ഇനി കളി മാറും; എസ്ഡി കോളജ് കെസിഎ ഗ്രൗണ്ടിൽ വലിയ പദ്ധതികൾ വരുന്നു
Mail This Article
ആലപ്പുഴ ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം ഒരു തുടക്കം മാത്രം, എസ്ഡി കോളജ് കെസിഎ ഗ്രൗണ്ടിൽ വലിയ പദ്ധതികൾ വരുന്നു. ഇതിനകം ചെലവഴിച്ച 4 കോടി രൂപയ്ക്കു പുറമേ 12 കോടിയോളം രൂപ വരുംവർഷങ്ങളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഈ ഗ്രൗണ്ടിലും സമീപത്തു നിർമിക്കുന്ന പുതിയ ഗ്രൗണ്ടിലുമായി ചെലവഴിക്കും.നിലവിൽ ക്രിക്കറ്റ് കളിക്കുന്ന ഗ്രൗണ്ടിൽ മാത്രം 8 കോടിയാണു ചെലവിടുക. ഫ്ലഡ്‌ലിറ്റ് സൗകര്യം ഉടനെത്തും.
75 ലക്ഷം രൂപ ചെലവിട്ടു ഗ്രൗണ്ടിലെ ഡ്രെയ്നേജ് സംവിധാനം മെച്ചപ്പെടുത്തും. ഗ്രൗണ്ടിലേക്കുള്ള വഴിയിൽ തറയോടു പാകും. 2041 വരെ വാടകയില്ലാതെ എസ്ഡി കോളജ് ഗ്രൗണ്ട് ഉപയോഗിക്കാൻ കോളജ് മാനേജ്മെന്റുമായി കെസിഎ ധാരണയുണ്ട്. കോളജ് മാനേജ്മെന്റിന്റെ മികച്ച സഹകരണം കൊണ്ടാണു കൂടുതൽ സൗകര്യങ്ങൾ സജ്ജമാക്കുന്നതെന്നു കെസിഎ ഭാരവാഹികൾ പറഞ്ഞു. സ്വന്തമല്ലാത്ത ഗ്രൗണ്ടിൽ കെസിഎ ഇത്രയും തുക ചെലവിടുന്നത് ഇതാദ്യമായിരിക്കും.
കെപിഎൽ വരട്ടെ; ഇവിടെയും എത്തും
ഐപിഎൽ മാതൃകയിൽ കേരള പ്രിമിയർ ലീഗ് ആരംഭിക്കാൻ കെസിഎ ആലോചിക്കുന്നു. അതു നടപ്പായാൽ ഇവിടത്തെ ഗ്രൗണ്ട് സ്ഥിരം വേദികളിൽ ഒന്നായിരിക്കും! കെസിഎയുടെ പ്രസിഡന്റ്സ് കപ്പ്, ക്ലബ് ക്രിക്കറ്റ് ചാംപ്യൻഷിപ്, വനിതാ പിങ്ക് ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ ഈ ഗ്രൗണ്ടിലാണു നടക്കാറുള്ളത്. കെസിഎയുടെ ഏക ഹൈ പെർഫോമൻസ് സെന്ററും ഇവിടെയാണു പ്രവർത്തിക്കുന്നത്.
എസ്ഡി കോളജിനായി കളിക്കളവും ഒരുക്കുന്നു
നിലവിലെ ഗ്രൗണ്ടിനോടു ചേർന്നു പുതിയ ഗ്രൗണ്ട് റെഡിയാവുകയാണ്. സ്ഥലം നിരപ്പാക്കി. ഇവിടെ ഫുട്ബോൾ, ബാസ്കറ്റ് ബോൾ, വോളി ബോൾ കോർട്ടുകൾ, അണ്ടർ 16 ക്രിക്കറ്റ് ഗ്രൗണ്ട്, 200 മീറ്റർ ട്രാക്ക് എന്നിവ കെസിഎ സജ്ജമാക്കും. എസ്ഡി കോളജിന്റെ കളിക്കളം കെസിഎ ഏറ്റെടുത്തതോടെ അതിൽ ക്രിക്കറ്റ് മാത്രമായി. അതിനാലാണു കോളജിലെ മറ്റു കായിക ഇനങ്ങൾക്കായി കെസിഎ പുതിയ ഗ്രൗണ്ട് നിർമിച്ചു നൽകുന്നത്. നാലു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. ഗ്രൗണ്ട് കോളജിനു വേണ്ടിയാണെങ്കിലും പരിപാലനം കെസിഎ ആയിരിക്കും. എസ്ഡിവി കോളജിനായി ചുറ്റും നെറ്റ് ഉൾപ്പെടെ ക്രിക്കറ്റ് കളിക്കാനുള്ള സൗകര്യവും കെസിഎ സജ്ജമാക്കി നൽകും.