സിബിഎൽ കൈനകരി ജലോത്സവം ഇന്ന്; ജലഗതാഗതത്തിന് നിയന്ത്രണം
Mail This Article
കുട്ടനാട് ∙ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) കൈനകരി ജലോത്സവം ഇന്നു കൈനകരി പമ്പയാറ്റിൽ നടക്കും. കാരിച്ചാൽ, വീയപുരം, തലവടി, നിരണം, നടുഭാഗം, ചമ്പക്കുളം, ആയാപറമ്പ് വലിയ ദിവാൻജി, മേൽപാടം, പായിപ്പാടൻ എന്നീ ചുണ്ടൻ വള്ളങ്ങളാണു കൈനകരിയിൽ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വർഷം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ആണു കൈനകരിയിൽ വിജയിച്ചത്.
ഇത്തവണ പള്ളാത്തുരുത്തി ബോട്ട് ക്ലബ് കാരിച്ചാൽ ചുണ്ടനിലാണു മത്സരിക്കുന്നത്. കൈനകരി വില്ലേജ് ബോട്ട് ക്ലബ് വീയപുരം ചുണ്ടനിലും കൈനകരി യുബിസി തലവടി ചുണ്ടനിലും മത്സരിക്കും. നിരണം ബോട്ട് ക്ലബ് നിരണം ചുണ്ടനിലും കുമരകം ടൗൺ ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിലും പുന്നമട ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും ചങ്ങനാശേരി ബോട്ട് ക്ലബ് ആയാപറമ്പ് വലിയ ദിവാൻജിയിലും കുമരകം ബോട്ട് ക്ലബ് മേൽപാടം ചുണ്ടനിലും ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനിലും മത്സരിക്കും.
2നു കലക്ടർ അലക്സ് വർഗീസ് പതാക ഉയർത്തും. മന്ത്രി പി.പ്രസാദ് ജലോത്സവം ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മാസ്ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി സമ്മാന വിതരണം നടത്തും.
ജലഗതാഗതത്തിന് നിയന്ത്രണം
കൈനകരി ആറ്റിൽ ഇന്നു ഒരു മണി മുതൽ ജലഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. മത്സരം അവസാനിക്കുന്ന സമയം വരെയാണു നിയന്ത്രണം. ജല അതോറിറ്റിയുടെ സർവീസ് ബോട്ടുകൾ നെടുമുടി, വേണാട്ടുകാട് ഭാഗങ്ങളിൽ നിന്നു വരുന്ന ബോട്ടുകൾ മുണ്ടയ്ക്കൽ ഗുരുമന്ദിരം വരെയും കന്നിട്ട വഴി വരുന്ന ബോട്ടുകൾ കോലത്ത് ജെട്ടി വരെയും വേമ്പനാട്ടു കായൽ ചുറ്റി വരുന്ന ബോട്ടുകൾ എൽസി ജെട്ടി വരെയുമായിരിക്കും സർവീസ് നടത്തുക.
കുമരകം ടൗൺ ബോട്ട് ക്ലബ്ബിന് ആദ്യ മത്സരത്തിൽ അയോഗ്യത
സിബിഎല്ലിലെ ആദ്യമത്സരമായ കോട്ടയം താഴത്തങ്ങാടി വള്ളംകളിക്കു തടസ്സം സൃഷ്ടിച്ച കുമരകം ടൗൺ ബോട്ട് ക്ലബ് ആ മത്സരത്തിൽ അയോഗ്യരായതായി കണക്കാക്കുമെന്നു സൂചന. ഇന്നു നടക്കുന്ന മത്സരത്തിൽ ഇവർക്കു പങ്കെടുക്കാമെങ്കിലും ബോണസോ, പോയിന്റോ നൽകില്ല.
ഇനി അച്ചടക്ക ലംഘനമുണ്ടായാൽ ക്ലബ്ബിനെയും നടുഭാഗം ചുണ്ടനെയും 3 വർഷത്തേക്കു വിലക്കും. താഴത്തങ്ങാടിയിലെ മത്സരത്തിൽ ഫൈനലിൽ എത്തിയ 3 ചുണ്ടൻ വള്ളങ്ങളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുമെന്നാണ് അനൗദ്യോഗിക വിവരം. കുമരകം ടൗൺ ബോട്ട് ക്ലബ്ബിനെ വിലക്കണമെന്ന മറ്റു ക്ലബ്ബുകളുടെ ആവശ്യം അധികൃതർ അംഗീകരിച്ചിട്ടില്ലെന്നാണു സൂചന.