ലൈബ്രേറിയൻ ഇല്ല, കെട്ടിടവും തകർച്ചയിൽ; നൂറനാട് ലെപ്രസി സാനറ്റോറിയം വായനശാല അടഞ്ഞിട്ട് ഒരു വർഷം
Mail This Article
ചാരുംമൂട്∙ തിരുവിതാംകൂറിന്റെ ചരിത്രം അടങ്ങുന്ന നിരവധി താളിയോല ഗ്രന്ഥങ്ങൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ വായനശാലയുടെ പ്രവർത്തനം അവഗണനയിൽ. ഒരു വർഷക്കാലമായി വായനശാല പൂട്ടിക്കിടക്കുകയാണ്. നിലവിൽ ലൈബ്രേറിയൻ ഇല്ല എന്ന കാരണത്താലാണ് വായനശാല പൂട്ടിയിട്ടിരിക്കുന്നതെങ്കിലും ഏതു സമയവും നിലംപൊത്താവുന്ന തരത്തിലാണ് വായനശാല കെട്ടിടം.
1936ൽ തിരുവിതാംകൂർ മഹാരാജാവ് നൂറനാട് ലെപ്രസി സാനറ്റോറിയം തുടങ്ങിയപ്പോൾ അന്തേവാസികൾക്ക് വേണ്ടി വായനശാലയും ആരംഭിച്ചിരുന്നു. പ്രഗല്ഭരായ നേതാക്കളിൽ പലരും ഈ വായനശാല സന്ദർശിച്ചിട്ടുണ്ട്. പല പ്രസാധകരും പ്രസിദ്ധീകരണങ്ങൾ വായനശാലയിലേക്ക് സൗജന്യമായി നൽകിയിട്ടുമുണ്ട്. ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഇവിടുള്ളത്. ഇതോടൊപ്പം തിരുവിതാംകൂറിന്റെ ഭരണവും ചരിത്രവും അടങ്ങിയ താളിയോല ഗ്രന്ഥങ്ങളും സൂക്ഷിച്ചിട്ടുണ്ട്. വായനശാല ജനങ്ങൾക്കും അന്തേവാസികൾക്കും തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
സാനറ്റോറിയത്തിൽ അടുത്ത കാലത്ത് നഴ്സിങ് കോളജും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ വിദ്യാർഥികൾക്കും പ്രയോജനകരമായ രീതിയിൽ വായനശാല മാറ്റാവുന്നതാണ്. അഞ്ച് വർഷം മുൻപ് മനുഷ്യാവകാശ കമ്മിഷൻ വായനശാല സന്ദർശിക്കുകയും താളിയോല ഗ്രന്ഥങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. അലമാരകളിലിരിക്കുന്ന പുസ്തകങ്ങളും മറ്റും ചിതലരിക്കുകയാണ്. ലൈബ്രറി കെട്ടിടം സുരക്ഷിതമാക്കി വേണ്ട ജീവനക്കാരെ നിയമിച്ച് ലൈബ്രറി ജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നാണ് ആവശ്യം.