ചെന്നിത്തല 5 ാം ബ്ലോക്ക് പാടശേഖരം പാട്ടത്തിനു കുട്ടനാട്ടുകാരെ ഏൽപിച്ചു; നേരത്തെ വിതച്ചു
Mail This Article
മാന്നാർ ∙ മൂന്നു തവണ നഷ്ടമുണ്ടായ ചെന്നിത്തല 5 ാം ബ്ലോക്ക് പാടശേഖരം ലാഭം കൊയ്യാൻ പാട്ടത്തിനു കുട്ടനാട്ടുകാരെ ഏൽപിച്ചു, അവരെത്തി വിത നേരത്തെ നടത്തി.തുടർച്ചയായിട്ടുണ്ടായ കാലാവസ്ഥ വ്യതിയാനം കാരണമാണ് 352 ഏക്കർ വരുന്ന അപ്പർകുട്ടനാട്, ഓണാട്ടുകരയിലെ ഏറ്റവും വലിയ പാടശേഖരമായ 5 ാം ബ്ലോക്ക് നഷ്ടത്തിൽ കലാശിച്ചത്. ഇതു കാരണം ഇക്കുറി കൃഷിയിറക്കാനില്ലെന്നു കർഷകർ തീരുമാനിച്ചതോടെയാണ് പാടശേഖര സമിതി കൂടി പരിഹാരമായി നിലം പാട്ടത്തിനു നൽകാൻ തീരുമാനമായത്.
കുട്ടനാട്ടിൽ നിന്നുമെത്തിയ ഒരു പറ്റം കർഷക സംഘാംഗങ്ങൾ ചേർന്നു ഓണത്തിനു ശേഷം പാടത്തു നിന്നും കരകയറാതെ നിലമൊരുക്കി വരിനെല്ലുകൾ കിളിപ്പിച്ച് മരുന്നടിച്ച് പിന്നീട് വെള്ളം മുക്കി അതും വറ്റിച്ചാണ് കൃഷി അനുയോജ്യമാക്കി വിതച്ചത്.ഇതിനു ഭാരിച്ച ചെലവാണ് ഉണ്ടായതെന്ന് കർഷകരായ എടത്വ രാജേഷും വർഗീസും പറഞ്ഞു. കഴിഞ്ഞ ദിവസം വിതച്ചു. വിത ഉത്സവം ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് ഏബ്രഹാം പി. ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികുമാർ കോമന്റേത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമാ താരാനാഥൻ, കൃഷി ഓഫിസർ ചാൾസ് ഐസക്ക് ദാനിയേൽ, പാടശേഖര സമിതി അംഗങ്ങളായ ജോർജ് ഫിലിപ്പ്, സുഗതൻ, മാത്യു, സോമനാഥൻ, രാജേഷ് എന്നിവർ പ്രസംഗിച്ചു.