ചെറിയനാട് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമാണം
Mail This Article
ചെങ്ങന്നൂർ ∙ മാവേലിക്കര കോഴഞ്ചേരി റോഡിലെ ചെറിയനാട് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 8 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് ഓട നിർമിക്കും. ഓടയുടെ നിർമാണ പ്രവൃത്തികൾ 2 ദിവസം മുൻപു തുടങ്ങി. എന്നാൽ കുഴികൾ നിറഞ്ഞ അടിപ്പാതയുടെ അറ്റകുറ്റപ്പണി നീളുകയാണ്. റെയിൽവേയും പൊതുമരാമത്ത് വകുപ്പും ചേർന്ന് അറ്റകുറ്റപ്പണി വൈകാതെ നടത്തിയില്ലെങ്കിൽ അടിപ്പാതയിൽ വാഹനാപകടം നിത്യസംഭവമായി തുടരും. മഴക്കാലത്ത് അടിപ്പാതയിലെ യാത്ര അതീവ ദുഷ്കരമാണ്.
എഎംകെ റോഡിലെ തന്നെ പേരിശേരി അടിപ്പാതയിൽ മുകളിൽ നിന്നുള്ള ചോർച്ച ഇനിയും പരിഹരിച്ചിട്ടില്ല. അടിപ്പാതയിലൂടെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രികരുടെയും ബസ് യാത്രികരുടെയുമൊക്കെ ദേഹത്തു മലിനജലം പതിക്കുന്നതു തുടരുകയാണ്. പ്ലാറ്റ്ഫോമിലേക്കുള്ള ജലവിതരണക്കുഴൽ കടന്നു പോകുന്ന ഭാഗത്താണ് ചോർച്ചയെന്ന് റെയിൽവേ അധികൃതർ പറയുമ്പോഴും പ്രശ്നം പരിഹരിക്കാൻ നടപടിയില്ല.