വെൺമണിയിൽ നാട്ടിലിറങ്ങിയ 5 കാട്ടുപന്നികളെ കൊന്നു
Mail This Article
ചെങ്ങന്നൂർ ∙ നാടു കീഴടക്കി കാട്ടുപന്നികൾ വിലസുന്നു, കാട്ടുപന്നിശല്യം ചെറുക്കാൻ തോക്കെടുത്ത വെൺമണി പഞ്ചായത്തിൽ 5 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വെൺമണി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കർഷകർക്കും പൊതുജനങ്ങൾക്കും ശല്യമായ കാട്ടുപന്നികളെ ലൈസൻസ്ഡ് ഷൂട്ടർ ദിലീപ് കോശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം രാത്രി വെടിവച്ചു കൊന്നത്. നാലാം വാർഡിൽ ചാങ്ങമല ഭാഗത്തു നിന്നും ഒന്നും മൂന്നാം വാർഡിൽ കോടുകുളഞ്ഞിക്കരോട് നിന്നും 4 പന്നികളെയും കൊന്നൊടുക്കി. ഇവയെ നിയമാനുസൃതം സംസ്കരിച്ചതായി വൈസ് പ്രസിഡന്റ് പി.ആർ.രമേശ് കുമാർ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി പഞ്ചായത്തിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നാശം വരുത്തുകയാണ്. ചാങ്ങമല ഭാഗത്ത് ഈയിടെ കിണറ്റിൽ ചത്തനിലയിൽ പന്നിയെ കണ്ടെത്തിയിരുന്നു.
അതേസമയം ചെങ്ങന്നൂർ താലൂക്കിൽ കൂടുതൽ പ്രദേശങ്ങളിലേക്കു കാട്ടുപന്നികൾ വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം നഗരസഭയിൽ ബഥേൽ, പാണ്ഡവൻപാറ വാർഡുകളിൽ കാട്ടുപന്നികളെ കണ്ടു. കഴിഞ്ഞ ദിവസം പുലർച്ചെ കല്ലുവരമ്പ് ഭാഗത്ത് കാട്ടുപന്നികൾ സഞ്ചരിക്കുന്നതായുള്ള സിസി ടിവി ദൃശ്യവും ലഭിച്ചു. ദിവസങ്ങൾക്കു മുൻപു പുലിയൂർ പേരിശേരിയിലും കാട്ടുപന്നികളെ കണ്ടിരുന്നു. തുടക്കത്തിൽ മുളക്കുഴ പഞ്ചായത്തിൽ മാത്രമുണ്ടായിരുന്ന കാട്ടുപന്നികൾ വെൺമണി, ചെറിയനാട്, ആലാ, പുലിയൂർ പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും വ്യാപിക്കുകയായിരുന്നു. കൃഷിനശിപ്പിക്കുന്നതു പതിവായതോടെ കർഷകരിൽ പലരും കൃഷി ഉപേക്ഷിച്ച മട്ടാണ്. നഗരസഭാപ്രദേശത്തെ കാടുകയറി കിടക്കുന്ന പുരയിടങ്ങൾ വൃത്തിയാക്കണമെന്ന് അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും ഫലവത്തായിട്ടില്ല.