ആർടി ഓഫിസുകൾ സ്മാർട്ടാകുന്നു
Mail This Article
ആലപ്പുഴ ∙ സംസ്ഥാനത്തെ ആർടി ഓഫിസുകളിലെ സന്ദർശന സമയത്തിൽ ഉൾപ്പെടെ മാറ്റംവരുത്തി സ്മാർട് ഓഫിസുകളാക്കുന്നു. പരാതികളും അപേക്ഷകളും ഓൺലൈനിലൂടെ സ്വീകരിക്കുന്നതിലൂടെ ആർടി ഓഫിസുകളിലെ ഇടനിലക്കാരെ പൂർണമായും ഒഴിവാക്കും. രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 1.15 വരെ മാത്രമായി ജനങ്ങളുടെ സന്ദർശന സമയം പരിമിതപ്പെടുത്തും.
ഉച്ചവരെ ലഭിക്കുന്ന പരാതികളിലും അപേക്ഷകളിലുമുള്ള തുടർനടപടിയെടുക്കാനാകും ഉച്ചകഴിഞ്ഞുള്ള സമയം ഉപയോഗിക്കുക. ഇതിലൂടെ പരാതികളിലും അപേക്ഷകളിലും മോട്ടർ വാഹനവകുപ്പിന്റെ നടപടി വേഗത്തിലാക്കുകയാണു ലക്ഷ്യം. നിലവിൽ വൈകിട്ടു വരെ ജനങ്ങൾ അപേക്ഷകളുമായി എത്തുന്നതിനാൽ ഫയൽ പരിശോധന ഉൾപ്പെടെയുള്ള ഓഫിസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകയാണ്.
മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമർപ്പിച്ച ആശയം നടപ്പാക്കാൻ ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു അനുമതി നൽകി. ഇതോടെ പൈലറ്റ് പദ്ധതിയായി ആലപ്പുഴ ആർടി ഓഫിസിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തിത്തുടങ്ങി. ജനുവരി ഒന്നു മുതൽ ഓഫിസ് പൂർണമായും പുതിയ രീതിയിലേക്കു മാറും. പിന്നാലെ മറ്റ് ആർടി ഓഫിസുകളും സ്മാർട് ആക്കും.
ഗുണങ്ങൾ
അപേക്ഷകളും പരാതികളും ഇ മെയിലിലൂടെ അയയ്ക്കുന്നതിലൂടെ ആർടി ഓഫിസിലേക്കു നേരിട്ട് എത്തണമെന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. 24 മണിക്കൂറും എവിടെ നിന്നും പരാതി നൽകാനാകും. അധിക വിവരങ്ങൾക്ക് ഫോൺ നമ്പറിലേക്ക് ഉദ്യോഗസ്ഥർ ബന്ധപ്പെടും.
∙ ഇമെയിൽ വിലാസം ഇല്ലാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും ഓൺലൈനായി പരാതി നൽകാം. https://mvd.kerala.gov.in/directory എന്ന വെബ്സൈറ്റിൽ ആർടി ഓഫിസുകളുടെ ഇമെയിൽ വിലാസം ലഭ്യമാണ്.
∙ ഉദ്യോഗസ്ഥർക്കു പരാതികളിലെ കയ്യക്ഷരം വായിക്കാനുള്ള ബുദ്ധിമുട്ട് കുറയും. ആർടി ഓഫിസുകളിലെ ഏജന്റുമാർക്കു പരാതി എഴുതാൻ ഫീസ് നൽകുന്നതും ഒഴിവാക്കാം.
∙ ഉച്ച വരെയുള്ള സമയത്തു ജനങ്ങൾക്ക് ആർടിഒ, ജോയിന്റ് ആർടിഒമാരെ സന്ദർശിക്കാം.