ പാത അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. എന്നാൽ കൊല്ലം ജില്ലയിലെ ചില ഭാഗങ്ങളിൽ വീതി കൂട്ടൽ‌ നടന്നിട്ടുണ്ട്.

 റോ‍ഡിന് വീതി കൂട്ടുന്നതോടൊപ്പം അപകട വളവുകൾക്ക് മോചനം ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. ചെങ്ങന്നൂർ മുതൽ ഭരണിക്കാവ് വരെയും അപകടങ്ങൾ  പതിവാണ്. റോഡിന് ഏറ്റവും കൂടുതൽ വീതി കുറവുള്ള പ്രദേശങ്ങളാണ് ഇവിടം. ഇത് കൂടാതെ 20 കിലോമീറ്ററിനുള്ളിൽ  40 വളവുകളാണ് ദേശീയപാതയിലുള്ളത്. ഇതിൽ 10 വളവ് തിരിവുകളിലെങ്കിലും അപകടങ്ങളും അപകട മരണങ്ങളും നടന്നു വരുന്നു. 

മാങ്കാംകുഴി മുതൽ ചാരുംമൂട് വരെ എട്ട് കിലോമീറ്ററിനുള്ളിൽ പത്ത് വളവുകൾ ഉള്ളതിൽ അഞ്ചിലും മിക്ക ദിവസങ്ങളിലും അപകടങ്ങൾ നടന്നു വരുന്നുണ്ട്. ഒരു ഇരുചക്രവാഹനത്തിനും ഒരു ബസിനും ഒരേ സമയം ഇരുഭാഗങ്ങളിലേക്കും പോകാനുള്ള വീതി പോലും റോഡിനില്ല.  

ഇന്നലെ മാങ്കാംകുഴി ഇറക്കത്തിൽ മിനി ടിപ്പർ കട്ടയുമായി വന്നപ്പോൾ മതിലിൽ ഇടിച്ച് മറിഞ്ഞു. വലിയ പരുക്കേൽക്കാതെ ഇതിൽ ഉണ്ടായിരുന്നവർ രക്ഷപെടുകയായിരുന്നു.ഏറ്റവും കൂടുതൽ അപകടങ്ങളും അപകട മരണങ്ങളും നടക്കുന്ന പ്രധാനപ്പെട്ട വളവാണ് പാറക്കുളങ്ങര വളവ്. പാറക്കുളങ്ങരയിൽ ഇരുഭാഗങ്ങളിലും കുത്തനെയുള്ള കയറ്റമാണ്.

ഇവിടെ ഒരേ  സമയം രണ്ട് വാഹനങ്ങൾ കടന്നു പോകുന്നത് ബുദ്ധിമുട്ടിയാണ്.   ദേശീയപാത  വീതി കൂട്ടി  അപകടരഹിതമാക്കണമെന്നാണ് ആവശ്യം. ഒരുമാസത്തിനുള്ളിൽ തമിഴ്നാട്ടിൽ നിന്നും കൊല്ലം തേനി ദേശീയപാതയിലൂടെ കൊല്ലത്തേക്ക് 20 ബസ് സർവീസുകൾ  തുടങ്ങുമെന്നാണ് വിവരം. നിലവിൽ രണ്ട് ബസുകൾ കടന്നു പോകുന്ന ഈ പാതയിലൂടെ കൂടുതൽ ബസുകൾ സർവീസ് നടത്താൻ തുടങ്ങിയാൽ  ദേശീയപാതയുടെ പല  ഭാഗങ്ങളിലും ഗതാഗത തടസ്സമുണ്ടാകാനാണ് സാധ്യത. ഇതോടൊപ്പം പല ഭാഗങ്ങളിലും വ്യാപകമായ രീതിയിൽ ദേശീയപാതയിൽ കയ്യേറ്റങ്ങളും നടന്നു വരുന്നുണ്ട്.

ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞു

സിമന്റ് ഇഷ്ടികയുമായി പോയ ലോറി നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു. കൊല്ലം –തേനി ദേശീയപാതയിൽ മാങ്കാംകുഴി ജംക്‌ഷനു തെക്കുള്ള  ഇറക്കത്തിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. മാങ്കാംകുഴി സുരേഷ് ഭവനം സുമേഷ്, സൗപർണികയിൽ ഹരിഹരൻ ഉണ്ണിത്താൻ എന്നിവരുടെ വീടുകളുടെ മതിലുകളാണ് തകർന്നത്. കൊച്ചാലുംമൂട് ബിൽട്ടൺ കമ്പനിയിൽ നിന്നും സിമന്റ് ഇഷ്ടികയുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവറും സഹായിയും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്നു റോഡിൽ ഗതാഗത തടസ്സം നേരിട്ടു. ക്രെയിൻ ഉപയോഗിച്ചു ലോറി ഉയർത്തി മാറ്റിയ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിനിടെ ലോറിയുടെ ഡീസൽ ടാങ്ക് ഇളകി വീണു റോഡിലേക്ക് ഡീസൽ ചോർന്നു. അഗ്നിരക്ഷാസേനയെത്തി വെള്ളം ഉപയോഗിച്ചു റോഡിൽ നിന്നു ഡീസൽ കഴുകിക്കളയുകയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com