വഴിത്തിരിവായി സൈക്കിൾ വച്ച സ്ഥലവും തോടും തമ്മിലുള്ള അകലം; ആ മരണം കൊലപാതകമായത് ഇങ്ങനെ..
Mail This Article
ഹരിപ്പാട് ∙ അസ്വാഭാവിക മരണം കൊലപാതകമായി മാറിയത് അന്വേഷണ സംഘത്തിന്റെ മികവ്. ചന്ദ്രന്റെ സൈക്കിൾ ഇരുന്ന സ്ഥലവും മൃതദേഹം കിടന്നിരുന്ന തോടും തമ്മിലുള്ള അകലമാണ് കൂടുതൽ അന്വേഷണം നടത്താൻ പൊലീസിനെ പ്രേരിപ്പിച്ചത്. തോട്ടിൽ വീണു മുങ്ങി മരിച്ചതാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
ചെറുതന വെട്ടുവേലിൽ ദേവീക്ഷേത്രത്തിനു സമീപമുള്ള തോട്ടിൽ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ചന്ദ്രന്റെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കിടന്നിടത്തു നിന്നും 20 മീറ്റർ അകലെയുള്ള റോഡിൽ ഇദ്ദേഹത്തിന്റെ സൈക്കിൾ കണ്ടെത്തിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. തലയ്ക്ക് മുറിവുണ്ടായിരുന്നു.
ശ്വാസകോശത്തിൽ വെള്ളം കയറിയിരുന്നു. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ തോടിനു സമീപമെത്തിയപ്പോൾ കാൽ വഴുതി തോട്ടിൽ വീണതാകാം മരണ കാരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.
വീഴ്ചയിൽ തലയ്ക്ക് പരുക്ക് പറ്റി ബോധം നഷ്ടപ്പെട്ടതാണെന്നാണ് പൊലീസ് കരുതിയിരുന്നത്. ചന്ദ്രൻ ധരിച്ചിരുന്ന 4 പവന്റെ മാലയും മോതിരവും മൃതദേഹത്തിൽ ഇല്ലാതിരുന്നത് ദുരൂഹതയുണ്ടാക്കിയെങ്കിലും മാല പിന്നീട് വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു.
എന്നാൽ മോതിരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒറ്റയ്ക്കു താമസിക്കുന്ന ചന്ദ്രനെപ്പറ്റി നാട്ടുകാർക്ക് അഭിപ്രായവ്യത്യാസമില്ലായിരുന്നു. കായംകുളം ഡിവൈഎസ്പി സ്ഥലത്ത് എത്തി പരിശോധന നടത്തി.
മൃതദേഹം റോഡരികിൽ നിന്നു മാറി മുട്ടിനു താഴെ മാത്രം വെള്ളമുള്ള തോട്ടിൽ എങ്ങനെ വന്നു,വണ്ടി തട്ടിയാൽ ഇത്രയും ദൂരം ചന്ദ്രൻ തെറിച്ചു പോവില്ല, സൈക്കിളിൽ വാഹനം ഇടിച്ച ലക്ഷണവുമില്ല, പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനാണെങ്കിൽ സമീപമുള്ള ക്ഷേത്രത്തിന്റെ ആൽത്തറയ്ക്കു സമീപം പോകാൻ സാധ്യതയില്ല , സൈക്കിൾ ഇരുന്ന സ്ഥലത്തിന്റെ ഒരു വശം പുഞ്ചയാണ്.
അവിടെ വീണാൽ ഒരാൾ ഒഴുകി ഇത്രയുംദൂരം വരില്ല... ഇതെല്ലാം സംശയമുണ്ടാക്കിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം നടത്തുകയായിരുന്നു.
14ന് രാവിലെ വീട്ടിൽ നിന്നു ചന്ദ്രൻ പുറത്തേക്ക് പോയിരുന്നു. ചന്ദ്രൻ സ്ഥിരമായി പോകുന്ന സ്ഥലങ്ങൾ മനസ്സിലാക്കി ആ ഭാഗത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചു. 14നു ശേഷം ചന്ദ്രനെ ആരും കണ്ടിരുന്നില്ല. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷനുകളും പൊലീസ് പരിശോധിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.