ADVERTISEMENT

ആലപ്പുഴ∙ ഒരു പ്രദേശത്തെയാകെ വെള്ളക്കെട്ടിലാക്കുന്ന വിധത്തിൽ സ്വകാര്യവ്യക്തികൾ കയ്യേറി നികത്തിയ തോട് 14 ദിവസത്തിനുള്ളിൽ പൂർവസ്ഥിതിയിലാക്കണമെന്ന നഗരസഭയുടെ ഉത്തരവിൽ ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല.   ജില്ലാ കോടതിക്കു പടിഞ്ഞാറുവശം കിടങ്ങാംപറമ്പ് വാർഡിൽ കയർ മെഷീൻ ടൂൾസ് കമ്പനിയുടെ വടക്കേയറ്റത്താണു സ്വകാര്യ വ്യക്തികൾ അനധികൃതമായി പുറമ്പോക്ക് ഭൂമി കയ്യേറുകയും തോട് നികത്തുകയും ചെയ്തത്.    പത്തുവർഷം മുൻപു നടന്ന കയ്യേറ്റത്തിന്റെ ഫലമായി മഴക്കാലത്തു പ്രദേശമാകെ വെള്ളക്കെട്ടിലാകുന്നതു പതിവായി. 

വീടിനുള്ളിൽ വരെ വെള്ളം കയറുന്നതിനാൽ മഴക്കാലത്തു പലരും ബന്ധുവീടുകളിലേക്കു താമസം മാറും.   ഭൂമി കയ്യേറിയവർ ഈ സ്ഥലത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായി അയൽവാസിയുടെ മതിൽ പൊട്ടിച്ചു പുരയിടത്തിലേക്കു വെള്ളമൊഴുക്കി വിട്ട സംഭവമുണ്ടായി.അനധികൃത കയ്യേറ്റത്തിനെതിരെയും തോടുനികത്തിയതിനെതിരെയും സനാതനം റസിഡൻസ് അസോസിയേഷൻ 2015 മുതൽ റവന്യു അധികൃതർക്കു പരാതി നൽകുന്നുണ്ട്.

കയ്യേറ്റം നടന്നതു പുറമ്പോക്കു ഭൂമിയിലാണെന്നു റവന്യു അധികൃതരുടെ പരിശോധനയിൽ കണ്ടെത്തി.  തുടർന്നാണ് നികത്തിയ തോട് പൂർവസ്ഥിതിയിലാക്കാൻ കയ്യേറ്റക്കാർക്കു നോട്ടിസ് നൽകാൻ നഗരസഭയ്ക്കു റവന്യു വകുപ്പ് നിർദേശം നൽകിയത്.  അനധികൃതമായി കയ്യേറി നികത്തിയ തോട് 14 ദിവസത്തിനകം പഴയ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ എക്സിക്യൂട്ടീവ് എൻജിനീയർ നവംബർ 6ന് കയ്യേറ്റക്കാർക്ക് നോട്ടിസ് നൽകി. 

14 ദിവസത്തിനുള്ളിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റിയില്ലെങ്കിൽ നഗരസഭ ഇവ പൊളിച്ചുമാറ്റുമെന്നും ഇതിനുള്ള ചെലവ് കയ്യേറ്റക്കാരിൽ നിന്ന് ഈടാക്കുമെന്നും നോട്ടിസിലുണ്ടായിരുന്നു. എന്നാൽ ഒരു മാസമായിട്ടും കയ്യേറ്റം ഒഴിവാക്കി തോട് പഴയ സ്ഥിതിയിലാക്കാൻ കയ്യേറ്റക്കാർ തയാറായിട്ടില്ല. നോട്ടിസിൽ മുന്നറിയിപ്പ് നൽകിയത് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭയും തയാറാകുന്നില്ല. ഇതിനെതിരെ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാനൊരുങ്ങുകയാണു പ്രദേശവാസികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com