കടലാക്രമണ ഭീതിയിൽ തീരദേശപാത; പുറക്കാട്ട് തകർന്നത് 20 വീടുകൾ
മുതുകുളം∙ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടൽക്ഷോഭത്തിനു ശമനം ഉണ്ടായെങ്കിലും തീരദേശപാതയിൽ ഗതാഗതം പൂർണതോതിൽ പുനരാരംഭിക്കാനായില്ല. ഞായറാഴ്ച കടൽഭിത്തിയും കടന്നു റോഡിലേക്കു വെള്ളവും മണലും അടിച്ചു കയറിയതോടെ രണ്ടു പഞ്ചായത്തുകളിലുമായി 5 കിലോമീറ്റർ റോഡ് മണ്ണ് മൂടി കിടക്കുകയാണ്. ഗതാഗതതടസ്സം
മുതുകുളം∙ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടൽക്ഷോഭത്തിനു ശമനം ഉണ്ടായെങ്കിലും തീരദേശപാതയിൽ ഗതാഗതം പൂർണതോതിൽ പുനരാരംഭിക്കാനായില്ല. ഞായറാഴ്ച കടൽഭിത്തിയും കടന്നു റോഡിലേക്കു വെള്ളവും മണലും അടിച്ചു കയറിയതോടെ രണ്ടു പഞ്ചായത്തുകളിലുമായി 5 കിലോമീറ്റർ റോഡ് മണ്ണ് മൂടി കിടക്കുകയാണ്. ഗതാഗതതടസ്സം
മുതുകുളം∙ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടൽക്ഷോഭത്തിനു ശമനം ഉണ്ടായെങ്കിലും തീരദേശപാതയിൽ ഗതാഗതം പൂർണതോതിൽ പുനരാരംഭിക്കാനായില്ല. ഞായറാഴ്ച കടൽഭിത്തിയും കടന്നു റോഡിലേക്കു വെള്ളവും മണലും അടിച്ചു കയറിയതോടെ രണ്ടു പഞ്ചായത്തുകളിലുമായി 5 കിലോമീറ്റർ റോഡ് മണ്ണ് മൂടി കിടക്കുകയാണ്. ഗതാഗതതടസ്സം
മുതുകുളം∙ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടൽക്ഷോഭത്തിനു ശമനം ഉണ്ടായെങ്കിലും തീരദേശപാതയിൽ ഗതാഗതം പൂർണതോതിൽ പുനരാരംഭിക്കാനായില്ല. ഞായറാഴ്ച കടൽഭിത്തിയും കടന്നു റോഡിലേക്കു വെള്ളവും മണലും അടിച്ചു കയറിയതോടെ രണ്ടു പഞ്ചായത്തുകളിലുമായി 5 കിലോമീറ്റർ റോഡ് മണ്ണ് മൂടി കിടക്കുകയാണ്. ഗതാഗതതടസ്സം രൂക്ഷമായതോടെ ആറാട്ടുപുഴ കാർത്തിക ജംക്‌ഷനു സമീപം പൊതുമരാമത്ത് വിഭാഗം മണ്ണ് നീക്കം ചെയ്തു. ആറാട്ടുപുഴയിൽ എംഇഎസ് ജംക്‌ഷൻ, തൃക്കുന്നപ്പുഴയിൽ പ്രണവം, ഗെസ്റ്റ് ഹൗസിനു സമീപം, കോട്ടേമുറി എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെടുന്നുണ്ട്.
ആറാട്ടുപുഴ പെരുമ്പള്ളിക്കു വടക്കും തറയിൽക്കടവിലും ഇന്നലെ വൈകിട്ടു കടൽഭിത്തിയും കടന്നു റോഡ് വരെ തിരയെത്തി. കടലാക്രമണ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതിലും റോഡിലെ മണ്ണ് നീക്കം ചെയ്യാത്തതിലും പ്രതിഷേധിച്ചു തൃക്കുന്നപ്പുഴയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഉപരോധത്തെ തുടർന്നു കാർത്തികപ്പള്ളി തഹസിൽദാർ സ്ഥലത്തെത്തി. താൽക്കാലിക സംവിധാനം എന്ന നിലയിൽ വെള്ളിയാഴ്ച തീരത്തു മണൽ ചാക്കുകൾ നിരത്തുമെന്നും തുടർന്നു കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു കടൽക്ഷോഭത്തെ ചെറുക്കുന്നതിനുള്ള ശാശ്വത സംവിധാനം ഉറപ്പാക്കുമെന്നും തഹസിൽദാർ പറഞ്ഞു.
ജാഗ്രതാ നിർദേശം ഉള്ളതിനാൽ അടുത്ത ദിവസത്തെ സ്ഥിതിഗതികൾ കൂടി മനസ്സിലാക്കിയ ശേഷം റോഡിലെ മണ്ണ് പൂർണമായും നീക്കം ചെയ്യുമെന്ന് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു. കടലാക്രമണത്തെ പ്രതിരോധിക്കാൻ സംവിധാനം ഇല്ലാത്ത ആറാട്ടുപുഴ പഞ്ചായത്തിന്റെ വടക്കു ഭാഗത്തും തൃക്കുന്നപ്പുഴ പഞ്ചായത്തിലുമായി നൂറോളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. കഴിഞ്ഞ ദിവസത്തെ കടൽക്ഷോഭത്തിൽ പീലിങ് ഷെഡുകൾക്കു കേടുപാടുണ്ടായി.
കടൽ അൽപം ശാന്തമായി; ആശ്വാസം
ആലപ്പുഴ ∙ ഞായറാഴ്ച ആശങ്കയുടെ മുൾമുനയിലായിരുന്ന തീരദേശത്തിന് ഇന്നലെ ആശ്വാസദിനം. ചൊവ്വാഴ്ച പുലർച്ചെ വരെ കടൽക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നതിനാൽ തീരം ജാഗ്രതയിലായിരുന്നു. എന്നാൽ ആശങ്കപ്പെടുത്തുന്ന സംഭവങ്ങളൊന്നും ഉണ്ടായില്ല. ആറാട്ടുപുഴ പെരുമ്പള്ളി ഭാഗത്തു റോഡിലേക്കു കടൽവെള്ളം കയറിയെങ്കിലും വാഹനങ്ങൾക്കു കടന്നുപോകാൻ കഴിഞ്ഞു. അതേസമയം കഴിഞ്ഞ ദിവസത്തെ കടൽക്ഷോഭം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല.
പുറക്കാട്ട് തകർന്നത് 20 വീടുകൾ
പുറക്കാട് പഞ്ചായത്തിലെ തീരദേശ വാർഡുകളിലെ 20 വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. തിരമാലകൾ വീടുകളിലേക്കു ശക്തമായി അടിച്ചു കയറി ജനലുകളും കതകുകളും തകർന്നു. ഫിഷറീസ് വകുപ്പ് നഷ്ടത്തിന്റെ കണക്കെടുത്തു സർക്കാരിനു റിപ്പോർട്ട് നൽകി. പുറക്കാട്, നീർക്കുന്നം തീരദേശത്തു കഴിഞ്ഞ ദിവസം ഉണ്ടായ കടൽക്ഷോഭത്തിൽ ഒരു മത്സ്യബന്ധന വള്ളം ഒഴുകിപ്പോയി. 4 വള്ളങ്ങൾക്കു ഭാഗിക നാശനഷ്ടമുണ്ടായി. പുറക്കാട് തീരത്തു സൂക്ഷിച്ചിരുന്ന പൊള്ളേത്തൈ പള്ളിക്കത്തയ്യിൽ യേശുദാസിന്റെ ഉടമസ്ഥതയിലുളള ‘സ്വപ്ന’ വള്ളമാണ് ഒഴുകിപ്പോയത്.
വള്ളത്തിൽ ഉണ്ടായിരുന്ന വലയും നഷ്ടപ്പെട്ടു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നീർക്കുന്നം ഫിഷർമെൻ കോളനിയിൽ അനിൽ കുമാറിന്റെ വള്ളം പൊട്ടി എൻജിനും തകർന്നു. 35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുന്നപ്ര പുതുവൽ നിസാമുദീന്റെ അൽ അമീൻ വള്ളത്തിന്റെ അടിഭാഗം തകർന്നു. വലയും നശിച്ചു. 1.35 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. നീർക്കുന്നം സ്വദേശി വേണുവിന്റെ വള്ളത്തിനും തകരാർ സംഭവിച്ചു.
തീരദേശപാതയിൽ ഗതാഗത തടസ്സം
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലായി 5 കിലോമീറ്ററോളം തീരദേശപാതയിൽ മണൽ അടിഞ്ഞു കൂടിയതു ഗതാഗതത്തിനു ബുദ്ധിമുട്ടുണ്ടാക്കി. ഇവിടെ കടലിൽ നിന്നു 100 മീറ്ററോളം മാത്രം അകലത്തിലാണു തീരപാത. കടൽക്ഷോഭം ഉള്ളപ്പോൾ കടൽഭിത്തി മറികടന്നു വെള്ളവും മണലും പാതയിലേക്കെത്തുക പതിവാണ്.
കടൽ ശാന്തമായാലും ഈ മണൽ നീക്കാൻ സമയമെടുക്കും. ഇതിനിടെ ഇന്നലെ പെരുമ്പള്ളി വടക്കും തറയിൽകടവിലും റോഡിലേക്കു തിരയടിച്ചു കയറി. ഞായറാഴ്ച തൃക്കുന്നപ്പുഴയിൽ പീലിങ് ഷെഡുകൾക്ക് കേടുപാടും സംഭവിച്ചു. തുറവൂർ പള്ളിത്തോട് ഭാഗത്തു കടൽ കയറിയപ്പോൾ 50ലേറെ വീടുകളിൽ ഉൾപ്പെടെ ചെളി അടിഞ്ഞിരുന്നു. ഇതു നീക്കിത്തുടങ്ങി. ഇന്നലെ ഇവിടെ കടൽ കയറിയില്ല.
ബിജോബിക്ക് ആശ്രയം ഫിഷറീസ് കെട്ടിടത്തിന്റെ വരാന്ത
അമ്പലപ്പുഴ ∙ ബിജോബി (24) ഒരു വർഷത്തിലേറെയായി അമ്പലപ്പുഴ വളഞ്ഞവഴി ഫിഷറീസ് കെട്ടിടത്തിന്റെ വരാന്തയിലാണ് അന്തിയുറങ്ങുന്നത്. കാരണം, കിടക്കാനൊരു വീടില്ല. കാക്കാഴം വലിയവീട്ടിൽ ബിജുവിന്റെയും വിജയകുമാരിയുടെയും മകനാണ്. ബിജോബിയുടെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു, 5 വർഷം മുൻപ് അസുഖബാധിതനായി പിതാവും. പിന്നീടു ബന്ധുവീട്ടിലായിരുന്നു രാത്രി ഉറക്കം. ഒരു വർഷം മുൻപ് അവരുടെ വീടും കടലെടുത്തു. അതോടെ കിടപ്പ് ഫിഷറീസ് കെട്ടിട വരാന്തയിലാക്കി. മീൻ പിടിച്ചാൽ കിട്ടുന്ന ചെറിയ വരുമാനത്തിലാണു ജീവിക്കുന്നത്. ചില ദിവസം പട്ടിണിയാണ്. പിതാവ് ബിജുവിന്റെ പേരിൽ 8 സെന്റ് സ്ഥലം ഉണ്ടെങ്കിലും അതിൽ വീടുണ്ടാക്കാൻ സർക്കാർ സഹായം കിട്ടിയിട്ടില്ല.
അർത്തുങ്കൽ, തൈക്കൽ, ഒറ്റമശേരി, അന്ധകാരനഴി മേഖലകളിൽ വീണ്ടും വേലിയേറ്റം
ചേർത്തല∙ കഴിഞ്ഞദിവസത്തെയത്ര രൂക്ഷമല്ലെങ്കിലും ചേർത്തല താലൂക്കിലെ അർത്തുങ്കൽ, തൈക്കൽ, ഒറ്റമശേരി, അന്ധകാരനഴി, പള്ളിത്തോട് മേഖലകളിൽ ഇന്നലെയും വേലിയേറ്റത്തിൽ വീടുകളിലേക്കും പുരയിടങ്ങളിലേക്കും വെള്ളം കയറി.ഞായറാഴ്ച ഉച്ചയ്ക്കുശേഷം തീരപ്രദേശങ്ങളിലെ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറിയിരുന്നു. ഒറ്റമശേരിയിൽ കടൽഭിത്തിയില്ലാത്ത പ്രദേശത്തും കടൽഭിത്തി തകർന്നുകിടക്കുന്ന പ്രദേശത്തുമാണ് ഏറെയും വെള്ളം കയറുന്നത്. പല വീടുകൾക്കു ചുറ്റും വെള്ളവും മണ്ണും ചെളിയും കെട്ടിക്കിടക്കുന്നതിനാൽ വീട്ടുകാർക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
ഇന്നലെ രാവിലെ നാട്ടുകാർ വെള്ളം ഒഴുക്കിവിടാൻ ശ്രമിച്ചെങ്കിലും ഉച്ചകഴിഞ്ഞു വേലിയേറ്റത്തിനു വീണ്ടും വെള്ളം കയറിത്തുടങ്ങി. ഒറ്റമശേരി തെക്ക് ഭാഗത്ത് മണ്ണുമാന്തിയന്ത്രം എത്തിച്ച് കടലിൽ നിന്നും കയറിയ മണ്ണും വെള്ളവും നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും മണ്ണുമാന്തിയന്ത്രം താഴ്ന്നുപോയി. നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് മണ്ണുമാന്തിയന്ത്രം കരയ്ക്കെത്തിച്ചത്. ഒറ്റമശേരി മേഖലയിൽ കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങളിലും മുൻപുണ്ടായിരുന്ന കടൽഭിത്തി തകർന്ന സ്ഥലങ്ങളിലുമാണ് കടലാക്രമണം രൂക്ഷമാകുന്നത്.
വെള്ളം കയറിയ വഴികളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചാക്കിൽ മണൽ നിറച്ചും വെള്ളം കയറുന്നത് തടയാൻ ശ്രമിക്കുന്നു. മത്സ്യത്തൊഴിലാളികളാണ് ഏറെയും ബുദ്ധിമുട്ട് നേരിടുന്നത്. അപ്രതീക്ഷിതമായി കടൽ കയറിയതോടെ മത്സ്യബന്ധന വള്ളങ്ങളും വലയും തിരയിൽപ്പെട്ടു. പലയിടങ്ങളിലും വള്ളവും വലയും മണ്ണിനടിയിൽപെട്ടു നശിച്ചു പോയിട്ടുണ്ട്. ഒറ്റമശേരിയിൽ പതിനായിരക്കണക്കിന് ടെട്രാപോഡ് നിർമിച്ചിട്ടുണ്ടെങ്കിലും ഇത് കടൽ തീരങ്ങളിൽ സ്ഥാപിക്കുന്നില്ല.
കടലാക്രമണം ഉണ്ടാകുമ്പോൾ കടൽവെള്ളം ഏറെയും കയറുന്നത് കടൽഭിത്തി തകർന്ന പ്രദേശങ്ങളിലും കടൽഭിത്തി നിർമിക്കാത്ത പ്രദേശങ്ങളിലാണ്. 17 കോടിയോളം രൂപ മുടക്കി തീരപ്രദേശങ്ങളിൽ സ്ഥാപിക്കാൻ ടെട്രാപോഡ് നിർമിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി കടൽ തീരങ്ങളിൽ ഇത് സ്ഥാപിക്കുന്നതിനുള്ള നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ടെട്രാപോഡുകൾ കടൽ തീരങ്ങളിൽ സ്ഥാപിക്കുകയാണെങ്കിൽ ഒരുപരിധിവരെ കടൽ കയറ്റം ഒഴിവാക്കാൻ കഴിയുമെന്നാണ് തീരത്തുള്ളവർ പറയുന്നത്.
പള്ളിത്തോട് തീരത്ത് ദുരിതം തീരുന്നില്ല
തുറവൂർ∙ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കടൽ കയറ്റത്തിൽ നാശം വിതച്ച പള്ളിത്തോട് തീരത്ത് ദുരിതം വിട്ടൊഴിഞ്ഞിട്ടില്ല. ഇന്നലെ തീരദേശത്തിന്റെ പല ഭാഗത്തും ചെറിയ തോതിൽ കടൽ കയറിയെങ്കിലും കടൽ കയറ്റത്തിന് അൽപം ശമനമുണ്ടായിരുന്നു. പള്ളിത്തോട്, അന്ധകാരനഴി വെട്ടയ്ക്കൽ, ഒറ്റമശേരി എന്നീ തീരപ്രദേശങ്ങളിലായിരുന്നു ഞായറാഴ്ച ഉച്ചയ്ക്കു 2.30 മുതൽ അപ്രതീക്ഷിതമായി കടൽ വെള്ളം കരയിലേക്ക് ശക്തിയായി കയറിയത്. തീരത്ത് ഒട്ടേറെ വീടുകളിലാണ് കടൽ വെള്ളം കയറിയത്.
ഇന്നലെ രാവിലെ മുതൽ കടൽ കയറിയ വീടുകളിൽ മണ്ണും ചെളിയും വീട്ടുകാർ കഴുകി വൃത്തിയാക്കിയെങ്കിലും തീരത്ത് പരിഭ്രാന്തി വിട്ടൊഴിഞ്ഞിട്ടില്ല. പെട്ടെന്നുണ്ടായ കടൽ കയറ്റം കാരണം വീടുകളിലും റോഡരികിലെ കടകളിലും ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചു. കടൽ കയറിയതിനാൽ വഴികളിലും ഇടറോഡുകളിലും മാലിന്യവും ചെളിയും കെട്ടി കിടക്കുകയാണ്. സുനാമിയെ വെല്ലുന്ന കടൽക്കയറ്റമാണ് ഉണ്ടായതെന്ന് തീരവാസികൾ പറയുന്നത്. കടൽ ഭിത്തിയില്ലാത്ത തീരങ്ങളിൽ അടിയന്തരമായി മണൽവാടയെങ്കിലും നിർമിക്കണമെന്നും കടൽ കയറ്റത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകാൻ അധികൃതരുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.