അലമാരയ്ക്കു തീയിട്ട ശേഷം സ്വർണം അപഹരിച്ചു; 31 പവൻ മോഷണം പോയെന്ന് മൊഴി, തീ അണച്ചത് അഗ്നിരക്ഷാസേന
Mail This Article
മാവേലിക്കര∙ വീടിന്റെ കിടപ്പുമുറിയിലെ അലമാരയ്ക്കു തീയിട്ട ശേഷം സ്വർണം അപഹരിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പുന്നമൂട് പോനകം ഹരിഹരം ജയപ്രകാശിന്റെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണു മോഷണം നടന്നത്. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ജയപ്രകാശും മരുമകൾ ഗായത്രിയും വൈകിട്ട് നടക്കാൻ പോയി. ജയപ്രകാശിന്റെ ഭാര്യ ഹേമലത കരയോഗത്തിൽ തിരുവാതിര പരിശീലനത്തിനും പോയിരുന്നു.
സന്ധ്യയോടെ വീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ട അയൽവാസികൾ അറിയിച്ചതനുസരിച്ചു വീട്ടുകാരെത്തി വീടു തുറന്നു നോക്കിയപ്പോഴാണു കിടപ്പുമുറിയിലെ അലമാര കത്തുന്നതു കണ്ടത്. മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണു തീ പൂർണമായും അണച്ചത്.
കത്തിയ അലമാരയിൽനിന്ന് മോഷണം നടന്നതായി സൂചനയില്ല. വീട്ടിലെ മറ്റൊരു അലമാരയിൽ സൂക്ഷിച്ചിരുന്ന 31 പവന്റെ സ്വർണാഭരണം മോഷണം പോയെന്നാണു വീട്ടുകാർ പൊലീസിൽ മൊഴി നൽകിയത്. എന്നാൽ മറ്റൊരു അലമാരയിൽ ഉണ്ടായിരുന്ന സ്വർണം നഷ്ടമായില്ല. വീടിന്റെ വാതിൽ തകർത്ത് മോഷ്ടാവ് അകത്തു കടന്നതിനു തെളിവുകളൊന്നും ലഭിച്ചില്ലെന്നു എസ്എച്ച്ഒ സി. ശ്രീജിത് പറഞ്ഞു.
സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന വീടിന്റെ താക്കോൽ അവിടെത്തന്നെ ഉണ്ടായിരുന്നെന്നു വീട്ടുകാർ പറയുന്നു. വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും ഇന്നലെ പകൽ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. സംഭവം നടന്ന മുറിയിൽ നിന്നു വ്യക്തമായ വിരലടയാളം ലഭിച്ചില്ല.
അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാൻ വെള്ളം ഒഴിച്ചപ്പോൾ വിരലടയാളം നഷ്ടമായെന്നാണു പ്രാഥമിക സൂചന. മോഷണം നടന്ന വീടിന്റെ സമീപ പ്രദേശത്തെ വിവിധ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചു പൊലീസ് പരിശോധന ആരംഭിച്ചു.