ശബരിമല തീർഥാടകരെ വരവേൽക്കാൻ ചെങ്ങന്നൂരിൽ ഒരുക്കങ്ങളായി
Mail This Article
ചെങ്ങന്നൂർ ∙ ശബരിമല തീർഥാടനത്തിനു നാളെ തുടക്കം. പ്രധാന ഇടത്താവളമായ ചെങ്ങന്നൂർ ഇനി ശരണമന്ത്രങ്ങളാൽ മുഖരിതമാകും. തീർഥാടകരെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലാണു നഗരം. റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ഏറെക്കുറെ പൂർത്തിയായി. തീർഥാടകർക്കു വിരിവയ്ക്കാനായി പിൽഗ്രിം ഷെൽറ്ററും പിൽഗ്രിം സെന്ററും ഒരുങ്ങി. ശുചിമുറികളും ബാത്തിങ് ഘട്ടും ശുചീകരിച്ചു. മഹാദേവക്ഷേത്രവും പരിസരവും ശുചീകരിച്ചു.
തീർഥാടകർക്കു വിരിവയ്ക്കാനുള്ള ക്രമീകരണങ്ങളായി. താൽകാലിക ശുചിമുറികളും സ്ഥാപിച്ചു. റെയിൽവേ സ്റ്റേഷനു സമീപം അയ്യപ്പസേവാസംഘം ക്യാംപ് ഓഫിസ് നാളെ പ്രവർത്തനം തുടങ്ങും. തീർഥാടകരുടെ വരവനുസരിച്ചു കെഎസ്ആർടിസി പമ്പ സർവീസുകൾ ക്രമീകരിക്കും. 65 ബസുകൾ അധികമായി അനുവദിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ നഗരസഭ, പൊലീസ്, കെഎസ്ആർടിസി, ആരോഗ്യവകുപ്പ് എന്നിവയുടെ സ്റ്റാളുകൾ വൈകാതെ പ്രവർത്തനം തുടങ്ങും. ശബരിമല അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ ഇൻഫർമേഷൻ കൗണ്ടർ പ്രവർത്തിക്കും.
നഗരസഭാ പരിധിയിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ നഗരസഭാ പരിധിയിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്,പരിസരത്തെ ഹോട്ടലുകൾ, ബേക്കറികൾ, മറ്റു ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നുള്ള ടെക്നിക്കൽ അസിസ്റ്റന്റ് ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്.
കടകളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ഹെൽത്ത് കാർഡ് എടുക്കാൻ നിർദേശം നൽകി. പാണ്ടനാട് ഹെൽത്ത് സൂപ്പർവൈസർ ടി. ദിലീപ് ,ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ യാസിൻ, സിനി രാജ് എന്നിവരുൾപ്പെട്ട സംഘം നേതൃത്വം നൽകി.