മണൽ ഖനനം: വീടുകൾക്കു വിള്ളൽ, പാടങ്ങളിൽ മടവീഴ്ച ഭീഷണി; പുത്തനാറിന് മണലൂറ്റ് ഭീഷണി
Mail This Article
എടത്വ ∙ പുത്തനാറിൽ നദീതീരങ്ങളിൽ വീടുകൾക്ക് വിള്ളലും, പാടശേഖരങ്ങൾക്ക് മടവീഴ്ച ഭീഷണിയുമായി മണലൂറ്റ്. നാട്ടുകാരുടെ ആശങ്കകൾ ചെവിക്കൊള്ളാതെയാണ് മണലെടുപ്പ് തുടരുന്നത്. ചെറുതന പുത്തനാർ പാലത്തിന് സമീപത്തെ കരയിലും നദിയിലും ഒരു കിലോമീറ്റർ നീളത്തിൽ തെങ്ങിൻ കുറ്റികളും പ്ലാസ്റ്റിക് പായകളും ഉപയോഗിച്ചു യാഡ് നിർമിച്ചാണ് ഡ്രജ് ചെയ്തെടുക്കുന്ന മണൽ സംഭരിച്ചിരിക്കുന്നത്. പാലത്തിനോടു ചേർന്ന് രണ്ട് യാഡിലാണ് മണൽ സംഭരിച്ചു കൊണ്ടിരുന്നത്.
മണൽ സ്രോതസ്സ് കുറഞ്ഞതിനെ തുടർന്ന് രണ്ടു ഭാഗങ്ങളിലേക്ക് മാറ്റിയാണ് മണലെടുപ്പ്. മൂന്നു വർഷത്തോളമായി ഇവിടെ ഡ്രജിങ് നടക്കുകയാണ്. മണലിൽ സിലിക്കയുടെ അളവു കൂടുതലുള്ളതിനാൽ നിർത്താതെയുള്ള ഖനനമാണു നടക്കുന്നത്. തുടക്കത്തിൽ ഡ്രജർ ഉപയോഗിച്ചായിരുന്നു മണൽ ഖനനം.
ചെലവേറിയതിനാൽ ജെറ്റ് ഉപയോഗിച്ചാണ് ഇപ്പോൾ ഖനനം. ജെറ്റിനെ കൂടുതൽ ആഴത്തിലേക്ക് ഇറക്കി വിട്ടാൽ കുറഞ്ഞ ചിലവിൽ കൂടുതൽ മണൽ ലഭിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.മണലൂറ്റ് കാരണം പുത്തനാറിന്റെ കരകളിലുള്ള വീടുകൾ ബലക്ഷയം നേരിടുകയാണ്. നിരവധി കെട്ടിടങ്ങൾക്ക് വിള്ളൽ വീണു തുടങ്ങി. ഇരു കരയും വീതി കുറഞ്ഞ ചിറകളും ബാക്കിയുള്ള ഭാഗങ്ങൾ വിശാലമായ തേവേരി, തണ്ടപ്ര ഉൾപ്പെടെയുള്ള പാടശേഖരങ്ങളുമാണ്.
മണൽ ഖനനത്തെ തുടർന്ന് പുത്തനാറിന്റെ ആഴം ക്രമാതീതമായി വർധിച്ചു. കാലവർഷ വരുന്നതോടെ ശക്തമായ കുത്തൊഴുക്ക് തീരങ്ങളിലേക്ക് ഉണ്ടായാൽ വീടുകൾ നിലം പതിക്കുകയും, പാടശേഖരങ്ങളിൽ മട വീഴ്ച ഉണ്ടാകുകയും ചെയ്യും. മണൽ ഖനനത്തെ തുടർന്നു പാണ്ടി പുത്തനാർ പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു.
വർഷങ്ങളായി നടത്തുന്ന ഖനനത്തിനെതിരെ നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും അധികൃതർ ചെവിക്കൊണ്ടിട്ടില്ല. പരിസ്ഥിതി പ്രശ്നം ഉന്നയിച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സമരങ്ങൾ നടക്കുമ്പോൾ കാണാതെ പോവുകയാണെന്നു നാട്ടുകാർ പറയുന്നു.
കൊട്ടാരക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മണൽ ഖനനം നടത്തുന്നത്.വീയപുരത്തെ തുരുത്തേൽ കടവിലും അച്ചൻകോവിൽ ആറിലും മണലും ചെളിയും അടിഞ്ഞ് നദിയുടെ ആഴം കുറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് കൃഷിയും അനുബന്ധ തൊഴിലുകളും നഷ്ടപ്പെടുകയും ജീവിതം വഴിമുട്ടുകയും ചെയ്തിട്ടും പരിഹാരമില്ല. പുത്തനാറിൽ മണൽ ഖനനം സമീപ ഭാവിയിൽ ഒരു ദുരന്തമായി മാറുമെന്നാണ് നാട്ടുകാർ പറയുന്നത്.