48% നിർമാണം പൂർത്തിയായി അരൂർ– തുറവൂർ ഉയരപ്പാത; 354 തൂണുകളിൽ 290 എണ്ണം പണി തീർന്നു
Mail This Article
തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാതയുടെ 48% നിർമാണം പൂർത്തിയായി. ഉയരപ്പാതയിൽ ആകെയുള്ള 354 തൂണുകളിൽ 290 എണ്ണത്തിന്റെയും നിർമാണം പൂർത്തിയായി. തൂണുകൾക്കു മുകളിൽ 702 ഗർഡറുകളാണ് ഇതുവരെ സ്ഥാപിച്ചത്. തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ, അരൂർ എന്നിവിടങ്ങളിൽ ഗർഡറുകൾക്കു മുകളിൽ തട്ട് കോൺക്രീറ്റിങ്ങും തുടങ്ങി.
തുറവൂർ ജംക്‌ഷനിൽ നിന്നു വടക്കോട്ട് 3 കിലോമീറ്റർ ഭാഗത്തു ഗർഡറുകൾ സ്ഥാപിച്ചതിൽ ഒന്നര കിലോമീറ്ററിലേറെ ഭാഗത്തെ കോൺക്രീറ്റിങ് പൂർത്തിയായി. ആകെ 2.75 കിലോമീറ്റർ റോഡിൽ കോൺക്രീറ്റിങ് പൂർത്തിയായി. കോൺക്രീറ്റിനു മുകളിൽ മൂന്നു പാളികളായി രണ്ടര ഇഞ്ച് കനത്തിലാണു ടാർ ചെയ്യുക. മീഡിയനും വശങ്ങളിലെ സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കാനുണ്ട്.
തൂണിനു മുകളിലെ തട്ട് കോൺക്രീറ്റിങ് കഴിഞ്ഞ ഭാഗങ്ങളിൽ തൂണുകൾക്കു താഴെ ഇരുമ്പ് ബാരിക്കേഡുകളും അഴിച്ചു മാറ്റുന്നുണ്ട്. തൂണുകൾക്കു മുകളിലെ റോഡിൽ മഴവെള്ളം കെട്ടി നിൽക്കാതിരിക്കാൻ ഓവുചാൽപൈപ്പുകൾ സ്ഥാപിച്ച് വെള്ളം താഴേക്ക് ഒഴുക്കും. താഴത്തെ നാലുവരിപ്പാതയുടെ ഇരുവശങ്ങളിലും നിർമിക്കുന്ന ഓടയിലേക്കാണു ഓവുചാൽപൈപ്പുകൾ ബന്ധിപ്പിക്കുക.
തുടർച്ചയായ മഴ മാറിയതോടെ ജോലികൾ വേഗത്തിലാക്കിയെന്നു നിർമാണ കമ്പനി അധികൃതർ പറഞ്ഞു. അടുത്ത വർഷം നവംബറോടെ ഗർഡറുകൾ പൂർണമായി സ്ഥാപിക്കാനാകുമെന്നാണു നിർമാണക്കമ്പനിയുടെ പ്രതീക്ഷ.