ആറു വയസ്സുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; വിചാരണ തുടങ്ങുന്നു
Mail This Article
ആലപ്പുഴ∙ മാവേലിക്കരയിൽ ആറു വയസ്സുകാരിയായ മകളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിതാവ് ശ്രീമഹേഷിനെതിരെയുള്ള വിചാരണ നടപടികൾ തുടങ്ങുന്നതിന്റെ ഭാഗമായി ഈ മാസം 15ന് പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. മകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷിനെതിരെയാണ്(38) ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതിയിൽ വിചാരണ നടപടി തുടങ്ങുന്നത്. കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഇന്നലെ ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതിയിൽ ശ്രീമഹേഷിനെ ഹാജരാക്കിയിരുന്നു.
ആദ്യ ഭാര്യയുടെ മരണ ശേഷം പുനർ വിവാഹിതനാകാനുള്ള ശ്രീമഹേഷിന്റെ ശ്രമത്തിനു മകൾ നക്ഷത്ര തടസ്സമാണ് എന്നതിനാൽ മകളെ കൊലപ്പെടുത്തുകയും പ്രതിയുടെ മാതാവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. 51 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിക്കുന്നത്. കേസിന്റെ തെളിവിനു വേണ്ടി 47 രേഖകളും നക്ഷത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മഴു ഉൾപ്പെടെയുള്ള 23 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.