വൃശ്ചിക വേലിയേറ്റം: ഉപ്പുവെള്ളം കരകവിഞ്ഞൊഴുകി; വീടുകൾ വെള്ളത്തിൽ
Mail This Article
മുതുകുളം∙ ആറാട്ടുപുഴ കിഴക്കേ കരയിൽ വേലിയേറ്റം മൂലം ഉപ്പുവെള്ളം കരകവിഞ്ഞൊഴുകി വീടുകൾ വെള്ളത്തിലായി. കാർഷിക വിളകളും നശിച്ചു. വൃശ്ചിക വേലിയേറ്റം കൂടും തോറും തീരദേശ ജനങ്ങളുടെ കൃഷി, അടിസ്ഥാന കാര്യങ്ങളായ ശുദ്ധജലം, വീടുകൾ എന്നിവയ്ക്ക് കടുത്ത ഭീഷണി നേരിടുകയാണ്.
2022-23 ലെ ബജറ്റിൽ 10 കോടി രൂപ മണിവേലിക്കടവ്– കൊച്ചിയുടെ ജെട്ടി തീരസംരക്ഷണ ഭിത്തി നിർമിക്കാൻ രമേശ് ചെന്നിത്തല എംഎൽഎയുടെ അഭ്യർഥന പ്രകാരം തുക വകയിരുത്തി മേജർ ഇറിഗേഷൻ പദ്ധതി രേഖ, എസ്റ്റിമേറ്റ് എന്നിവ സമർപ്പിക്കുകയും റവന്യു വിഭാഗം തീരദേശ സർവ്വേ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ നാളിതുവരെയായിട്ടും ടെൻഡർ നടപടി ആരംഭിച്ചിട്ടില്ല.
ആറാട്ടുപുഴ കിഴക്കേക്കരയിലെ തോടുകളിൽ നേരത്തെ സ്ഥാപിച്ചിട്ടുള്ള ഷട്ടർ തുരുമ്പെടുത്തു പ്രവർത്തനക്ഷമമല്ലാതെ ആയതിനാൽ തോടുകളിൽ കൂടി ഉപ്പുവെള്ളം കയറി വരികയും കൃഷി, ജലവിതരണ സംവിധാനം, വീട് എന്നിവയ്ക്ക് നാശം നേരിടുകയുമാണ്.
വേലിയേറ്റം മൂലമുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കാൻ മൈനർ ഇറിഗേഷൻ, പ്രവർത്തന ക്ഷമമല്ലാത്ത ഷട്ടറുകളുള്ള എല്ലാ തോടുകളിലും അടിയന്തരമായി താൽക്കാലിക ബണ്ട് നിർമിച്ച് വേലിയേറ്റ കെടുതികൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും കിളി മുക്ക്– കൊച്ചിയുടെ ജെട്ടി തീരഭിത്തി നിർമാണത്തിനുള്ള തുടർ നടപടികൾ കൈക്കൊള്ളണമെന്നും ആറാട്ടുപുഴ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ടി.പി അനിൽകുമാർ ആവശ്യപ്പെട്ടു.