സിപിഎം കായംകുളം ഏരിയ സമ്മേളനം നാളെ മുതൽ; വിവാദ വിഷയങ്ങളേറെ
Mail This Article
കായംകുളം ∙ സിപിഎം ഏരിയ സമ്മേളനം നാളെമുതൽ; നേതൃത്വത്തിന്റെ മറുപടി തേടി ആരോപണങ്ങൾ പലതും ഉയരുമെന്ന് ഉറപ്പ്. നാളെയും മറ്റന്നാളും കാദീശാ പള്ളി ഓഡിറ്റോറിയത്തിലാണ് സമ്മേളനം.എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസ് ഡിഗ്രി പാസാകാതെ പാർട്ടിയിലെ ചില ഉന്നതരുടെ സഹായത്തോടെ എം.കോം പ്രവേശനം തരപ്പെടുത്തിയത് പാർട്ടിയെയും എസ്എഫ്ഐയെയും സംസ്ഥാന തലത്തിൽ തന്നെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ വിവിധ ചുമതലകൾ നിർവഹിച്ചിരുന്ന ആളാണ് നിഖിൽ. ഇങ്ങനൊരാൾ ക്രിമിനൽ കുറ്റം ചെയ്തത് നേതൃത്വത്തിലെ ചിലരുടെ അറിവോടെയാണെന്ന് തുടക്കം മുതൽ പരാതി ഉയർന്നിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി കോളജിൽ പ്രവേശനം നേടിയ പ്രതിയെയും കൂട്ടാളികളെയും ഒളിവിൽ പോകാൻ സഹായിച്ചതിന് ഒരു ഏരിയ കമ്മിറ്റി അംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തതും പാർട്ടിക്ക് ഏറെ അപമാനമുണ്ടാക്കിയ സംഭവമാണ്.
സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ബിപിൻ സി.ബാബു പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതും നേതൃത്വത്തിന് വലിയ തിരിച്ചടിയായി. കുടുംബ പ്രശ്നത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ബിപിനെ നടപടി പിൻവലിച്ച ശേഷം പ്രവർത്തിക്കാൻ ഘടകം നൽകുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ ഏരിയ നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ നിർദേശിച്ചിട്ടും ഏരിയ നേതൃത്വം മൗനം തുടർന്നതോടെയാണ് ബിപിൻ പാർട്ടി വിട്ടത്. എസ്എഫ്ഐ ഏരിയ പ്രസിഡന്റായിരുന്ന സജിതിനെ 10 വർഷം മുൻപ് വെട്ടിപ്പരുക്കൽപ്പിച്ച കേസിലെ പ്രതിക്ക് ബാലസംഘത്തിന്റെ ചുമതല നൽകിയത് വിവാദം ഉയർത്തിയിരുന്നു. കേസിൽ ശിക്ഷിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണു ചുമതലകളിൽ നിന്ന് മാറ്റിയത്.
പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ മോട്ടർ സ്ഥാപനമായ കെസിടി അടച്ചുപൂട്ടലിന്റെ വക്കിലാണ്. നൂറുകണക്കിന് പാർട്ടി പ്രവർത്തകർക്ക് തൊഴിൽ നൽകിയിരുന്ന സ്ഥാപനം മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കാരണമാണ് പൂട്ടുന്ന സ്ഥിതിയിലായത്. ഇരുപതോളം ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാപനത്തിന് ഇന്ന് 5 സർവീസുകൾ മാത്രമാണുള്ളത്. സിപിഎം ഏരിയ സെന്റർ അംഗം എസ്.നസീമാണ് കെസിടി പ്രസിഡന്റ്. ഇത്തരത്തിൽ ഒട്ടേറെ വിവാദങ്ങളാണു പ്രതിനിധി സമ്മേളനത്തിൽ ഏരിയ നേതൃത്വത്തെ കാത്തിരിക്കുന്നത്.