സൂപ്പർ സ്പെഷ്യൽറ്റിയിൽ സൂപ്പർ ക്രമക്കേട്; മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യൽറ്റി കെട്ടിടത്തിൽ വിജിലൻസ് പരിശോധന
Mail This Article
അമ്പലപ്പുഴ ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യൽറ്റി കെട്ടിട സമുച്ചയ നിർമാണത്തിൽ വ്യാപക ക്രമക്കേട് നടന്നതായി വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. ശീതീകരണ സംവിധാനത്തിലെ പോരായ്മകൾ കാരണം കെട്ടിടം പൂർണമായും ചോരുന്നു. സോളർ പാനലുകൾ പൂർണമായും പ്രവർത്തനരഹിതമാണ്. പുതുതായി വാങ്ങിയ 2 ജനറേറ്ററുകളും പ്രവർത്തനരഹിതമാണ്.
ശുചിമുറിയുടെ പ്രവർത്തനവും കാര്യക്ഷമമല്ലെന്നു വിജിലൻസ് വിഭാഗം കണ്ടെത്തി. കെട്ടിട നിർമാണത്തിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇല്ലായ്മയാണ് ക്രമക്കേട് ഉണ്ടാകാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടം രൂപകൽപനയിലും പോരായ്മകളുണ്ടെന്ന് വിജിലൻസ് വിഭാഗം കണ്ടെത്തി.
ഡിവൈഎസ്പി പി.വി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 10.30ന് തുടങ്ങിയ പരിശോധന വൈകിട്ട് 6ന് ആണ് അവസാനിച്ചത്. എഎസ്ഐ ഡി.സുരേഷ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.വി.അനൂപ്, പി.എസ്.അനൂപ്, വിജിലൻസ് സ്റ്റേറ്റ് ഇന്റലിജൻസ് വിഭാഗം സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.സനിൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
മെഡിക്കൽ കോളജിന്റെ സുവർണ ജൂബിലി സമ്മാനമായി കേന്ദ്ര സർക്കാർ 2013ൽ ആണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 150 കോടി രൂപ സൂപ്പർ സ്പെഷ്യൽറ്റിക്ക് അനുവദിച്ചത്. 30 കോടി രൂപ സംസ്ഥാന സർക്കാരും നൽകി. 2023 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടം നാടിന് സമർപ്പിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് മേൽനോട്ടമെങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലാണ് നിർമാണം നടന്നത്.]