വിഷം കലക്കി മത്സ്യം പിടിക്കുന്ന നാലംഗസംഘം പിടിയിൽ
Mail This Article
കുട്ടനാട് ∙ പൊതു ജലാശയത്തിൽ വിഷം കലക്കി മത്സ്യം പിടിക്കുന്ന സംഘത്തെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി മണിമലയാറ്റിൽ കിടങ്ങറ മുതലുള്ള ഭാഗത്തു നടത്തിയ പരിശോധനയിലാണു വിഷം കലർത്തി മത്സ്യബന്ധനം നടത്തിയതിന് 4 പേരെ പിടികൂടിയത്. പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിക്കു കിഴക്കു വശം പുളിങ്കുന്ന് കുരിശു പള്ളി ജെട്ടിക്കു സമീപം വച്ച് ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 2 വള്ളങ്ങളും വിഷവസ്തുക്കളും പിടിച്ചെടുത്തു.
കിഴി കെട്ടിയ രീതിയിലായിരുന്നു വിഷ വസ്തുക്കൾ. ഇവർ പിടികൂടിയ 50 കിലോയിലധികം മത്സ്യം ഭക്ഷ്യയോഗ്യം അല്ലാത്തതിനാൽ കുഴിച്ചു മൂടി. നഞ്ചും തുരിശും കലർത്തിയ മിശ്രിതമാണു പിടിച്ചെടുത്തത്. മറ്റു വിഷവസ്തുക്കൾ ഉണ്ടോ എന്നറിയാൻ സാംപിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നീട്ടുവല വിരിച്ച ശേഷം മുളയുടെ അറ്റത്തു കിഴികളിലാക്കി ജലാശയത്തിൽ കലക്കിയാണു മീൻ പിടിക്കുന്നത്.
തലവടി ആനപ്രമ്പാൽ സ്വദേശികളായ 2 പേരെയും പുളിങ്കുന്ന് കണ്ണാടി സ്വദേശികളായ 2 പേരെയുമാണു പിടികൂടിയത്. ഇതിൽ ഒരാൾ മുൻപ് സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്. പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ഇവരുടേത്. കേരള ഉൾനാടൻ ഫിഷറീസ് ആക്ട് 7–ാം വകുപ്പ് പ്രകാരമാണു കേസ് എടുത്തത്. മാന്നാർ ഫിഷറീസ് സബ് ഇൻസ്പെക്ടർ എം.ദീപു, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനായ ഷോൺ ഷാം എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി. രാത്രി 7ന് തുടങ്ങിയ പരിശോധന ഇന്നലെ രാവിലെ 8 വരെ നീണ്ടു.