തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പത്തിയൂരിൽ യുഡിഎഫ് അട്ടിമറി; ആര്യാട് എൽഡിഎഫ് നിലനിർത്തി
Mail This Article
കായംകുളം/കലവൂർ∙ ജില്ലയിൽ എൽഡിഎഫിന്റെ 2 സിറ്റിങ് സീറ്റുകളിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഒരിടത്ത് യുഡിഎഫിന്റെ അട്ടിമറി വിജയം. പത്തിയൂർ പഞ്ചായത്തിലെ 12–ാം വാർഡിലാണ് യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ദീപക് എരുവ വിജയിച്ചത്. (ഭൂരിപക്ഷം 99).ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ അരുൺ ദേവ് വിജയിച്ചു (ഭൂരിപക്ഷം 1911). പത്തിയൂർ പഞ്ചായത്തിലെ 12–ാം വാർഡിലെ സിപിഎം അംഗമായിരുന്ന ജയകുമാരി മരിച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. 2020ലെ തിരഞ്ഞെടുപ്പിൽ 44 വോട്ടിന് പരാജയപ്പെട്ട ദീപക്കിന് വിജയം മധുരപ്രതികാരമായി.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ്.
എൽഡിഎഫിനു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 55 വോട്ടും എൻഡിഎക്ക് 15 വോട്ടും കുറഞ്ഞു.യുഡിഎഫിന് 88 വോട്ട് വർധിച്ചു. പഞ്ചായത്തിലെ ഇപ്പോഴത്തെ കക്ഷിനില എൽഡിഎഫ്–13, ബിജെപി–4, യുഡിഎഫ്–2 ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിൽ സിപിഎം അംഗമായിരുന്ന എം.രജീഷിന്റെ മരണത്തെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. 2020 ലെ തിരഞ്ഞെടുപ്പിൽ 2171 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വിജയിച്ചത്. ഇത്തവണ അരുൺദേവിന്റെ വിജയം 1911 വോട്ടിന്റെ ഭൂരിപക്ഷത്തിലും.ആര്യാട് ബ്ലോക്കിലെ കക്ഷിനില: എൽഡിഎഫ്– 11, യുഡിഎഫ് – 2
കോട്ടയിൽ കാലിടറി സിപിഎം
കായംകുളം∙ പത്തിയൂരെന്ന ഉരുക്കുകോട്ടയിലെ പരാജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. പഞ്ചായത്തിന്റെ രൂപീകരണം മുതൽ 6 പതിറ്റാണ്ടായി സിപിഎമ്മിനാണ് പത്തിയൂരിലെ ഭരണം. 12–ാം വാർഡായ എരുവ സിപിഎം തുടർച്ചയായി ജയിക്കുന്ന സീറ്റും.പക്ഷേ ജില്ലാ, ഏരിയ നേതാക്കൾ ക്യാംപ് ചെയ്തു തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയിട്ടും കോട്ട കാക്കാൻ സിപിഎമ്മിനായില്ല. ഏറെക്കാലമായി പുകയുന്ന വിഭാഗീയ പ്രശ്നങ്ങളാണ് പരാജയത്തിനു കാരണമെന്നു പ്രവർത്തകർ തന്നെ പറയുന്നു. പാർട്ടിയിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ നേതൃത്വം സ്വീകരിച്ച നിലപാടിനോടുള്ള അണികളുടെ പ്രതിഷേധവും വോട്ടായി മാറി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലായിരുന്നു ഈ പ്രതിഷേധത്തിന്റെ രുചി സിപിഎം ആദ്യമറിഞ്ഞത്. ചരിത്രത്തിലാദ്യമായി പത്തിയൂർ പഞ്ചായത്തിൽ സിപിഎം രണ്ടാമതായി. ബിജെപിയായിരുന്നു ഒന്നാമത്. ചില വാർഡുകളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തായി.ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎം ഏരിയ കമ്മിറ്റി അംഗം ബിപിൻ സി.ബാബു പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതും പത്തിയൂരിൽ സിപിഎമ്മിനു തിരിച്ചടിയായിരുന്നു. എന്നാൽ ബിപിന്റെ വരവ് കൊണ്ടു ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല.
സിപിഎം നേതൃത്വത്തിനെതിരെയുള്ള ജനവികാരം യുഡിഎഫിനുള്ള വോട്ടായി മാറിയപ്പോൾ എൽഡിഎഫിനും ബിജെപിക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വോട്ടു കുറഞ്ഞു. ഇന്ന് ആരംഭിക്കുന്ന സിപിഎം കായംകുളം ഏരിയ സമ്മേളനത്തിലും പത്തിയൂരിലെ പരാജയം ചൂടുള്ള ചർച്ചയാകുമെന്നുറപ്പ്.
പത്തിയൂർ പഞ്ചായത്തിലെ വോട്ടുനിലദീപക് എരുവ (യുഡിഎഫ്) 575 സി.എസ്. ശങ്കരപ്പിള്ള(എൽഡിഎഫ്) 476 ബിജുആമ്പക്കാട്(ബിജെപി) 391 ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വോട്ടുനില അരുൺ ദേവ് (എൽഡിഎഫ്) 4022ഷൈൻ മങ്കടക്കാട് (യുഡിഎഫ്) 2111ഡി.പ്രസാദ് (ബിജെപി) 648