കുമ്പളംചിറ പാലത്തിന്റെ തൂണുകളിൽ മാലിന്യം അടിഞ്ഞു; ജലഗതാഗതം തടസ്സപ്പെട്ടു
Mail This Article
കുട്ടനാട് ∙ പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കു സമീപത്തെ കുമ്പളംചിറ പാലത്തിന്റെ തൂണുകളിൽ മാലിന്യം അടിഞ്ഞതോടെ ജലഗതാഗതം മുടങ്ങി. കിഴക്കൻ വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മുളകളും മരച്ചില്ലകളും മാലിന്യങ്ങളുമാണു പാലത്തിന്റെ തൂണുകളിൽ തടഞ്ഞു കിടക്കുന്നത്. തടി ബോട്ട് പാലത്തിനടിയിലൂടെ കടന്നുപോകാൻ ബുദ്ധിമുട്ടായതിനാൽ നെടുമുടിയിൽ നിന്നു കുമ്പളംചിറ പാലത്തിനു സമീപം വരെയാണു സർവീസ് നടത്തുന്നത്.
അതേസമയം ജലഗതാഗത വകുപ്പിന്റെ തന്നെ ഇരുമ്പു ബോട്ടുകൾ ഇതുവഴി സർവീസ് നടത്തി. ഒരു മാസത്തെ അറ്റകുറ്റപ്പണിക്കു ശേഷം കഴിഞ്ഞദിവസം കൊണ്ടുവന്ന തടി ബോട്ട് മാലിന്യത്തിന് ഇടയിലൂടെ കടന്നുപോകാൻ ശ്രമിച്ചതോടെ മാലിന്യത്തിലുണ്ടായിരുന്ന തടിയിൽ തട്ടി ബോട്ടിന്റെ അടിത്തട്ടിനു തകരാർ സംഭവിച്ചു.
നെടുമുടിയിൽ നിന്നു കിടങ്ങറയ്ക്കു രാവിലെ 7.25നു പുറപ്പെടുന്ന ബോട്ട് പാതിവഴിയിൽ സർവീസ് നിർത്തിയതോടെ കിടങ്ങറ, വെളിയനാട്, രാമങ്കരി, മണലാടി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളാണു ദുരിതത്തിലായത്. ഈ പ്രദേശങ്ങളിലെ ഒട്ടനവധി കുട്ടികളാണു പുളിങ്കുന്നിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്നത്. ബോട്ട് മുടങ്ങിയതോടെ ചില കുട്ടികൾ കാൽനടയായി സ്കൂളിലെത്തി. മറ്റുള്ളവർ കിടങ്ങറയിൽ നിന്ന് 9.30നു പുറപ്പെടുന്ന ബോട്ടിൽ കയറി ക്ലാസ് ആരംഭിച്ച ശേഷമാണു സ്കൂളുകളിൽ എത്തിയത്.
വേലിയിറക്ക സമയത്താണു പാലത്തിന്റെ തൂണുകളിൽ മാലിന്യം തടഞ്ഞു കിടന്നു ജലഗതാഗതത്തിനു തടസ്സമാകുന്നത്. രാവിലെ 10 മണിയോടെ വേലിയേറ്റ സമയത്തു പാലത്തിനടിയിലെ മാലിന്യങ്ങൾ നീങ്ങി ജലഗതാഗതം സാധ്യമാകും. വീണ്ടും ഉച്ചയ്ക്കുശേഷം വേലിയിറക്ക സമയത്തു മാലിന്യം പാലത്തിന്റെ തൂണിൽ അടിയുന്നതോടെ ജലഗതാഗതം മുടങ്ങുന്ന സ്ഥിതിയാണു കഴിഞ്ഞ 2 ദിവസങ്ങളിൽ ഉണ്ടായത്.