ആയുഷിനു കണ്ണീരിൽ കുതിർന്ന വിട നൽകി നാട്: ‘കാറിനു തകരാറുള്ളതായി തോന്നി’യെന്ന് മൊഴി
ആലപ്പുഴ∙ കളർകോട് അപകടത്തിൽപെട്ട കാറിന് എന്തോ തകരാറുണ്ടെന്നു തോന്നിയിരുന്നെന്നു കാർ ഓടിച്ച മെഡിക്കൽ വിദ്യാർഥി പൊലീസിനു മൊഴി നൽകി. ‘‘ കനത്ത മഴയായതിനാലാണു സിനിമയ്ക്കു പോകാൻ കാർ വാടകയ്ക്കെടുത്തത്.ആലപ്പുഴ റെയ്ബാൻ തിയറ്ററിൽ 9.30നുള്ള ഷോയ്ക്കാണു പോയത്. കാർ ഓടിച്ചു തുടങ്ങിയപ്പോൾ തന്നെ എന്തോ തകരാറുള്ളതുപോലെ
ആലപ്പുഴ∙ കളർകോട് അപകടത്തിൽപെട്ട കാറിന് എന്തോ തകരാറുണ്ടെന്നു തോന്നിയിരുന്നെന്നു കാർ ഓടിച്ച മെഡിക്കൽ വിദ്യാർഥി പൊലീസിനു മൊഴി നൽകി. ‘‘ കനത്ത മഴയായതിനാലാണു സിനിമയ്ക്കു പോകാൻ കാർ വാടകയ്ക്കെടുത്തത്.ആലപ്പുഴ റെയ്ബാൻ തിയറ്ററിൽ 9.30നുള്ള ഷോയ്ക്കാണു പോയത്. കാർ ഓടിച്ചു തുടങ്ങിയപ്പോൾ തന്നെ എന്തോ തകരാറുള്ളതുപോലെ
ആലപ്പുഴ∙ കളർകോട് അപകടത്തിൽപെട്ട കാറിന് എന്തോ തകരാറുണ്ടെന്നു തോന്നിയിരുന്നെന്നു കാർ ഓടിച്ച മെഡിക്കൽ വിദ്യാർഥി പൊലീസിനു മൊഴി നൽകി. ‘‘ കനത്ത മഴയായതിനാലാണു സിനിമയ്ക്കു പോകാൻ കാർ വാടകയ്ക്കെടുത്തത്.ആലപ്പുഴ റെയ്ബാൻ തിയറ്ററിൽ 9.30നുള്ള ഷോയ്ക്കാണു പോയത്. കാർ ഓടിച്ചു തുടങ്ങിയപ്പോൾ തന്നെ എന്തോ തകരാറുള്ളതുപോലെ
ആലപ്പുഴ∙ കളർകോട് അപകടത്തിൽപെട്ട കാറിന് എന്തോ തകരാറുണ്ടെന്നു തോന്നിയിരുന്നെന്നു കാർ ഓടിച്ച മെഡിക്കൽ വിദ്യാർഥി പൊലീസിനു മൊഴി നൽകി. ‘‘ കനത്ത മഴയായതിനാലാണു സിനിമയ്ക്കു പോകാൻ കാർ വാടകയ്ക്കെടുത്തത്.ആലപ്പുഴ റെയ്ബാൻ തിയറ്ററിൽ 9.30നുള്ള ഷോയ്ക്കാണു പോയത്. കാർ ഓടിച്ചു തുടങ്ങിയപ്പോൾ തന്നെ എന്തോ തകരാറുള്ളതുപോലെ തോന്നി. അപകടം നടന്ന സ്ഥലത്തെത്തിയപ്പോൾ മുൻപിലുള്ള കാറിനെ മറികടന്നു. ആക്സിലേറ്ററിൽ ബലം കൊടുക്കുന്നതിന് ആനുപാതികമായി പ്രതീക്ഷിച്ച വേഗം കാറിനു കിട്ടിയില്ല. കാറിനെ മറികടക്കുമ്പോഴാണു എതിർവശത്തു കൂടെ കെഎസ്ആർടിസി ബസ് വരുന്നതു കണ്ടത്.
പെട്ടെന്നു ബ്രേക്ക് ചവിട്ടിയപ്പോൾ കാർ നിയന്ത്രണം വിട്ടു വലതുവശത്തേക്കു തെന്നിമാറി ബസിലിടിച്ചു’’–കാർ ഓടിച്ച ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി ഗൗരിശങ്കർ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അപകടമെന്നു കാറിന്റെ രണ്ടാമത്തെ നിരയിൽ ഡ്രൈവർക്കു തൊട്ടുപിന്നിലിരുന്ന ചവറ സ്വദേശി മുഹസിനും മൊഴി നൽകി. മുൻപിലുള്ള കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബസിലിടിച്ചെന്നും പിന്നീടു നടന്നതൊന്നും ഓർമയില്ലെന്നുമാണു മുഹസിന്റെ മൊഴി. ഇന്നലെയാണ് ആലപ്പുഴ സൗത്ത് പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്.
ആയുഷിനു കണ്ണീരിൽ കുതിർന്ന വിട നൽകി നാട്
കുട്ടനാട് ∙ കളർകോട് വാഹനാപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർഥി ആയുഷ് ഷാജിക്ക് കാവാലം ഗ്രാമം കണ്ണീരോടെ വിട നൽകി. മകന്റെ മൃതദേഹത്തിനരികിലിരുന്ന് അലറിക്കരഞ്ഞ മാതാപിതാക്കളുടെ ദുഃഖം ചുറ്റും നിന്നവരുടെ ഉള്ളിൽ വിങ്ങലായി പടർന്നു. കാവാലം വടക്ക് നെല്ലൂർ വീട്ടുവളപ്പിൽ ആയുഷിന്റെ സഹപാഠികളെയും നാട്ടുകാരെയും ബന്ധുക്കളെയും സാക്ഷിയാക്കി പിതൃസഹോദര പുത്രൻ ചിതയ്ക്കു തീ കൊളുത്തി. ഇന്നലെ രാവിലെ 10ന് ആരംഭിച്ച സംസ്കാര ചടങ്ങുകൾ ഒന്നര മണിക്കൂറോളമെടുത്താണു പൂർത്തിയാക്കിയത്. ആയുഷിനെ അവസാനമായി ഒരു നോക്കു കാണാൻ നാടാകെ ഒഴുകിയെത്തി.
ഹൃദയം നുറുങ്ങി ഇഷാൽ
കുട്ടനാട്∙ ഒരേ മുറിയിൽ ഒരുമിച്ചുറങ്ങിയിരുന്ന കൂട്ടുകാരൻ ഇനി ഉണരില്ലെന്ന വേദനയിൽ ഇഷാൽ പൊട്ടിക്കരഞ്ഞു. കളർകോട്ട് വാഹനാപകടത്തിൽ മരിച്ച ആയുഷിന്റെ ഹോസ്റ്റൽ റൂം മേറ്റാണ് ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ ഇഷാൽ.ആയുഷും ഇഷാലും ചവറ സ്വദേശി മുഹസിനുമാണ് ഒരു മുറിയിൽ താമസിച്ചിരുന്നത്. അപകടം നടന്ന വാഹനത്തിൽ മുഹസിൻ കൂടിയുണ്ടായിരുന്നു.
മുഹസിൻ പരുക്കുകളുമായി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. പനിയായതിനാലാണ് താൻ അന്നു കൂട്ടുകാർക്കൊപ്പം സിനിമയ്ക്കു പോകാതിരുന്നതെന്ന് ഇഷാൽ പറഞ്ഞു.മൂന്നു പേരും മുൻപും മറ്റു സഹപാഠികൾക്കൊപ്പം രാത്രി സിനിമയ്ക്കു പോയിട്ടുണ്ടെന്ന് ഇഷാൽ പറയുന്നു. സാധാരണ ബസിലാണ് പോകുക. കഴിഞ്ഞ ദിവസം കനത്ത മഴയായതിനാലാണു കാർ വാടകയ്ക്ക് എടുത്തത്. ഇഷാൽ പറഞ്ഞു.
കളർകോട് അപകടം മുൻപിലെ കാറിനെ മറികടക്കുമ്പോൾ എന്ന് മൊഴി
ആലപ്പുഴ∙ അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതു തൊട്ടുമുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാർ ഓടിച്ച വിദ്യാർഥിയുടെ മൊഴി. മുൻപിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിർവശത്തു നിന്നു കെഎസ്ആർടിസി ബസ് വരുന്നതു കണ്ടു പെട്ടെന്നു ബ്രേക്ക് ചവിട്ടിയപ്പോൾ വാഹനം നിയന്ത്രണം വിട്ടു വലതുവശത്തേക്കു തെന്നിമാറിയാണു ബസിൽ ഇടിച്ചു കയറിയതെന്നും തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരിശങ്കർ ഇന്നലെ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം അപകടത്തിനു തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടർ വാഹനവകുപ്പിന്റെ നിഗമനം. അപകടവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസിൽ ഗൗരിശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിയാണു പുതിയ റിപ്പോർട്ട്.
അപകടത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 3പേരിൽ എടത്വ സ്വദേശി ആൽവിൻ ജോർജിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണു കൊണ്ടുപോയത്. കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് എന്നിവരുടെ നില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽ നിന്നു മാറ്റി.
വാഹനമോടിച്ചിരുന്ന ഗൗരിശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്സിനും ചികിത്സയിൽ തുടരുന്നു. പരുക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൺ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി. തിങ്കളാഴ്ച രാത്രി അപകടത്തിൽപെട്ട വാഹനത്തിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായ 11 പേരാണുണ്ടായിരുന്നത്.അപകടത്തിൽ മരിച്ച ബി. ദേവനന്ദന്റെ സംസ്കാരം പാല മറ്റക്കര കോവൂർപ്പിടി പൂവക്കുളത്ത് വീട്ടുവളപ്പിലും ആയുഷ് ഷാജിയുടെ സംസ്കാരം കാവാലം വടക്ക് നെല്ലൂർ വീട്ടുവളപ്പിലും നടത്തി.
പരുക്കേറ്റവരുടെ നില അൽപം മെച്ചപ്പെട്ടു
ആലപ്പുഴ∙ കളർകോട് നടന്ന വാഹനാപകടത്തിൽ പരുക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ നില അൽപം മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള എടത്വ സ്വദേശി ആൽവിൻ ജോർജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആൽവിനു പുറമേ കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറം മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ്, എറണാകുളം കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മി ഭവനത്തിൽ ഗൗരിശങ്കർ, കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹസിൻ എന്നിവർക്കാണു പരുക്കേറ്റത്.
ആൽവിനു തലച്ചോറ്, ശ്വാസകോശം, വൃക്ക, പ്ലീഹ, ഇടതു തുടയെല്ല്, മുട്ടെല്ല് എന്നിവയ്ക്കു ക്ഷതമേറ്റിട്ടുണ്ട്. കൃഷ്ണദേവിന്റെ തലച്ചോറിനുള്ള ശസ്ത്രക്രിയ പൂർത്തിയാക്കി. തോളെല്ലിനു പൊട്ടലുണ്ട്. ആനന്ദ് മനുവിനു തലച്ചോറിലും തലയോട്ടിയിലും ക്ഷതവും തുടയെല്ലിനു പൊട്ടലുമുണ്ട്. ഗൗരി ശങ്കറിന്റെ ഇടതു തുടയെല്ലിനും മുഹസിന്റെ ഇടതു വാരിയെല്ലിലും ഇടതു തോളെല്ലിനും പൊട്ടലുണ്ട്. ആനന്ദ് മനുവിനെയും കൃഷ്ണദേവിനെയും വെന്റിലേറ്ററിൽ നിന്നു മാറ്റി. ഗൗരീശങ്കർ, ആനന്ദ് മനു എന്നിവരുടെ തുടയെല്ലിന്റെ ശസ്ത്രക്രിയ അടുത്ത ദിവസം നടത്തും.
അപകടം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റിപ്പോർട്ട് തയാറാക്കി മോട്ടർ വാഹനവകുപ്പ്
ആലപ്പുഴ∙ കളർകോട്ട് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയെന്നു മോട്ടർ വാഹന വകുപ്പ് റിപ്പോർട്ട്. വിദ്യാർഥികൾ സഞ്ചരിച്ച കാർ മുന്നിൽ പോയ കാറിനെ മറികടക്കുകയായിരുന്നു. ഇതേസമയം എതിരെ വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനെ മറ്റൊരു കാറും മറികടന്നെത്തി. ഈ കാറിന്റെ ഹെഡ്‌ലൈറ്റ് ഡിം ചെയ്തിരുന്നില്ല. രണ്ടു കാറുകളും നേർക്കുനേരെ വന്നതോടെ ഹൈ ബീം വെളിച്ചം കണ്ണിലടിച്ചതു കാഴ്ച മങ്ങാൻ ഇടയാക്കിയിരിക്കാം. ഇതോടെ കാർ പെട്ടെന്നു വെട്ടിച്ചു ബ്രേക്ക് ചെയ്യുകയും നിയന്ത്രണം വിട്ടു ബസിൽ ഇടിച്ചിരിക്കാമെന്ന് ആർടിഒ എ.കെ.ദിലു പറഞ്ഞു.
അപകടത്തിന്റെ ദൃശ്യങ്ങളും സ്ഥലവും പരിശോധിച്ച ശേഷമാണു മോട്ടർ വാഹന വകുപ്പ് ഈ അനുമാനത്തിലേക്ക് എത്തിയത്. അപകടത്തെക്കുറിച്ചും പ്രദേശത്ത് ഇനി അപകടമുണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും മോട്ടർ വാഹന വകുപ്പ് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് കലക്ടർക്കു സമർപ്പിക്കും.
എൻഫോഴ്സ്മെന്റ് ആർടിഒ വാഹന ഉടമയുടെ മൊഴിയെടുത്തു
അമ്പലപ്പുഴ∙ അപകടത്തിൽപെട്ട മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാറിന്റെ ഉടമ കാക്കാഴം മഠത്തിൽചിറയിൽ ഷാമിൽഖാനിൽ നിന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ മൊഴിയെടുത്തു. കാർ വാടകയ്ക്ക് നൽകിയതല്ലെന്നും മുൻ പരിചയത്തിന്റെ അടിസ്ഥാനത്തിൽ നൽകിയതാണെന്നും ഷാമിൽഖാൻ മൊഴി നൽകി.
എന്നാൽ ഇദ്ദേഹം വാഹനം വാടകയ്ക്കു നൽകാറുണ്ടെന്നാണു മനസ്സിലായതെന്ന് ആർടിഒ പറഞ്ഞു. റെന്റ് എ കാർ ലൈസൻസ് ഇല്ല. പരുക്കേറ്റ വിദ്യാർഥികളിൽ നിന്നു മൊഴിയെടുക്കും. വിശദമായ പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം ഗതാഗത കമ്മിഷണർക്ക് റിപ്പോർട്ട് നൽകുമെന്നും ആർടിഒ പറഞ്ഞു.
സമാനമായ അപകടം 1988ലും
ആലപ്പുഴ∙ കളർകോട് കഴിഞ്ഞ ദിവസം ഉണ്ടായതിനു സമാനമായ അപകടം 1988ലും ഉണ്ടായി. അന്നു കാൽനടയാത്രികനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ കെഎസ്ആർടിസി ബസിൽ ഇടിച്ചു നാലു പേരാണു മരിച്ചത്. കളർകോട് തൂക്കുകുളത്തായിരുന്നു അപകടം. ഇതിന് ഒരു കിലോമീറ്ററോളം വടക്കായാണു കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാർഥികൾ അപകടത്തിൽപെട്ടത്.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ച് അഞ്ചു വിദ്യാർഥികളാണു മരിച്ചത്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് 88ൽ അപകടത്തിൽപെട്ടത്. അറവുകാടുള്ള മകളുടെ വീട്ടിൽ പോയി മടങ്ങിയ ആലപ്പുഴ ചുങ്കം കളത്തിൽപറമ്പ് ഗോപാലൻ (65), കൊച്ചുമക്കളായ നീതു, നീന, ഓട്ടോഡ്രൈവർ കൂട്ടുങ്കൽപറമ്പ് ആകേഷ് (22) എന്നിവരാണു മരിച്ചത്.
5 പേരുടെ ജീവൻ പൊലിഞ്ഞ അപകടം കഴിഞ്ഞ വർഷം
ആലപ്പുഴ കാക്കാഴം പാലത്തിലുണ്ടായ അപകടത്തിൽ കാർ യാത്രികരായ അഞ്ചു േപർ മരിച്ചത് 2023 ജനുവരി 23നാണ്. കാർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. എറണാകുളത്തു ജോലി കിട്ടിയ യുവാവും യാത്രയാക്കാൻ പുറപ്പെട്ട സുഹൃത്തുക്കളുമടങ്ങിയ, തിരുവനന്തപുരത്തു നിന്നുള്ള അഞ്ചംഗ സംഘമാണു പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. സ്ഥിരം അപകട മേഖലയായ കാക്കാഴം പാലത്തിലെ വളവും ഡ്രൈവിങ്ങിലെ അശ്രദ്ധയുമാണ് അപകടത്തിന് ഇടയാക്കിയതെന്നായിരുന്നു കണ്ടെത്തൽ.