നെഹ്റു ട്രോഫി: ക്ലബ്ബുകളും വള്ളസമിതികളും ചോദിക്കുന്നു ‘മന്ത്രീ, പണമെവിടെ’ ?
Mail This Article
ആലപ്പുഴ ∙ സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഗ്രാന്റ് നൽകാത്തതിനാൽ നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസ് ഇതുവരെ പുർണമായി നൽകിയില്ല. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലും വള്ളംകളി ഉദ്ഘാടന വേദിയിലും ‘എൻടിബിആർ സൊസൈറ്റി എപ്പോൾ ആവശ്യപ്പെട്ടാലും പണം നൽകാൻ തയാർ’ എന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആവർത്തിച്ചു പറഞ്ഞിരുന്നു. പക്ഷേ, പ്രഖ്യാപനവും വള്ളംകളിയും കഴിഞ്ഞു രണ്ടര മാസമായിട്ടും ഗ്രാന്റ് അനുവദിച്ചില്ല, വള്ളങ്ങൾക്കു ബോണസും പൂർണമായി നൽകിയില്ല.വള്ളങ്ങൾക്കു ബോണസ് കിട്ടാത്തതിനാൽ തുഴച്ചിലുകാർക്കുള്ള കൂലി പോലും നൽകാനാകാത്ത സ്ഥിതിയിലാണു പല ക്ലബ്ബുകളും. പലിശയ്ക്കു പണം വാങ്ങി മത്സരത്തിനു തയാറെടുത്തവരും കടം വീട്ടാനാകാതെ പ്രതിസന്ധിയിലാണ്. ഈ വർഷം അധികം മത്സരങ്ങൾ ഇല്ലാതിരുന്നതിനാൽ ചെറുവള്ളങ്ങളുടെ സ്ഥിതിയാണു കൂടുതൽ പ്രതിസന്ധിയിലായത്.
ബോണസ് ഇനത്തിൽ ചുണ്ടൻവള്ളങ്ങൾക്ക് ഒരു ലക്ഷം വീതവും മറ്റു വള്ളങ്ങൾക്ക് 25,000 രൂപ വീതവും മത്സരത്തിനു മുൻപു നൽകിയിരുന്നു. ബാക്കി ബോണസ് നൽകുന്നതിന് ഒരു കോടിയോളം രൂപ ആവശ്യമാണ്. നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപനയിലൂടെ ഏകദേശം 73 ലക്ഷം രൂപയും പരസ്യ വരുമാനത്തിലൂടെ 60 ലക്ഷം രൂപയുമാണു ലഭിച്ചത്. ഈ തുകയുടെ ഭൂരിഭാഗവും ഇതിനകം ചെലവായി. പവിലിയനും പന്തലും ട്രാക്കും ഒരുക്കിയതിനായി 50 ലക്ഷം രൂപ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിക്കു നൽകിയിട്ടുണ്ട്.
വള്ളംകളി മാറ്റിവച്ചതു കൊണ്ടു കരാറുകാർക്കുണ്ടായ നഷ്ടം പരിഹരിക്കാനുള്ള തുകയും നൽകണം. മറ്റു സബ് കമ്മിറ്റികൾക്കും മുഴുവൻ തുകയും നൽകിയിട്ടില്ല. ഗ്രാന്റ് ലഭിച്ചെങ്കിലെ ഇവയ്ക്കെല്ലാം പണം നൽകാനാകൂ.നെഹ്റു ട്രോഫി വള്ളംകളിയെ ചാംപ്യൻസ് ബോട്ട് ലീഗിൽ നിന്ന് ഒഴിവാക്കിയതിനാൽ ഒരു കോടി ഗ്രാന്റിനു പുറമേ 50 ലക്ഷം രൂപ ധനസഹായം ലഭ്യമാക്കണമെന്നും എൻടിബിആർ സൊസൈറ്റി വിനോദ സഞ്ചാര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലും തീരുമാനമുണ്ടായിട്ടില്ല.