കളർകോട് അപകടം: വിദ്യാർഥികളുടെ ആരോഗ്യനിലയിൽ പുരോഗതി
Mail This Article
അമ്പലപ്പുഴ ∙ കളർകോട് വാഹനാപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ ആരോഗ്യനിലയിൽ കാര്യമായി പുരോഗതി ഉണ്ടായതായി മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. ആനന്ദ് മനുവിന് നാളെ താടി എല്ലിന്റെയും തുട എല്ലിന്റെയും ശസ്ത്രക്രിയ നടക്കും. തലച്ചോറിന്റെ സ്കാനിങ് നടത്തിയതിൽ നീർക്കെട്ടിനു കുറവുണ്ട്. രക്തം കട്ടപിടിച്ചു കിടന്നതിനും മാറ്റം വന്നു തുടങ്ങി.
കൃഷ്ണദേവ് ആഹാരം കഴിച്ചുതുടങ്ങി. ആരോഗ്യനില തൃപ്തികരമാണ്. മുഹസിന് നാളെ കൈകളുടെ അസ്ഥി പൊട്ടലിന് ശസ്ത്രക്രിയ നടത്തും. ഗൗരീശങ്കറിനെ സ്റ്റുഡന്റ്സ് സിക്ക് മുറിയിലേക്ക് മാറ്റി. മാനസികാരോഗ്യം വിലയിരുത്തി വിദ്യാർഥികളെ കൗൺസലിങ്ങിനു വിധേയമാക്കാനും ബോർഡ് യോഗം തീരുമാനിച്ചു. പ്രിൻസിപ്പൽ ഡോ.മിറിയം വർക്കി അധ്യക്ഷത വഹിച്ചു.
വാഹന ഉടമയ്ക്ക് ആർടിഒ നോട്ടിസ് നൽകി
കളർകോട്ട് അപകടത്തിൽപെട്ട മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഉടമയ്ക്ക് ആർടിഒ എ.കെ.ദിലു നോട്ടിസ് നൽകി. മൂന്നു ദിവസത്തിനുള്ളിൽ ആർടിഒയ്ക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണു നോട്ടിസ്. അപകടത്തിൽപെട്ട വാഹനം വാടകയ്ക്ക് എടുത്തതാണെന്നു മോട്ടർ വാഹന വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടികളുടെ ഭാഗമായാണു വാഹന ഉടമയ്ക്കു പറയാനുള്ളതു കേൾക്കുന്നത്